2015ല്‍ പുറത്തിറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചയാളാണ് അഭിരാം രാധാകൃഷ്ണന്‍. പിന്നീട് മലയാളത്തില്‍ ചെറുതും വലുതുമായ വേഷങ്ങളിലായി മുപ്പതോളം ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അഞ്ചാം പാതിര, ഉണ്ട, ജാന്‍.എ.മന്‍, ഫാലിമി, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് വലിയ രീതിയില്‍ പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളായിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യവും ഭരതനാട്യം 2 മോഹിനിയാട്ടവും.
ആദ്യഭാഗം പരാജയപ്പെട്ടെങ്കിലും വന്‍ വിജയമായിരുന്നു ഏപ്രിലില്‍ തിയേറ്ററുകളിലെത്തിയ ഭരതനാട്യം 2 മോഹിനിയാട്ടത്തിന് ലഭിച്ചത്. ചിത്രത്തില്‍ വലിയ കൈയടിയായിരുന്നു അഭിരാം അവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രത്തിന് ലഭിച്ചത്. ചിത്രത്തില്‍ ബേബി ജീന്‍ അവതരിപ്പിച്ച സുഭാഷ് ജൂനിയറും അഭിരാമിന്റെ സുഭാഷ് സീനിയറും മികച്ച കോമ്പിനേഷനായിരുന്നു കാഴ്ചവെച്ചത്.
ഇപ്പോഴിതാ അഭിനയത്തില്‍ ഡയലോഗ് ഡെലിവറിയ്ക്കുള്ള പ്രാധാന്യത്തെ കുറിച്ചും സൂപ്പര്‍ താരം മമ്മൂട്ടിയില്‍ നിന്നും ഡയലോഗ് ഡെലിവറിയില്‍ താന്‍ പഠിച്ച കാര്യങ്ങളെ കുറിച്ചും അഭിരാം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ദി ഷോ സ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ഡയലോഗ് ഡെലിവറി നാച്ച്വറല്‍ ആണെന്ന് ആള്‍ക്കാര്‍ പറയാറുണ്ട്. പക്ഷേ അതുകൊണ്ട് എന്താണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല. കൊള്ളാമെന്നാണ് അല്ലെങ്കില്‍ നല്ലതായിട്ടാണ് അവര്‍ പറയുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരു ഡയലോഗ് പറയാന്‍ കിട്ടിക്കഴിഞ്ഞാല്‍ അത് എങ്ങനെ പറയാന്‍ പറ്റുമെന്നാണ് നമ്മള്‍ നോക്കാറുള്ളത്. നാടകത്തില്‍ അഭിനയിക്കുമ്പോള്‍ അങ്ങനെയാണല്ലോ. അതേ ഡയലോഗ് ഒരുപാട് പ്രാവിശ്യം പറഞ്ഞ് നോക്കി ഒരു മീറ്റര്‍ അങ്ങോട്ട് സെറ്റ് ആക്കി വെക്കുകയാണ് ചെയ്യാറുള്ളത്.
അത് ഒരു ശീലമായിരുന്നു. ആ ശീലമാണ് ഇപ്പോള്‍ സിനിമയിലും നമ്മളെ ഹെല്‍പ് ചെയ്യുന്നത്. ഞാന്‍ മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ അദ്ദേഹം ഡയലോഗ് പറയുമ്പോള്‍ നല്‍കാറുള്ള സ്‌ട്രെസുകളും പോസുകളും എല്ലാം നല്ല രീതിയില്‍ ശ്രദ്ധിക്കാറുണ്ട്. അതെല്ലാം നമ്മള്‍ എന്താണ് പറയുന്നത് എന്നതിനെ നല്ല രീതിയില്‍ കണ്‍വേ ചെയ്യുന്നുണ്ട്,’ അഭിരാം രാധാകൃഷ്ണന്‍ പറഞ്ഞു.
Content Highlight: Abhiram Radakrishnan talks about Dialogue delivery and things learned from Mammootty
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.