തിയേറ്ററിൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടാൽ വെടിവെക്കാൻ തോന്നും, 'മോളിവുഡ് ടൈംസി'ലെ നസ്‌ലെൻ ഞാൻ തന്നെയാണ്: അഭിനവ് സുന്ദർ നായക്
Malayalam Cinema
തിയേറ്ററിൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടാൽ വെടിവെക്കാൻ തോന്നും, 'മോളിവുഡ് ടൈംസി'ലെ നസ്‌ലെൻ ഞാൻ തന്നെയാണ്: അഭിനവ് സുന്ദർ നായക്
കെ.എസ് ഷാബിന
Wednesday, 3rd June 2026, 1:46 pm

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. പ്രഖ്യാപനം മുതൽക്കേ ചിത്രത്തെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയ‌യിൽ സജീവമാണ്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് ചെയ്യുന്ന ചിത്രം എന്ന രീതിയിലും മോളിവുഡ് ടൈംസ് ശ്രദ്ധ നേടുന്നു.

‘എ ഹേറ്റ് ലെറ്റർ ടു സിനിമ’ എന്ന് പറഞ്ഞു കൊണ്ടാണ് സംവിധായകൻ മോളിവുഡ് ടൈംസിനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. മോളിവുഡ് ടൈംസ് ഒരു പേർസണൽ ഫിലിമാണെന്നും ജീവിതത്തിലെ ചില അനുഭവങ്ങൾ ചിത്രത്തിൽ ഉൾപ്പെ ടുത്തിയിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞിരുന്നു. സിനിമ സ്വപ്നം കണ്ടു വളരുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ‘വിനീത് മാധവൻ’ എന്ന നായക കഥാപാത്രത്തെയാണ് നസ്‌ലെൻ അവതരിപ്പിക്കുന്നത്.

മോളിവുഡ് ടൈംസ്.Photo:Screengrab/Youtube

ചിത്രത്തിലെ ‘അപ്ന ഫ്രൈഡേ ആയേഗാ ‘ എന്ന ഗാനം നേരത്തെ പുറത്തുവന്നിരുന്നു. ഗാനത്തിൽ നസ്‌ലെൻ തിയേറ്ററിൽ സിനിമ കാണുമ്പോൾ പ്രേക്ഷകരിലൊരാൾ ഫോൺ ഉപയോഗിക്കുന്നത് കണ്ട്‌ തോക്കെടുത്തു വെടി വെക്കുന്ന ഒരു രംഗമുണ്ട്. ഇപ്പോൾ, അത് യഥാർത്ഥത്തിൽ താനാണെന്നും അത്, തിയേറ്ററിൽ ഫോൺ ഉപയോഗിക്കുന്നത് കാണുമ്പൊൾ അങ്ങനെ ചെയ്യാൻ തനിക്കു തോന്നാറുണ്ടെന്നും തുറന്ന് പറയുകയാണ് സംവിധായകൻ അഭിനവ് സുന്ദർ നായക്. ‘എം പവർ ബൈ മാധവൻ’എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിലെ ആ പാട്ടിൽ, നസ്‌ലെൻ തിയേറ്ററിൽ പോകുമ്പോൾ പ്രേക്ഷകരിലൊരാൾ ഫോൺ ഉപയോഗിക്കുന്നത് കാണാം. അത് കണ്ട് ദേഷ്യം വരുന്ന നസ്‌ലെൻ തോക്കെടുത്ത് വെടിവെക്കുന്ന ഒരു സീനുണ്ട്. പണ്ട് എന്റെ മനോഭാവവും, ഒരു സംവിധായകനെന്ന നിലയിൽ എന്റെ മാനസികാവസ്ഥയും അതുപോലെ തന്നെയായിരുന്നു.

മോളിവുഡ് ടൈംസ്.Photo:Screengrab/Youtube

തിയേറ്ററിൽ അങ്ങനെ കാണുമ്പോൾ പണ്ട് എനിക്ക് വലിയ ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ ആ ചിന്താഗതി മാറി; നമുക്ക് അതിൽ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ. കുട്ടിക്കാലത്ത് സിനിമ കാണുമ്പോൾ ആരെങ്കിലും സംസാരിക്കുന്നത് കണ്ടാൽ പോലും തോക്കെടുത്ത് വെടിവെക്കാൻ തോന്നുമായിരുന്നു. ‘മോളിവുഡ് ടൈംസി’ൽ നസ്‌ലെൻ കാണിക്കുന്നത് പോലുള്ള ഒരു സ്വഭാവമായിരുന്നു പണ്ട് എനിക്കും ഉണ്ടായിരുന്നത്’ അഭിനവ് പറയുന്നു.

ഇൻഡസ്ടറി ഹിറ്റായി മാറിയ ലോകഃ ക്കു ശേഷം നസ്‌ലെൻ നായകനാകുന്ന ‘മോളിവുഡ് ടൈംസ്’ ജൂൺ 5 ന് തിയേറ്ററുകളിൽ എത്തും. സിനിമാ മേഖലയിലെ പല യാഥാർത്ഥ്യങ്ങളും തുറന്നുകാട്ടുന്നതായിരിക്കും ഈ ചിത്രമെന്ന് സംവിധായകൻ അഭിനവ് സുന്ദർ നായക് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Abhinav sunder nayak says he is the real-life version of Naslen’s character in ‘Mollywood Times’

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.