വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് സൗത്ത് ആഫ്രിക്ക കിരീടം ചൂടുമെന്ന് പ്രോട്ടിയാസ് ലെജന്‍ഡ് എ.ബി. ഡി വില്ലിയേഴ്‌സ്. ഈ ഫൈനല്‍ എന്നത് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ വലിയ മുഹൂര്‍ത്തമാണെന്നും ഓസ്‌ട്രേലിയയെ അട്ടിമറിക്കാന്‍ സൗത്ത് ആഫ്രിക്കയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോര്‍ഡ്‌സില്‍ വെച്ച് ഒരു ഫൈനല്‍ മത്സരം – സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് വളരെ വലിയ മുഹൂര്‍ത്തമാണ്. രാജ്യമൊന്നാകെ ടീമിനൊപ്പമുണ്ട്. ആ ലക്ഷ്യം മറികടക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഈ മത്സരത്തെയോര്‍ത്ത് അത്യധികം ആവേശഭരിതനാണ്. ഞങ്ങളുടേത് ഒരു ബാലന്‍സ്ഡ് ആയ ടീം ആണ്. ഓസ്‌ട്രേലിയയെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത് ഓസ്‌ട്രേലിയക്കാണ്. ഇതുകൊണ്ടാണ് ഞാന്‍ അട്ടിമറി എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചത്,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.
‘ഏറെ അനുഭവസമ്പത്തുള്ള, എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന ഒരു ടീമാണ് ഓസ്‌ട്രേലിയ. അവരെ പരാജയപ്പെടുത്തുക എന്നത് സൗത്ത് ആഫ്രിക്കയെ സംബന്ധിച്ച് ഒട്ടും എളുപ്പമായിരിക്കില്ല.
2021-23 സെെക്കിളിലെ കിരീടവുമായി ഓസ്ട്രേലിയ
മികച്ച ഫോമിലുള്ള, വിജയിക്കണമെന്ന് അത്രയധികം അഭിനിവേശമുള്ള, പലതും തെളിയിക്കണമെന്ന് ആഗ്രഹമുള്ള ടീമിനൊപ്പമാണ് ഞങ്ങള്‍ ഫൈനലിനിറങ്ങുന്നത്, ഇക്കാരണം കൊണ്ട് ഞാന്‍ കോണ്‍ഫിഡന്റാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 11 മുതല്‍ 15 വരെ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് പ്രോട്ടിയാസ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 12 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 100 പോയിന്റാണ് പ്രോട്ടിയാസിനുണ്ടായിരുന്നത്. 69.44 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.
19 മത്സരത്തില്‍ നിന്നും 13 വിജയത്തോടെ 67.54 എന്ന പോയിന്റ് പേര്‍സെന്റേജോടെയാണ് ഓസ്‌ട്രേലിയ ഫൈനലിന് യോഗ്യത നേടിയത്.
ബാവുമയ്‌ക്കൊപ്പം റിയാന്‍ റിക്കല്‍ടണ്‍, മാര്‍ക്കോ യാന്‍സെന്‍, കഗീസോ റബാദ തുടങ്ങി മികച്ച താരനിരയാണ് സൗത്ത് ആഫ്രിക്കയ്‌ക്കൊപ്പമുള്ളത്. അതേസമയം ഓസ്‌ട്രേലിയയാകട്ടെ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ രാജപദവി നിലനിര്‍ത്താനാണ് ഒരുങ്ങുന്നത്.