| Tuesday, 19th May 2026, 12:18 pm

'ജാൻ.എ.മൻ' ലെ സൂപ്പർമാൻ സീൻ ഒഴിവാക്കാമെന്ന് പറഞ്ഞു, പക്ഷേ അതിനായിരുന്നു തിയേറ്ററിൽ വൻ കയ്യടി’: അഭിരാം രാധാകൃഷ്ണൻ

നന്ദന എം.സി

മലയാള സിനിമയിൽ വ്യത്യസ്തമായ ഹ്യൂമറും എന്റർടെയ്ൻമെന്റും കൊണ്ട് വലിയ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ജാൻ.എ.മൻ. ചിദംബരത്തിന്റെ ആദ്യ സംവിധാനത്തിൽ പിറന്ന ചിത്രം തിയേറ്ററുകളിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു.

ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും വൈറലായ ഒരു സീനിനെ കുറിച്ചുള്ള രസകരമായ ഓർമ പങ്കുവെച്ചിരിക്കുകയാണ് നടൻ അഭിരാം രാധാകൃഷ്ണൻ.

ദി ഷോ സ്‌കേപ്പ് ജേർണലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. സിനിമയിലെ സൂപ്പർമാൻ സീക്വൻസ് ആദ്യം കേട്ടപ്പോൾ അത് പ്രേക്ഷകർക്ക് വർക്ക് ആവില്ലെന്നായിരുന്നു തന്റെ ധാരണയെന്ന് അഭിരാം പറയുന്നു.

അഭിരാം രാധാകൃഷ്ണൻ, Photo: IMDb

എന്നാൽ പിന്നീട് അതേ സീനിനാണ് തിയേറ്ററുകളിൽ ഏറ്റവും വലിയ കയ്യടി ലഭിച്ചതെന്നും താരം ചിരിച്ചുകൊണ്ട് ഓർത്തെടുത്തു.

‘ജാൻ.എ.മൻ’ ലെ സൂപ്പർമാൻ സീക്വൻസ് വർക്ക് ആവില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നെ സൂപ്പർമാനായി കണ്ടിട്ട് നാട്ടുകാർക്ക് ഇപ്പോൾ എന്താ എന്നൊരു മൈൻഡ് ആയിരുന്നു.

പക്ഷേ ആ സീനുകളെല്ലാം മുൻകൂട്ടി എഴുതിയതായിരുന്നു. നമ്മൾ അത് അതുപോലെ എക്സിക്യൂട്ട് ചെയ്തു എന്നെ ഉള്ളു,’ എന്നാണ് അഭിരാം പറഞ്ഞത്.

സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങളും താരം അഭിമുഖത്തിൽ പങ്കുവെച്ചു. ഒരു രാത്രിയുടെ കഥ പറയുന്ന സിനിമയായതിനാൽ ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും രാത്രിയിലായിരുന്നുവെന്ന് അഭിരാം പറയുന്നു.

‘വൈകിട്ട് ആറുമണിക്ക് ഷൂട്ട് തുടങ്ങിയാൽ രാവിലെ ആറുമണി വരെയായിരുന്നു. ആ സൂപ്പർമാൻ ഷോട്ട് എടുക്കുമ്പോഴേക്കും ഏകദേശം പുലർച്ചെ അഞ്ചരയായി.

വെളിച്ചം വന്നുതുടങ്ങിയ സമയം. അപ്പോൾ ഞാൻ ചോദിച്ചു, ഈ സീനിന്റെ ആവശ്യമുണ്ടോ, ഒഴിവാക്കിയാലും കുഴപ്പമില്ലല്ലോ എന്ന്. പക്ഷേ ചിദംബരം പറഞ്ഞത്, ‘ഇല്ല, ഇത് ഒഴിവാക്കാൻ പറ്റില്ല, ഇതാണ് സിനിമയുടെ മെയിൻ സംഭവം’ എന്നായിരുന്നു,’ അഭിരാം പറഞ്ഞു.

സംവിധായകന്റെ ആ ആത്മവിശ്വാസം പിന്നീട് എത്രത്തോളം ശരിയായിരുന്നുവെന്ന് തിയേറ്റർ പ്രതികരണങ്ങൾ തെളിയിച്ചുവെന്നും താരം പറയുന്നു.

‘തിയേറ്ററിൽ പോയപ്പോൾ ആ സീനിന് വൻ കയ്യടിയായിരുന്നു. അപ്പോഴാണ് എന്റെ ജഡ്ജ്‌മെന്റ് തെറ്റായിരുന്നു എന്ന് മനസിലായത്,’ എന്നാണ് അഭിരാമിന്റെ വാക്കുകൾ.

Content Highlight: Abhiram Radhakrishnan talk about the movie Jan.E.Man

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more