നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. പ്രഖ്യാപനം മുതൽക്കേ ചിത്രത്തെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് ചെയ്യുന്ന ചിത്രം എന്ന രീതിയിലും മോളിവുഡ് ടൈംസ് ശ്രദ്ധ നേടി. ഇപ്പോൾ സമ്മിശ്രപ്രതികരണങ്ങൾ നേടി ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്.
‘എ ഹേറ്റ് ലെറ്റർ ടു സിനിമ’ എന്ന് പറഞ്ഞു കൊണ്ടാണ് സംവിധായകൻ മോളിവുഡ് ടൈംസിനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. മോളിവുഡ് ടൈംസ് ഒരു പേർസണൽ ഫിലിമാണെന്നും ജീവിതത്തിലെ ചില അനുഭവങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞിരുന്നു. സിനിമ സ്വപ്നം കണ്ടു വളരുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ‘വിനീത് മാധവൻ’ എന്ന നായക കഥാപാത്രത്തെയാണ് നസ്‌ലെൻ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ റിലീസിന് ശേഷം സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വരുന്നുണ്ട്. സെക്കൻഡ് ഹാഫ് ലാഗ് ആണെന്ന പൊതുവായ പരാമർശം നിലനിൽക്കെ സിനിമയെ കുറിച്ചുള്ള തന്റെ നിലപാടും അഭിപ്രായവും വ്യക്തമാക്കുകയാണ് മോളിവുഡ് ടൈംസിന്റെ സംവിധായകൻ അഭിനവ് സുന്ദർ നായക്. ഷോസ്ക്കേപ് ജേണൽ എന്ന ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സിനിമയിൽ പറയുന്ന കഥ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് തനിക്കു തോന്നിയിരുന്നു എന്നും അത് ഇപ്പോൾ തന്നെ പറയണമെന്നുണ്ടായിരുന്നു എന്നും അഭിനവ് പറയുന്നു. അത് ഇപ്പോൾ തന്നെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചതിൽ താൻ അഭിമാനിക്കുന്നു എന്നും അഭിനവ് കൂട്ടിച്ചേർത്തു.
‘സിനിമയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങൾ വരും എന്ന് എനിക്ക് അറിയാമായിരുന്നു. സെക്കന്റ് ഹാഫിൽ ലാഗുണ്ട് എന്നത് ശരിയാണ് . അങ്ങനെ പല അഭിപ്രായങ്ങളും വന്നേക്കാം. പക്ഷെ ഈ പടം 20 വർഷങ്ങൾ കഴിഞ്ഞാലും ഓർമിക്കപ്പെടും, അതിൽ എനിക്ക് ഒരു സംശയവും ഇല്ല.
കാരണം ഇതിൽ പറയാൻ ഉദ്ദേശിച്ചിരിക്കുന്ന കാര്യം വേറെ അരും പറഞ്ഞിട്ടില്ല. ആ ഒരു കാര്യത്തിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ ആഗ്രഹിച്ചതൊക്കെ എനിക്ക് പറയാൻ പറ്റി. ഭാവിയിൽ ഈ സിനിമ എല്ലാവരും ഓർക്കും ചർച്ച ചെയ്യപ്പെടും’ അഭിനവ് പറഞ്ഞു.
Content Highlight: Abhinav sunder Nayak talks about mollywood times