കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ സൈജു കുറുപ്പ് നായകകനായി എത്തിയ ഒരു പക്കാ ഡാർക്ക് ഹ്യൂമർ ചിത്രമാണ് ഭരതനാട്യം 2 മോഹിനിയാട്ടം. ചിത്രത്തിലെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ ഫേവറൈറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു കഴിഞ്ഞു. ഒരു കോമഡി ചിത്രം എന്നതിലുപരി, മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മുഹൂർത്തങ്ങളെയും ഡയലോഗുകളെയും അതിമനോഹരമായി കോർത്തിണക്കിയ ഒരു ബ്രില്യന്റ് റഫറൻസ് ചിത്രമാണ് മോഹിനിയാട്ടം.
ചിത്രത്തിൽ ഗെയിം ചേഞ്ച്ഴ്‌സ് ആയി എത്തി സിനിമയുടെ ഗ്രാഫ് തന്നെ മാറ്റിമറിച്ച രണ്ട് കഥാപാത്രങ്ങളാണ് ജൂനിയർ സുഭാഷും സീനിയർ സുഭാഷും.
തമിഴ് ചിത്രം ‘ഏഴാം അറിവ്’ലെ മൂവി റഫറൻസിലൂടെയായിരുന്നു സീനിയർ സുഭാഷിന്റെ മാസ് എൻട്രി.
‘ഞാൻ ഒരു ഫുൾ പടത്തിൽ നോക്കിയിട്ട് പറ്റാത്തതാണ് അവൻ സെക്കന്റ് ഹാഫിന്റെ തുടക്കത്തിൽ തന്നെ ഒപ്പിച്ചത്. പക്ഷെ ഇനി എന്റെ റഡാർ വിട്ട് അവൻ എവിടെയും പോവില്ല’,എന്ന ഒറ്റ ഡയലോഗിലൂടെ സീനിയർ സുഭാഷ് തിയേറ്ററുകളിൽ കൈയടി നേടി.
സീനിയർ സുഭാഷിന്റെ കോസ്റ്റ്യൂമുകളും ചിത്രത്തിൽ ശ്രദ്ധേയമാണ്. സാധാരണക്കാരന്റെ ജീവിത ശൈലികൾ തികച്ചും നാച്ചുറലായി തന്നെയാണ് കഥാപാത്രത്തെ അവതരിപ്പിച്ച അഭിറാം രാധാകൃഷ്ണൻ ചെയ്തിരിക്കുന്നത്. രാത്രിയിൽ മുണ്ട് കഴുത്തിൽ കെട്ടിയ ഐഡിയ തന്റേതായിരുന്നു എന്നും, ചിത്രത്തിൽ തന്റേതായ ചില കാര്യങ്ങളും ഉള്പെടുത്തിയിട്ടുണ്ടെന്നും ‘ദി ഷോ സ്‌കേപ്പ് ജേർണൽ’ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിറാം പറയുന്നു.
‘ഒന്ന് രണ്ട് ദിവസത്തേക്ക് പോയതുകൊണ്ട് അധികം ഡ്രസ്സുകൾ കയ്യിലുണ്ടായിരുന്നില്ല. ബാഗിൽ പുറത്തുപോകാൻ ഇടുന്ന ഷർട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിൽ ഇടാൻ ഒന്നുമില്ലാത്തപ്പോഴാണ് കോമഡിക്കായി ഗോപന്റെ വലിയ ടി-ഷർട്ട് എടുത്തുപയോഗിച്ചത്.
രാത്രി മുണ്ട് കഴുത്തിൽ കെട്ടിയ ഐഡിയ എന്റേതായിരുന്നു. പണ്ടുകാലത്ത് നാട്ടിലെ ആളുകൾ കാണിക്കാറുള്ള ഒരു ശൈലിയാണത്. ഓരോ സീൻ തുടങ്ങുമ്പോഴും സ്ക്രിപ്റ്റിൽ ഉള്ളതിനപ്പുറം നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നോക്കാറുണ്ട്. ഈ കഥാപാത്രം കിട്ടിയപ്പോൾ നാട്ടിലെ കുറെ ചേട്ടന്മാരെയാണ് ഓർമ്മ വന്നത്. ചുറ്റുമുള്ളവരെ നിരീക്ഷിക്കുന്നത് കൊണ്ട് ഇത് നന്നായി ചെയ്യാൻ സാധിച്ചു.’ അഭിറാം പറയുന്നു.
ആദ്യ ഭാഗമായ ‘ഭരതനാട്യ’ത്തിൽ നിന്നും ‘മോഹിനിയാട്ട’ത്തിലേക്ക് എത്തുമ്പോൾ സുഭാഷ് എന്ന കഥാപാത്രത്തിന് ഒരു ക്യാരക്ടർ ബിൽഡിങ് തന്നെ ആണ് സംഭവിച്ചിരിക്കുന്നത്. ഒന്നാം ഭാഗത്തിൽ നായകനെതിരായി നിന്ന് പ്രേക്ഷകരെ വെറുപ്പിച്ച സുഭാഷ്, രണ്ടാം ഭാഗത്തിൽ നായകന് സപ്പോർട്ടുമായി വന്ന് സിനിമയുടെ ഗ്രാഫ് തന്നെ മാറ്റി. അങ്ങനെ എല്ലാവരും വെറുത്ത ഒരു കഥാപാത്രത്തിൽ നിന്നും എല്ലാവർക്കും പ്രിയപ്പെട്ടവനായി സുഭാഷ് മാറി.
ഏഴാം അറിവ് മുതൽ ദൃശ്യം, വേഷം, ഹൃദയം, ദശരഥം എന്നിങ്ങനെ നീളുന്നു റഫറൻസുകളുടെ പെരുമഴ. സോഷ്യൽ മീഡിയയിലാകെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമായി തുടരുകയാണ്.
Content Highlight: Abhiram Radhrishanan Talks About Mohiniyattam Movie