| Wednesday, 18th June 2025, 5:17 pm

മാളികപ്പുറം സിനിമ കണ്ട് പല നിര്‍മാതാക്കളും ഇതുപോലെയുള്ള ഭക്തി സിനിമകള്‍ എന്റെ കയ്യില്‍ ഉണ്ടോയെന്ന് അന്വേഷിച്ചിട്ടുണ്ട്: അഭിലാഷ് പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നൈറ്റ് ഡ്രൈവ് എന്ന സിനിമക്ക് തിരക്കഥയൊരുക്കികൊണ്ട് സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് അഭിലാഷ് പിള്ള. നൈറ്റ് ഡ്രൈവിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ രചിച്ച ചിത്രമായിരുന്നു പത്താം വളവ്. തിയേറ്റര്‍ വിജയമായില്ലെങ്കിലും നിരൂപക പ്രശംസ ചിത്രത്തിന് ലഭിച്ചിരുന്നു.

അഭിലാഷ് പിള്ളയുടെ കരിയറില്‍ ശ്രദ്ധേയമായ ചിത്രമായിരുന്നു മാളികപ്പുറം. മാളികപ്പുറം സിനിമ കണ്ട് പല നിര്‍മാതാക്കളും ഇതുപോലെയുള്ള ഭക്തി സിനിമകള്‍ തന്റെ കയ്യില്‍ ഉണ്ടോ എന്ന് ചോദിച്ചിട്ടുണ്ടെന്ന് അഭിലാഷ് പിള്ള പറയുന്നു. താന്‍ ചെയ്ത ഒരു ഭക്തി ചിത്രം ഹിറ്റായതുകൊണ്ട് തന്റെ പേരിലിറങ്ങന്ന ഇതേപോലുള്ള സിനിമകളും ഹിറ്റാകുമെന്ന് കരുതിയാണ് അവര്‍ എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാന വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിലാഷ് പിള്ള.

മാളികപ്പുറം സിനിമ കണ്ട് പല നിര്‍മാതാക്കളും ഇതുപോലെയുള്ള ഭക്തി സിനിമകള്‍ എന്റെ കയ്യില്‍ ഉണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ട്. കാരണം ഞാന്‍ ചെയ്ത ഒരു ഭക്തിസിനിമ വിജയിച്ചത് കൊണ്ട് എന്റെ പേരില്‍ മാര്‍ക്കറ്റ് പിടിക്കാന്‍ എളുപ്പമായിരിക്കും എന്ന് കരുതിയാണ് അത്.

പക്ഷേ എന്റെ കയ്യില്‍ പല ഴോണറില്‍ ഉള്ള കഥകള്‍ ഉണ്ടെന്ന് ഞാന്‍ അവരോട് പറയാറുണ്ട്. ഇപ്പോള്‍ ആനന്ദ് ശ്രീബാല എന്ന സിനിമയുടെ പേര് കണ്ട് പലരും ഭക്തി സിനിമയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാലും ഞാന്‍ ഇനിയും ഭക്തിപടങ്ങള്‍ ചെയ്യും എന്നതില്‍ സംശയമൊന്നുമില്ല.

ഇപ്പോള്‍ മാളികപ്പുറം സിനിമയുടെ രണ്ടാം ഭാഗം എനിക്ക് ഉടനെ ഷൂട്ട് ചെയ്യാം. പക്ഷേ ആ ട്രെന്റിന്റെ പിറകേ പോകരുത് എന്ന് ഞാന്‍ വളരെയധികം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉടനെ ചെയ്യാത്തത്. ആളുകള്‍ക്ക് അത് ബോറടിക്കാനാണ് കൂടുതല്‍ സാധ്യത,’ അഭിലാഷ് പിള്ള പറയുന്നു.

Content Highlight: Abhilash Pillai Talks About Malikappuram Movie

We use cookies to give you the best possible experience. Learn more