'വർഷങ്ങൾക്കു ശേഷം' പോലെ സിനിമയെ റൊമാന്റിസൈസ് ചെയ്യുന്നത് ഇഷ്ട്ടമല്ല, സിനിമ അത്ര വലിയ സംഭവം ഒന്നുമല്ല : അഭിനവ് സുന്ദർ നായക്
Malayalam Cinema
'വർഷങ്ങൾക്കു ശേഷം' പോലെ സിനിമയെ റൊമാന്റിസൈസ് ചെയ്യുന്നത് ഇഷ്ട്ടമല്ല, സിനിമ അത്ര വലിയ സംഭവം ഒന്നുമല്ല : അഭിനവ് സുന്ദർ നായക്
കെ.എസ് ഷാബിന
Tuesday, 2nd June 2026, 2:09 pm

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്‌ത്‌ നസ്‌ലെൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. പ്രഖ്യാപനം മുതൽക്കേ ചിത്രത്തെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയ‌യിൽ സജീവമാണ്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് ചെയ്യുന്ന ചിത്രം എന്ന രീതിയിലും മോളിവുഡ് ടൈംസ് ശ്രദ്ധ നേടുന്നു.

‘എ ഹേറ്റ് ലെറ്റർ ടു സിനിമ’ എന്ന് പറഞ്ഞു കൊണ്ടാണ് സംവിധായകൻ മോളിവുഡ് ടൈംസിനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. മോളിവുഡ് ടൈംസ് ഒരു പേർസണൽ ഫിലിമാണെന്നും ജീവിതത്തിലെ ചില അനുഭവങ്ങൾ ചിത്രത്തിൽ ഉൾപെടുത്തിയിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞിരുന്നു.

മോളിവുഡ് ടൈംസ്.Photo: Times of India

സിനിമയെ അത്ര പുണ്യമായി താൻ കാണുന്നില്ലെന്നും അതിനെ അത്ര റൊമാന്റിസൈസ് ചെയ്യേണ്ട കാര്യമില്ലെന്നും ഇപ്പോൾ തുറന്ന് പറയുകയാണ് സംവിധായകൻ അഭിനവ് സുന്ദർ നായക്. ‘അഞ്ജലി ദി ഫോർത് വാൾ’ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘മോളിവുഡ് ടൈംസ്’ പൂർണമായും ഒരു ‘ഹേറ്റ് ലെറ്റർ’ സിനിമയല്ല. ഈ സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്താണ് വിനീത് ശ്രീനിവാസന്റെ ‘വർഷങ്ങൾക്കു ശേഷം’ റിലീസ് ആകുന്നത്. ആ ചിത്രം സിനിമയോടുള്ള ഒരു ‘ലവ് ലെറ്റർ’ ആയിരുന്നു. അതിനു മുമ്പ് ഇറങ്ങിയിട്ടുള്ള, സിനിമയെക്കുറിച്ചുള്ള മറ്റു ചിത്രങ്ങളും ഇത്തരത്തിൽ സിനിമക്കുള്ള ലവ് ലെറ്ററുകൾ തന്നെയായിരുന്നു. എനിക്ക് ആ ചിത്രങ്ങളെല്ലാം ഇഷ്ടവുമാണ്. എന്നാൽ, അവയെല്ലാം സിനിമയെ വലിയ രീതിയിൽ റൊമാന്റിസൈസ് ചെയ്യുന്നുണ്ട്. സിനിമയെ വളരെ പരിശുദ്ധമായ ഒന്നായി കാണുന്നത് എനിക്കിഷ്ടമല്ല.

മോളിവുഡ് ടൈംസ്.Photo: Times of India

സിനിമ അല്ലെങ്കിൽ സിനിമാ മേഖല എന്നത് വലിയൊരു പുണ്യമാണ് എന്നൊക്കെ പറഞ്ഞ് അതിനെ ഒരു ബബിളിനുള്ളിൽ ഒതുക്കി നിർത്തുന്നതായി എനിക്ക് തോന്നി. എനിക്ക് അതിനോട് താത്പര്യമില്ല . അതുകൊണ്ട്, ഞാൻ ഒരിക്കലും സിനിമക്കുള്ള ഒരു ലവ് ലെറ്ററായി ഒരു ചിത്രം ചെയ്യില്ല എന്ന് തീരുമാനിച്ചു. ഈ റൊമാന്റിസിസം നിർത്തേണ്ടതുണ്ട്. സിനിമ എന്ന് പറയുന്നത് അത്ര വലിയ സംഭവം ഒന്നുമല്ല. ഞാൻ സിനിമയെ ഒരുപാട് സ്നേഹിക്കുന്നുണ്ടെങ്കിലും, അതിനെ ഇത്രയധികം പുണ്യമായ ഒന്നായി ഞാൻ കാണുന്നില്ല.’ അഭിനവ് പറയുന്നു.

അഭിനവിന്റെ ഈ പ്രതികരണം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. നിരവധി സിനിമ പ്രേമികൾ അഭിനവിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്ശിക്കുന്നുണ്ട്. ജൂൺ 5 നു ആണ് മോളിവുഡ് ടൈംസ് തിയേറ്ററുകളിൽ എത്തുന്നത്.

Content Highlight: Abhinav Sunder Nayak says cinema does not need to be glorified

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.