മലയാള സിനിമയില്‍ തിരക്കഥാകൃത്തിന് ലഭിക്കുന്ന പ്രതിഫലമെത്ര?; ശ്രദ്ധിക്കപ്പെട്ട് അഭിലാഷ് പിള്ളയുടെ വാക്കുകള്‍
Malayalam Cinema
മലയാള സിനിമയില്‍ തിരക്കഥാകൃത്തിന് ലഭിക്കുന്ന പ്രതിഫലമെത്ര?; ശ്രദ്ധിക്കപ്പെട്ട് അഭിലാഷ് പിള്ളയുടെ വാക്കുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 11th March 2026, 10:46 pm

മാസ് മസാല ചിത്രങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യന്‍ സിനിമാ മേഖലയില്‍ കണ്ടന്റാണ് രാജാവെന്ന് തെളിയിച്ച ഫിലിം ഇന്റസ്ട്രിയാണ് മലയാളത്തിലേത്. വെള്ളത്തിരയിലെ പളപളപ്പിനെക്കാള്‍ പ്രേക്ഷകരും സംവിധായകരും മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളെയും ഇവരുടെ തിരക്കഥകളെയും പ്രേത്സാഹിപ്പിക്കാറുണ്ട്. വെറുതെ ഒരു ചിത്രം ചെയ്യുക എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുക എന്ന ചിന്തക്ക് തുടക്കം കുറിക്കുന്നതും എഴുത്തുകാരില്‍ നിന്നുമാണ്.

അഭിലാഷ് പിള്ള. Photo: Manorama Online

എന്നാല്‍ മലയാളത്തിലെ പല ചിത്രങ്ങളും ബോകസ് ഓഫീസില്‍ വലിയ വിജയം നേടുമ്പോള്‍ സിനിമക്ക് തുടക്കം കുറിക്കുന്ന തിരക്കഥാകൃത്തിന് എത്ര രൂപയാണ് പ്രതിഫലമായി ലഭിക്കുന്നതെന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. മലയാളത്തിലെ യുവ എഴുത്തുകാരനായ അഭിലാഷ് പിള്ള ‘വിറ്റ്’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തിരക്കഥാകൃത്തുക്കളുടെ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

തന്നെ സംബന്ധിച്ച് ഇന്നത്തെക്കാലത്ത് ചെയ്യുന്ന ജോലിക്കുള്ള മാന്യമായ വേതനം ലഭിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് അഭിലാഷ് പറയുന്നു. പലരും ഡിമാന്‍ഡ് ചെയ്യുന്ന പണം കിട്ടുന്നുണ്ടോ എന്നത് നിര്‍മാതാക്കളെആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘മലയാളത്തില്‍ കിട്ടിയതിന്റെ രണ്ടിരട്ടി മറ്റ് ഭാഷകളില്‍ നിന്നും എനിക്ക് ഓഫറായി ലഭിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ എനിക്ക് ഒരു അവസരം നിര്‍മാതാക്കള്‍ നല്‍കിയത് കൊണ്ടാണല്ലോ ഈ ഓഫര്‍ കിട്ടിയത് എന്നാലോചിച്ച് അവരോട് ബഹുമാനം തോന്നും. പ്രൊജക്ട് അനുസരിച്ചാണ് പ്രതിഫലം മാറുന്നത്. മാത്രമല്ല ഇത് ചോദിച്ച് വാങ്ങിക്കാനുള്ള കഴിവും വേണം. ഇത്ര രൂപ കിട്ടിയാലേ ഞാന്‍ ചെയ്യുള്ളൂ എന്ന് ഒരിക്കലും ഞാന്‍ പറയാറില്ല. സിനിമ നടക്കട്ടെ എന്നാണ് ഞാന്‍ വിചാരിക്കാറുള്ളത്.

തമിഴില്‍ ഞാന്‍ ചെയ്യാന്‍ പോകുന്ന ചിത്രത്തിന് അവര്‍ എനിക്ക് നല്‍കിയിരിക്കുന്ന ഓഫര്‍ ശബളം പ്ലസ് പ്രോഫിറ്റ് ഷെയര്‍ എന്നതാണ്. പക്ഷേ മലയാളത്തില്‍ എഴുത്തുകാര്‍ക്ക് ഒരിക്കലും അങ്ങനെ ചോദിക്കാനുള്ള അവസരമില്ല. സംവിധായകനോ അഭിനേതാവോ ആയാല്‍ അങ്ങനെ ചെയ്യാം,’ അഭിലാഷ് പറയുന്നു.

സുമതി വളവ് . Photo: Airtel Xstream

നൈറ്റ് ഡ്രൈവ്, കഡാവര്‍,നൈറ്റ് ഡ്രൈവ്, പത്താം വളവ്, സുമതി വളവ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. നാടകസംവിധായകന്‍ കൂടിയായ അഭിലാഷ് ലഹരി ഉപയോഗിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം താന്‍ പ്രവര്‍ത്തിക്കില്ലെന്ന തന്റെ നിലപാടിലൂടെ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Abhilash Pillai talks about remuneration of Malayalam script writers

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.