വിനയന് ശേഷം വിനീത് മാധവന്‍... ഒരൊറ്റ ഡയലോഗിലൂടെ മലയാള സിനിമയില്‍ വിനയനുണ്ടാക്കിയ ഇംപാക്ട് ഓര്‍മിപ്പിച്ച മോളിവുഡ് ടൈംസ്
Malayalam Cinema
വിനയന് ശേഷം വിനീത് മാധവന്‍... ഒരൊറ്റ ഡയലോഗിലൂടെ മലയാള സിനിമയില്‍ വിനയനുണ്ടാക്കിയ ഇംപാക്ട് ഓര്‍മിപ്പിച്ച മോളിവുഡ് ടൈംസ്
അമര്‍നാഥ് എം.
Sunday, 7th June 2026, 7:48 pm

ജീവിതത്തില്‍ വിജയിക്കാന്‍ ആരെ വേണമെങ്കിലും ഇല്ലാതാക്കാമെന്ന് പറഞ്ഞ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് മലയാളത്തിലെ ധീരമായ പരീക്ഷണമായിരുന്നു. ആദ്യാവസാനം നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമായ നായകന്റെ കഥ പറഞ്ഞ മുകുന്ദനുണ്ണിക്ക് ശേഷം അഭിനവ് സുന്ദര്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് മോളിവുഡ് ടൈംസ്.

യുവതാരങ്ങളില്‍ ശ്രദ്ധ നേടിയ നസ്‌ലെന്‍ നായകനായെത്തിയ ചിത്രത്തിന് സിനിമാപ്രേമികള്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളസിനിമയിലെ പല അധികാരശൃംഖലകളെയും അഭിനവ് പച്ചക്ക് വിമര്‍ശിക്കുകയാണ് മോളിവുഡ് ടൈംസിലൂടെ. മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ സംവിധായകനാകണമെന്ന് ചെറുപ്പം മുതല്‍ ആഗ്രഹിക്കുന്ന വിനീത് മാധവന്റെ കഥയാണ് ചിത്രം പറയുന്നത്.

കുട്ടിക്കാലം മുതല്‍ ഹൊറര്‍ നോവലുകള്‍ ഇഷ്ടപ്പെടുന്ന വിനീതിന് സിനിമയോട് ആഗ്രഹം തോന്നുന്നത് ഹോളിവുഡ് ചിത്രം മമ്മി കണ്ടതിന് ശേഷമാണ്. അത്തരത്തില്‍ മലയാളികളെ മുഴുവന്‍ പേടിപ്പിക്കുന്ന തരത്തില്‍ ഒരു ഹൊറര്‍ സിനിമയെടുക്കണമെന്നാണ് വിനീതിന്റെ ലക്ഷ്യം. മനോജ് നൈറ്റ് ശ്യാമളനെപ്പോലെ ചെറുപ്രായത്തില്‍ തന്നെ ഷോര്‍ട്ട് ഫിലിമെടുക്കാനും വിനീത് പ്രയത്‌നിക്കുന്നുണ്ട്.

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ വിനയനും മോളിവുഡ് ടൈംസ് ട്രിബ്യൂട്ട് നല്‍കുന്നുണ്ട്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹൊറര്‍ സിനിമാസംവിധായകനായ വിനയനെപ്പോലെയാകണമെന്നാണ് വിനീത് മാധവന്‍ ആഗ്രഹിക്കുന്നത്. ചിത്രത്തിലെ ഒരു സീനില്‍ ‘വിനയന് ശേഷം വിനീത് മാധവന്‍’ എന്ന് നസ്‌ലെന്റെ കഥാപാത്രം പറയുന്നുണ്ട്. ചിത്രത്തിലെ ഒരു സീനില്‍ വിനയന്‍ അതിഥിതാരമായി എത്തുന്നുമുണ്ട്.

മലയാളസിനിമക്ക് വിനയന്‍ എന്ന സംവിധായകന്‍ നല്‍കിയ സംഭാവന എത്രത്തോളമുണ്ടെന്ന് മോളിവുഡ് ടൈംസ് പറയാതെ പറയുകയാണ്. ഹൊറര്‍ സിനിമകളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിയ, അത്ഭുതദ്വീപ്, അതിശയന്‍ തുടങ്ങിയ വ്യത്യസ്ത സിനിമകളൊരുക്കിയ വിനയന്‍ സിനിമാലോകത്തെ പല വ്യവസ്ഥിതികള്‍ക്കെതിരെയും പോരാടിയ ആളാണ്. ഇടക്ക് മോശം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും വിനയന്‍ എന്ന സംവിധായകന്‍ ഒരുക്കിയ ചില ചിത്രങ്ങള്‍ ചരിത്രമാണ്.

സംഘടനയിലെ അധികാരമനോഭാവങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ, വിലക്കുകളെ ഭയപ്പെടാത്ത സംവിധായകനായിരുന്നു വിനയന്‍. ഈ ചിത്രത്തില്‍ വിനീത് മാധവനും അത്തരമൊരു കഥാപാത്രമാണ്. ആരെയും സുഖിപ്പിച്ച് നിര്‍ത്താതെ, തന്റെ ഇഷ്ടത്തിന് സിനിമയെടുക്കുന്ന വിനീതിനെ സംഘടനകള്‍ ഷാഡോ ബാന്‍ ചെയ്യുന്നതെല്ലാം മോളിവുഡ് ടൈംസില്‍ കാണിക്കുന്നുണ്ട്.

 

‘എ ഹേറ്റ് ലെറ്റര്‍ ടു മലയാളം സിനിമ’ എന്ന ടാഗ്‌ലൈനിനോട് മോളിവുഡ് ടൈംസ് നൂറ് ശതമാനം നീതി പുലര്‍ത്തിയിട്ടുണ്ട്. സിനിമാലോകത്തെ അപ്രഖ്യാപിത നിയമങ്ങളെയെല്ലാം പച്ചക്ക് വറുത്തെടുത്ത ചിത്രം അതിന്റെ പ്രമേയം കൊണ്ട് വ്യത്യസ്തമായി നില്‍ക്കുകയാണ്.

Content Highlight: Abhinav Sundar Nayak gives tribute to Director Vinayan in Mollywwod Times

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം