അടുത്തിടെ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് രാജിവെച്ചിരുന്നു. 2026 ഐ.പി.എല്‍ സീസണിന് മുന്നോടിയായി റോയല്‍സ് തങ്ങളുടെ തങ്ങളുടെ ഔദ്യോഗിക പ്രസ്ഥാവനയിലാണ് ഇക്കാര്യം പറഞ്ഞത്. ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്ന് മാറാന്‍ എന്താണ് കാരണമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഇപ്പോള്‍ ദ്രാവിഡിന്റെ വിടവാങ്ങലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സ്. വിജയങ്ങളും ട്രോഫികളും നേടാന്‍ മാനേജര്‍മാരും പരിശീലകരും വലിയ സമ്മദം നേരിടുമെന്നും അത് സംഭവിക്കാത്തപ്പോള്‍ അവര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങുമെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. മാത്രമല്ല പൂര്‍ണമായ വിവരങ്ങളില്ലെങ്കിലും പരിശീലക സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കിയതുപോലെയാണ് തോന്നുന്നതെന്നും മുന്‍ പ്രോട്ടിയാസ് താരം കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എന്തെങ്കിലും പ്രത്യേകതയുള്ള കാര്യം സംഭവിക്കുമെന്ന് തോന്നുന്നു. വിജയങ്ങളും ട്രോഫികളും നേടാന്‍ മാനേജര്‍മാരും പരിശീലകരും വലിയ സമ്മദം നേരിടുന്നത് പലപ്പോഴും നിങ്ങള്‍ കാണാറുണ്ട്. അത് സംഭവിക്കാത്തപ്പോള്‍, അവര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങും. ഈ കേസില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിവരങ്ങള്‍ അറിയില്ല.
എന്നാലും അദ്ദേഹത്തെ പുറത്താക്കിയതുപോലെയാണ് തോന്നുന്നത്. അത് ആദര്‍ശത്തില്‍ നിന്ന് വളരെ അകലെയാണ്. അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണുള്ളത്,’ ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
കുമാര്‍ സംഗക്കാരയുടെ പകരക്കാരനായാണ് രാഹുല്‍ ദ്രാവിഡ് 2025ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്തെത്തിയത്. എന്നാല്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ രാജസ്ഥാന് പത്ത് മത്സരത്തില്‍ വെറും നാലെണ്ണം മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍.
സ്ഥാനമേറ്റെടുത്തതിന് പിന്നാലെയുള്ള അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങളുണ്ടാക്കിയിരുന്നു. ഐ.പി.എല്‍ പ്ലെയര്‍ റിറ്റെന്‍ഷനില്‍ ജോസ് ബട്‌ലറിനെയടക്കം വിട്ടുകൊടുത്തതും, താരലേലത്തില്‍ മികച്ച താരങ്ങളെ സ്വന്തമാക്കാതിരുന്നതുമാണ് ആരാധകരെ ചൊടിപ്പിച്ചത്. സ്റ്റേബിളായ ഒരു ടീമിനെ ദ്രാവിഡ് തകര്‍ത്തുകളഞ്ഞു എന്നാണ് ആരാധകര്‍ ഒരുപോലെ പറഞ്ഞത്.