മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അഭിരാമി. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കഥാപുരുഷൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.
പിന്നീട് ഞങ്ങൾ സന്തുഷ്ടരാണ്, മേഘസന്ദേശം, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ താരം മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടി. പ്രത്യേകിച്ച് ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലെ ഗീതു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർ ഓർമ്മിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ഒരു അഭിമുഖത്തിനിടെ അഭിരാമി പങ്കുവെച്ച രസകരമായ മറുപടികളാണ്. സിനിഉലകം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ ഒരു സെഗ്‌മെന്റിൽ രണ്ട് താരങ്ങളുടെ പേരുകൾ പറഞ്ഞ് ഒരാളെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു അവതാരകൻ. അതിന് അഭിരാമി നൽകിയ ഉത്തരങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്.
അഭിരാമി, Photo: YouTube/ Screengrab
ആദ്യം ധനുഷും ശിവകാർത്തികേയനും തമ്മിൽ ഒരാളെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഇരുവരുമായും താൻ ഇതുവരെ പ്രവർത്തിച്ചിട്ടില്ലെങ്കിലും ശിവകാർത്തികേയനെയാണ് കൂടുതൽ ഇഷ്ടമെന്ന് അഭിരാമി പറഞ്ഞു.
തുടർന്ന് ശിവകാർത്തികേയനോ വിജയ് സേതുപതിയോ എന്ന ചോദ്യത്തിന് വിജയ് സേതുപതിയെയായിരുന്നു താരം തെരഞ്ഞെടുത്തത്. വിജയ് സേതുപതിയോ നാനിയോ എന്ന ചോദ്യത്തിൽ നാനിക്കായിരുന്നു മുൻഗണന.
എന്നാൽ നാനിയോ വിജയ് യോ എന്ന ചോദ്യമെത്തിയപ്പോൾ അഭിരാമിയുടെ മറുപടി വളരെ വേഗത്തിലായിരുന്നു. യാതൊരു സംശയവും കൂടാതെ വിജയിയെയാണ് താരം തെരഞ്ഞെടുത്തത്. പിന്നീട് വിജയിയോ അജിത്തോ എന്ന ചോദ്യത്തിനും വിജയി തന്നെയായിരുന്നു മറുപടി. വിജയിയോ മോഹൻലാലോ എന്ന ചോദ്യമെത്തിയപ്പോഴും അഭിരാമി വിജയിയോടുള്ള തന്റെ ഇഷ്ടം മറച്ചുവെച്ചില്ല. മോഹൻലാലിനെക്കാൾ വിജയിയെയാണ് കൂടുതൽ ഇഷ്ടമെന്ന് താരം തുറന്നു പറഞ്ഞു.
എന്നാൽ അടുത്ത ചോദ്യത്തിൽ സ്ഥിതി മാറി. വിജയിയോ മമ്മൂട്ടിയോ എന്ന ചോദ്യത്തിന് മമ്മൂട്ടിയെയായിരുന്നു അഭിരാമി തെരഞ്ഞെടുത്തത്. തുടർന്ന് മമ്മൂട്ടിയോ രജനികാന്തോ എന്ന ചോദ്യത്തിലും മമ്മൂട്ടി തന്നെയായിരുന്നു താരത്തിന്റെ തെരഞ്ഞെടുപ്പ്. ഇതോടെയാണ് അഭിമുഖം കൂടുതൽ ശ്രദ്ധ നേടിയത്.
എന്നാൽ ഏറ്റവും രസകരമായ നിമിഷം പിന്നീടായിരുന്നു. മമ്മൂട്ടിയോ കമൽഹാസനോ എന്ന ചോദ്യമെത്തിയപ്പോൾ അഭിരാമി ചെറുചിരിയോടെ ‘ഇതിന് ഞാൻ മറുപടി പറയേണ്ട കാര്യമുണ്ടോ?’ എന്നായിരുന്നു ചോദിച്ചത്. തുടർന്ന് കമൽഹാസനെയാണ് തിരഞ്ഞെടുക്കുന്നതെന്നും അതിൽ യാതൊരു സംശയവുമില്ലെന്നും താരം വ്യക്തമാക്കി.
അഭിരാമിയുടെയും കമൽഹാസന്റെയും ബന്ധം ആരാധകർക്ക് സുപരിചിതമാണ്. 2004ൽ പുറത്തിറങ്ങിയ വിരുമാണ്ടി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്. ചിത്രത്തിൽ കമൽഹാസന്റെ നായികയായി എത്തിയ അഭിരാമിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ചിത്രത്തിന് ശേഷമാണ് താരം സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തത്.
കൂടാതെ വിക്രം സിനിമയുടെ വിജയാഘോഷ ചടങ്ങിൽ അഭിരാമിയെക്കുറിച്ച് കമൽഹാസൻ പറഞ്ഞ വാക്കുകളും വലിയ ശ്രദ്ധ നേടിയിരുന്നു. ഇരുവരും വീണ്ടും ഒരുമിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്. അതുകൊണ്ടുതന്നെ മമ്മൂട്ടിയേക്കാൾ കമൽഹാസനെയാണ് തെരഞ്ഞെടുക്കുന്നതെന്ന അഭിരാമിയുടെ മറുപടി ആരാധകർക്ക് അതിശയമല്ലെങ്കിലും, സോഷ്യൽ മീഡിയയിൽ അത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.