മലയാളത്തില്‍ രണ്ടേ രണ്ട് ചിത്രങ്ങള്‍ക്കുള്ളില്‍ തന്നെ ഒരുപാട് തവണ ചര്‍ച്ച ചെയ്ത പേരാണ് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകിന്റേത്. 2022ല്‍ വിനീത് ശ്രീനിവാസനെ നായകനാക്കി പുറത്തിറക്കിയ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകന്റെ പേര് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായത്. ഡാര്‍ക്ക് കോമഡി ത്രില്ലര്‍ ഴോണറിലൊരുക്കിയ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച മുകുന്ദനുണ്ണി എന്ന അഭിഭാഷകന്‍ തെറ്റായ രീതികളിലൂടെ വിജയം നേടിയെടുക്കുന്നതിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം സ്ഥിരം കഥ പറച്ചില്‍ രീതികളെ പൊളിച്ചൊഴുതുന്ന രീതിയിലായിരുന്നു അവതരിപ്പിച്ചത്. ചിത്രത്തിന് ശേഷം സംവിധായകന്‍, നസ്‌ലെനെ നായകനാക്കി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിച്ച മോളിവുഡ് ടൈംസ് എന്ന ചിത്രവും ഇപ്പോള്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
ചിത്രവുമായി ബന്ധപ്പെട്ട് സിനി എക്‌സ്‌വേര്‍ട്ട് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന്റെ തിരക്കഥയെഴുതുന്നതില്‍ വന്ന കാലതാമസത്തെ കുറിച്ച് പറയുകയാണ് സംവിധായകനായ അഭിനവ് സുന്ദര്‍ നായക്. ചിത്രം എഴുതുന്നതിനിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുമായി സാമ്യത തോന്നിയതിനാലാണ് എഴുത്ത് നീണ്ടുപോയതെന്ന് സംവിധായകന്‍ പറയുന്നു.
‘അഞ്ചുവര്‍ഷത്തോളമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എഴുതാനായി എടുത്തത്. അതിനിടയില്‍ സാമ്യത തോന്നുന്ന പടങ്ങള്‍ വന്നു. ഉദാഹരണത്തിന് കുമ്പളങ്ങി നൈറ്റ്‌സ് ഇറങ്ങിയ സമയത്ത് ഷമ്മിയുടെ കഥാപാത്രവുമായിട്ട് ഒരുപാട് സാമ്യതകള്‍ വന്നു. അതിനെ തുടര്‍ന്ന് വീണ്ടും ഒരുപാട് മാറ്റി എഴുതേണ്ടി വന്നു. അതുപോലെ ട്രാന്‍സ് എഴുതിയ സമയത്ത് അതിലെ ചില രംഗങ്ങള്‍ നമ്മളെഴുതിയ സീനുകളുമായി സാമ്യത വന്നു.
ഇതെല്ലാം യാദൃശ്ചികമായി വന്ന കാര്യങ്ങളാണ്. പക്ഷേ അതിനെ തുടര്‍ന്ന് വീണ്ടും മാറ്റി എഴുതേണ്ടി വന്നു. അതിന് ശേഷം ജോജി എന്ന സിനിമ വന്നപ്പോഴും സമാനമായി ഒരുപാട് സീനുകള്‍ മാറ്റി എഴുതേണ്ടി വന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് ചെയ്യാന്‍ ഒരുപാട് സമയമെടുത്തതല്ല. ഈ കാരണങ്ങള്‍ കൊണ്ട് ചിത്രം ഡിലേ ആയതാണ്,’അഭിനവ് പറഞ്ഞു.
സക്‌സസ് ട്രിലോജി എന്ന ആശയത്തില്‍ അഭിനവ് സുന്ദര്‍ നായക് ഒരുക്കുന്ന ചിത്രത്തില്‍ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം രണ്ടാമത്തെ ചിത്രമാണ് മോളിവുഡ് ടൈംസ്. ചിത്രത്തില്‍ നസ്‌ലെന് പുറമെ അലക്‌സാണ്ടര്‍ പ്രദീപ്, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, ജഗദീഷ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: Abhinav Sunder Nayak talks about the time delay to write Mukundanunni associates
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.