| Sunday, 3rd August 2025, 9:25 am

മൂന്ന് സെഞ്ച്വറി, 431 റണ്‍സ്! 'ഏലിയന്‍' ഡി വില്ലിയേഴ്‌സ് പറയുന്നു, ഒന്നും അവസാനിച്ചിട്ടില്ല

ആദര്‍ശ് എം.കെ.

ഡി വില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്നും ഓരോ തവണ സിക്‌സറുകള്‍ പറക്കുമ്പോഴും പാകിസ്ഥാന്‍ ആരാധകരുടെ നെഞ്ചിടിപ്പിന്റെ വേഗം കൂടി. ഒറ്റ മത്സരം പോലും തോല്‍ക്കാതെ ഫൈനലിലെത്തിയ ശേഷം കിരീടപ്പോരാട്ടത്തില്‍ തോല്‍ക്കേണ്ടി വരിക, അതും തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍! അവരുടെ പേടി സത്യമാക്കിക്കൊണ്ട് ഡി വില്ലിയേഴ്‌സ് എഡ്ജ്ബാസ്റ്റണില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനെ വിജയത്തിലേക്ക് നയിച്ചു.

60 പന്ത് നേരിട്ട് പുറത്താകാതെ 120 റണ്‍സാണ് ഡി വില്ലിയേഴ്‌സ് അടിച്ചെടുത്തത്. 12 ഫോറും ആകാശം തൊട്ട ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റൈ ഇന്നിങ്‌സ്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ ഇരുന്നൂറും!

ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയതും ഡി വില്ലിയേഴ്‌സ് തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കളത്തിലിറങ്ങിയ ആറ് മത്സരത്തില്‍ നിന്നും 143.66 ശരാശരിയില്‍ 431 റണ്‍സാണ് താരം അടിച്ചെടുത്തത്. 221.02 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സഹതാരം ജെ.ജെ സ്മട്‌സിനെക്കാള്‍ കാതങ്ങളകലെയാണ് ഡി വില്ലിയേഴ്‌സിന്റെ സ്ഥാനം.

കലാശപ്പോരാട്ടത്തില്‍ 46ാം പന്തില്‍ സെഞ്ച്വറി നേടിയ ഡി വില്ലിയേഴ്‌സ് ആദ്യ ഘട്ടത്തില്‍ ഓസ്ട്രേലിയ ചാമ്പ്യന്‍സിനെതിരെ 39 പന്തിലും ഇംഗ്ലണ്ട് ചാമ്പ്യന്‍സിനെതിരെ 41 പന്തിലും നൂറടിച്ചിരുന്നു. ഇന്ത്യ ചാമ്പ്യന്‍സിനെതിരായ മത്സരത്തില്‍ പുറത്താകാതെ 61 റണ്‍സാണ് എ.ബി. ഡി അടിച്ചെടുത്തത്.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ് 2025 – ഏറ്റവുമധികം റണ്‍സ്

(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

എ.ബി. ഡി വില്ലിയേഴ്സ് – സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് – 6 – 431

ജെ.ജെ. സ്മട്സ് – സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് – 5 – 186

രവി ബൊപ്പാര – ഇംഗ്ലണ്ട് ചാമ്പ്യന്‍സ് – 4 – 177

ഷര്‍ജീല്‍ ഖാന്‍ – പാകിസ്ഥാന്‍ ചാമ്പ്യന്‍സ് – 5 – 160

ചാഡ്വിക് വാള്‍ട്ടണ്‍ – വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് – 5 – 152

ക്രിസ് ലിന്‍ – ഓസ്ട്രേലിയ ചാമ്പ്യന്‍സ് – 5 – 147

ബാറ്റിങ്ങിന് പുറമെ മികച്ച ഫീല്‍ഡിങ് മികവും പുറത്തെടുത്ത ഡി വില്ലിയേഴ്സ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിന്റെ കിരീടനേട്ടത്തില്‍ അതി നിര്‍ണായക പങ്കാണ് വഹിച്ചത്.

കിരീടപ്പോരാട്ടത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് നേടിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ചാമ്പ്യന്‍സിന് ഓപ്പണര്‍ കമ്രാന്‍ അക്മലിനെ തുടക്കത്തിലേ നഷ്ടപ്പെട്ടിരുന്നെങ്കിലും മറുവശത്ത് ഷര്‍ജീല്‍ ഖാന്‍ നിലയുറപ്പിച്ചു.

ഒരു വശത്ത് കൃത്യമായ ഇടവേളകളില്‍ പ്രോട്ടിയാസ് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയപ്പോള്‍, വിക്കറ്റ് സംരക്ഷിച്ചുനിര്‍ത്തുന്നതിനൊപ്പം റണ്‍സ് ഉയര്‍ത്താനും ഷര്‍ജീല്‍ ഖാന്‍ ശ്രദ്ധ പുലര്‍ത്തി. 44 പന്തില്‍ 76 റണ്‍സാണ് ഷര്‍ജീല്‍ ഖാന്‍ നേടിയത്. ഒമ്പത് ഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഉമര്‍ ആമിന്‍ (19 പന്തില്‍ 36), ആസിഫ് അലി (15 പന്തില്‍ 28) എന്നിവരുടെ പ്രകടനവും പാക് നിരയില്‍ കരുത്തായി. എക്സ്ട്രാസ് ഇനത്തില്‍ 14 റണ്‍സും ടീം ടോട്ടലിലെത്തി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 എന്ന നിലയില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ഇന്നിങ്സ് അവസാനിപ്പിച്ചു.

പാകിസ്ഥാന്‍ ചാമ്പ്യന്‍സിനായി വെയ്ന്‍ പാര്‍ണെലും ഹാര്‍ഡസ് വ്യോണും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഡുവാന്‍ ഒലിവിയര്‍ ഒരു വിക്കറ്റും നേടി.

196 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ സൗത്ത് ആഫ്രിക്കന്‍ നായകന്‍ എ.ബി. ഡി വില്ലിയേഴ്സ് ഗോഡ് മോഡിലായിരുന്നു. മുന്നില്‍ കണ്ട പാക് ബൗളര്‍മാരെയെല്ലാം തല്ലിയൊതുക്കി ഡി വില്ലിയേഴ്സ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. ഒന്നിന് പിന്നാലെ ഒന്നായി സിക്സറുകള്‍ പറന്നതോടെ എഡ്ജ്ബാസ്റ്റണ്‍ ആവേശക്കടലായി.

ഏഴാം ഓവറിലെ അഞ്ചാം പന്തില്‍ 18 റണ്‍സ് നേടിയ ഹാഷിം അംലയുടെ വിക്കറ്റ് ടീമിന് നഷ്ടമായി, സയ്യിദ് അജ്മലാണ് വിക്കറ്റ് വീഴ്ത്തിയത്. വണ്‍ ഡൗണായി ക്രീസിലെത്തിയ ജെ.പി. ഡുമിനിയും തകര്‍ത്തടിച്ചതോടെ സൗത്ത് ആഫ്രിക്ക 16.5 ഓവറിവല്‍ വിജയലക്ഷ്യം മറികടന്നു.

ഡി വില്ലിയേഴ്സ് 60 പന്തില്‍ പുറത്താകാതെ 120 റണ്‍സ് നേടി. ഏഴ് സിക്സറും 12 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 200 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ഡി വില്ലിയേഴ്സിന്റെ മൂന്നാം സെഞ്ച്വറിയാണിത്.

അതേസമയം, ഡുമിനി 28 പന്തില്‍ പുറത്താകാതെ 50 റണ്‍സടിച്ചു. രണ്ട് സിക്സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

Content highlight: AB de Villiers’ brilliant performance in World Championship of Legends

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more