മലയാളികള്‍ക്കെന്നും പ്രത്യേക ഇഷ്ടമുള്ള തമിഴ് സൂപ്പര്‍ താരമാണ് വിക്രം. കരിയറിന്റെ തുടക്കകാലത്ത് മലയാളത്തിലും സജീവമായിരുന്ന താരം പിന്നീട് തമിഴിലെ മുന്‍നിര നായകനടനായി മാറുകയായിരുന്നു. ധ്രുവം, മാഫിയ, സൈന്യം, സ്ട്രീറ്റ് തുടങ്ങി ഒമ്പതോളം ചിത്രങ്ങളായിരുന്നു താരം മലയാളത്തില്‍ ചെയ്തത്.

ഇപ്പോഴിതാ താരത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച നടന്‍ അഭിമന്യുവിന്റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നടന്‍ ഷമ്മി തിലകന്റെ മകനായ അഭിമന്യു തന്റെ അച്ഛന്‍ അഭിനയിക്കുന്ന വിക്രം ചിത്രം ചിയാന്‍63യുടെ സെറ്റില്‍ വെച്ച് താരത്തെ കണ്ടപ്പോഴുള്ള അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വിക്രമിനും ഷമ്മി തിലകനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ഓര്‍മ പുതുക്കിയത്.

വിക്രം. Photo: News 24

”എടാ നിനക്കെന്നെ ഓര്‍മയുണ്ടോ’ വിക്രം സാര്‍ ഇന്നലെ ചോദിച്ച ഈ കാര്യങ്ങള്‍ ഒരിക്കലും എന്റെ മനസില്‍ നിന്നും മായില്ല. ഇതിന് മുമ്പ് അവസാനമായി ഞങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ആറ് മാസം മാത്രമായിരുന്നു പ്രായം. എന്റെ അച്ഛനും അദ്ദേഹവും ഒന്നിച്ച് അഭിനയിച്ച സ്ട്രീറ്റ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഞങ്ങള്‍ അന്ന് കണ്ടുമുട്ടിയത്. അവര്‍ രണ്ട് പേരും ആദ്യമായി ഒന്നിച്ച് വര്‍ക്ക് ചെയ്തത് ധ്രുവത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു. ഇപ്പോഴിതാ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ചിയാന്‍63 യില്‍ അവര്‍ വീണ്ടും ഒന്നിക്കുകയാണ്.

എന്നെ കണ്ടപ്പോള്‍ ചിരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞത് ഞാന്‍ നിന്നെ ഒരുപാട് എടുത്ത് നടന്നതാണ് എന്നാണ്. കേട്ടപ്പോള്‍ നാണത്തോടെ അദ്ദേഹത്തെ നോക്കി ചിരിക്കാന്‍ മാത്രമാണ് എനിക്ക് സാധിച്ചത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈ രണ്ട് വലിയ താരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിച്ചത് ഒരു മാജിക്കായിട്ടാണ് ഫീല്‍ ചെയ്യുന്നത്. മലയാളം ക്ലാസിക്കില്‍ നിന്നും ഒരു വമ്പന്‍ തമിഴ് പ്രൊജക്ടില്‍ എത്തി നില്‍ക്കുമ്പോള്‍ ചില ബന്ധങ്ങള്‍ സമയം കൂടുന്നതിനനുസരിച്ച് കൂടുതല്‍ മനോഹരമാകുക മാത്രമാണ് ചെയ്യുന്നത്,’അഭിമന്യു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ചിയാന്‍63

2016 ല്‍ പുറത്തിറങ്ങിയ ഇരുമുഖന്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ആനന്ദ് ശങ്കറും വിക്രമും ഒന്നിച്ചെത്തുന്ന ചിത്രമാണ് ചിയാന്‍63. ജൂണില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തില്‍ ഷമ്മി തിലകന് പുറമെ റിയ ഷിബു, സംയുക്ത ഹെഗ്‌ഡെ, ഉര്‍വശി, എം.എസ് ഭാസ്‌കര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Abhimanyu shammy Thilakan  talks about his memory with Vikram in his Facebook post