സുമതി വളവ് എന്ന ചിത്രത്തില്‍ ഏഴ് കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് ആരോപിച്ചുകൊണ്ട് നിര്‍മാതാവ് മുരളി കുന്നംപുറം നടത്തിയ പ്രസ്താവനകളില്‍ വിശദീകരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ അഭിലാഷ് പിള്ള. ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞുകൊണ്ട് നിര്‍മാതാവ് പുറത്തുവിട്ട വീഡിയോക്ക് പിന്നാലെയാണ് പത്രസമ്മേളനത്തിലൂടെ അഭിലാഷ് പിള്ള മുരളി കുന്നംപുറത്തിനെയും നടന്‍ ഉണ്ണി മുകുന്ദനെയും രൂക്ഷമായി വിമര്‍ശിച്ചത്.
Photo: Dool News
മുരളി കുന്നംപുറത്ത് ആത്മഹത്യ ഭീഷണി മുഴക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍, ജയസൂര്യ തുടങ്ങിയ താരങ്ങള്‍ നിര്‍മാതാവിനെ വിളിച്ച് ഓപ്പണ്‍ ഡേറ്റ് നല്‍കാമെന്നും ചിത്രം ചെയ്യാമെന്നും അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉണ്ണി മുകുന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി താരത്തിന്റെ ഹിറ്റ് ചിത്രമായ മാളികപ്പുറത്തിന്റെ സംവിധായകന്‍ കൂടിയായ അഭിലാഷ് പിള്ള രംഗത്തെത്തിയത്.
താരത്തിന്റെ ഹിറ്റ് ചിത്രങ്ങളായ മാളികപ്പുറത്തിന്റെയും മാര്‍ക്കോയുടെയും ഇടയില്‍ ഇറങ്ങിയ ചിത്രങ്ങളും ഇവിടെയുണ്ടെന്നും ഇതില്‍ പലതും നഷ്ടം വന്ന ചിത്രങ്ങളാണെന്നും അഭിലാഷ് പിള്ള പറഞ്ഞു. ഈ ചിത്രത്തിന്റെ നിര്‍മാതാക്കളുടെ വീട്ടിലും ഉണ്ണി പോകണമെന്നും അവര്‍ക്കെല്ലാം ഇതുപോലെ ഡേറ്റ് നല്‍കണമെന്നും സംവിധായകന്‍ ആവശ്യപ്പെട്ടു. മുട്ടനാടുകള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ ഇടയില്‍ വന്ന് ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ അത്തരത്തിലുള്ള ആള്‍ക്കാര്‍ റിയല്‍ ലൈഫിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉണ്ണി മുകുന്ദനാണോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് പല ആളുകളുമുണ്ടെന്നുമായിരുന്നു സംവിധായകന്റെ മറുപടി.
‘മാളികപ്പുറം എന്ന ചിത്രം ഉണ്ണിമുകുന്ദന്‍ സംവിധാനം ചെയ്തതാണെന്ന വാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടി. വിജയിച്ച ചിത്രങ്ങളെല്ലാം അദ്ദേഹം സംവിധാനം ചെയ്തതാകുകയും അതേസമയം പരാജയ ചിത്രങ്ങള്‍ സംവിധായകരുടേത് ആവുകയും ചെയ്യുന്ന ട്രെന്‍ഡ് എങ്ങനെയാണ് ഉണ്ടായതെന്നറിയില്ല,’ അഭിലാഷ് പിള്ള പറഞ്ഞു.
Content Highlight: Abhilash Pillai against Unni Mukundan in Muralu Kunnumpurath Issue
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.