ഒരൊറ്റ കപ്പ് കിട്ടിയാല്‍ പിന്നെ കളി മാറും; പക്ഷെ അതൊന്ന് കിട്ടിയാല്‍ മതിയാര്‍ന്നു: എ.ബി. ഡിവില്ലിയേഴ്‌സ്
Sports
ഒരൊറ്റ കപ്പ് കിട്ടിയാല്‍ പിന്നെ കളി മാറും; പക്ഷെ അതൊന്ന് കിട്ടിയാല്‍ മതിയാര്‍ന്നു: എ.ബി. ഡിവില്ലിയേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 19th November 2022, 8:39 pm

ഓരോ വര്‍ഷവും വെടിക്കെട്ട് ബാറ്റര്‍മാരുള്ള കലക്കന്‍ ടീമുമായി ഐ.പി.എല്ലിനെത്തുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കപ്പില്ലാതെ മടങ്ങുന്നത് കാണുമ്പോള്‍ സത്യത്തില്‍ എതിര്‍ടീമുകള്‍ക്ക് പോലും സങ്കടമാകാറുണ്ട്. ഐ.പി.എല്‍ തുടങ്ങി ഇത്രയും വര്‍ഷമായിട്ടും ഒരിക്കല്‍ പോലും കപ്പ് നേടാന്‍ ആര്‍.സി.ബിക്കായിട്ടില്ല.

കിങ് കോഹ്‌ലിയും മിസ്റ്റര്‍ 360യും റണ്‍വേട്ടക്കാരന്‍ ക്രിസ് ഗെയ്‌ലുമൊക്കെ കുറെ ബൗണ്ടറികള്‍ പറത്തുകയും വ്യക്തിഗത റെക്കോഡുകള്‍ നേടുകയും ചെയ്‌തെങ്കിലും ഒരിക്കല്‍ പോലും ടീമിന് വേണ്ടി ഒരു കിരീടം നേടാനായില്ല.

 

പത്ത് വര്‍ഷം വിരാട് കോഹ്‌ലി ക്യാപ്റ്റനായ ടീം മൂന്ന് വര്‍ഷം ഫൈനലിലെത്തിയിരുന്നു. 2009, 2011, 2016 വര്‍ഷങ്ങളില്‍ പക്ഷെ തോല്‍വിയോടെ ക്രീസ് വിടാനായിരുന്നു വിധി.

പിന്നീട് ഹാഫ് ഡു പ്ലെസിസ് ക്യാപ്റ്റനായപ്പോഴും കപ്പിന്റെ ക്ഷാമം തുടര്‍ന്നു കൊണ്ടേയിരുന്നു. ഇക്കഴിഞ്ഞ സീസണിലും കാര്യങ്ങളില്‍ ഒരു മാറ്റവും സംഭവിച്ചില്ല.

ഇപ്പോള്‍ ഐ.പി.എല്ലിന്റെ 16ാം സീസണ്‍ തുടങ്ങാനിരിക്കേ മുന്‍ താരമായ എ.ബി. ഡിവില്ലിയേഴ്‌സ് ബാംഗ്ലൂര്‍ കപ്പ് നേടണമെന്ന തന്റെ അടങ്ങാത്ത ആഗ്രഹത്തെ കുറിച്ച് വാചാലനാവുകയാണ്.

ഒരു തവണ വിജയിച്ചാല്‍ പിന്നീടുള്ള സീസണുകളില്‍ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് എ.ബി.ഡിയുടെ വിശ്വാസം. 2011ല്‍ ആദ്യമായി ഐ.പി.എല്ലില്‍ എത്തിയത് മുതല്‍ വിരമിക്കുന്നത് വരെ ആര്‍.സി.ബിയില്‍ തന്നെയായിരുന്നു ഈ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം കളിച്ചിരുന്നത്.

‘ഇതിപ്പൊ എത്രാമത്തെ സീസണായി? പതിനാലോ പതിനഞ്ചോ അല്ലേ കഴിഞ്ഞത്. എന്തായാലും ആര്‍.സി.ബിക്ക് ഈ കപ്പില്ലാത്തതിന്റെ കുരുക്ക് ഒന്ന് അഴിച്ചു കളയണമെന്ന് അതിയായ ആഗ്രഹമുണ്ട്.

ഒരിക്കല്‍ ടീം ജയിച്ചാല്‍ പിന്നെ രണ്ടോ മൂന്നോ നാലോ കപ്പുകള്‍ അവര്‍ നേടുമെന്നാണ് എന്റെ വിശ്വാസം. പക്ഷെ ഈ ടി-20 ക്രിക്കറ്റ് ഒരു ചൂതാട്ടം പോലെയാണ്. എന്തു വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് തന്നെ നമുക്ക് കാത്തിരുന്ന് കാണാം. പക്ഷെ ഇത്തവണ ആര്‍.സി.ബിയുടെ വിജയം തൊട്ടടുത്തുണ്ട് തന്നെയുണ്ട് എന്നാണ് എന്റെ വിശ്വാസം,’ എ.ബി. ഡിവില്ലിയേഴ്‌സ് പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തങ്ങളുടെ പ്രിയപ്പെട്ട എ.ബി.ഡിയുടെ വാക്കുകള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്രാവശ്യമെങ്കിലും ആര്‍.സി.ബി കപ്പുമായി മടങ്ങുന്നത് കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍

Content Highlight: AB de Villiers’s prediction ahead of IPL 2023 for RCB