ഡി വില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്നും ഓരോ തവണ സിക്‌സറുകള്‍ പറക്കുമ്പോഴും പാകിസ്ഥാന്‍ ആരാധകരുടെ നെഞ്ചിടിപ്പിന്റെ വേഗം കൂടി. ഒറ്റ മത്സരം പോലും തോല്‍ക്കാതെ ഫൈനലിലെത്തിയ ശേഷം കിരീടപ്പോരാട്ടത്തില്‍ തോല്‍ക്കേണ്ടി വരിക, അതും തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍! അവരുടെ പേടി സത്യമാക്കിക്കൊണ്ട് ഡി വില്ലിയേഴ്‌സ് എഡ്ജ്ബാസ്റ്റണില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനെ വിജയത്തിലേക്ക് നയിച്ചു.

60 പന്ത് നേരിട്ട് പുറത്താകാതെ 120 റണ്‍സാണ് ഡി വില്ലിയേഴ്‌സ് അടിച്ചെടുത്തത്. 12 ഫോറും ആകാശം തൊട്ട ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റൈ ഇന്നിങ്‌സ്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ ഇരുന്നൂറും!

റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സഹതാരം ജെ.ജെ സ്മട്‌സിനെക്കാള്‍ കാതങ്ങളകലെയാണ് ഡി വില്ലിയേഴ്‌സിന്റെ സ്ഥാനം.

കലാശപ്പോരാട്ടത്തില്‍ 46ാം പന്തില്‍ സെഞ്ച്വറി നേടിയ ഡി വില്ലിയേഴ്‌സ് ആദ്യ ഘട്ടത്തില്‍ ഓസ്ട്രേലിയ ചാമ്പ്യന്‍സിനെതിരെ 39 പന്തിലും ഇംഗ്ലണ്ട് ചാമ്പ്യന്‍സിനെതിരെ 41 പന്തിലും നൂറടിച്ചിരുന്നു. ഇന്ത്യ ചാമ്പ്യന്‍സിനെതിരായ മത്സരത്തില്‍ പുറത്താകാതെ 61 റണ്‍സാണ് എ.ബി. ഡി അടിച്ചെടുത്തത്.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ് 2025 – ഏറ്റവുമധികം റണ്‍സ്

(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

എ.ബി. ഡി വില്ലിയേഴ്സ് – സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് – 6 – 431

ജെ.ജെ. സ്മട്സ് – സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് – 5 – 186

രവി ബൊപ്പാര – ഇംഗ്ലണ്ട് ചാമ്പ്യന്‍സ് – 4 – 177

ഷര്‍ജീല്‍ ഖാന്‍ – പാകിസ്ഥാന്‍ ചാമ്പ്യന്‍സ് – 5 – 160

ചാഡ്വിക് വാള്‍ട്ടണ്‍ – വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് – 5 – 152

ക്രിസ് ലിന്‍ – ഓസ്ട്രേലിയ ചാമ്പ്യന്‍സ് – 5 – 147

ബാറ്റിങ്ങിന് പുറമെ മികച്ച ഫീല്‍ഡിങ് മികവും പുറത്തെടുത്ത ഡി വില്ലിയേഴ്സ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിന്റെ കിരീടനേട്ടത്തില്‍ അതി നിര്‍ണായക പങ്കാണ് വഹിച്ചത്.

കിരീടപ്പോരാട്ടത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് നേടിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ചാമ്പ്യന്‍സിന് ഓപ്പണര്‍ കമ്രാന്‍ അക്മലിനെ തുടക്കത്തിലേ നഷ്ടപ്പെട്ടിരുന്നെങ്കിലും മറുവശത്ത് ഷര്‍ജീല്‍ ഖാന്‍ നിലയുറപ്പിച്ചു.

ഒരു വശത്ത് കൃത്യമായ ഇടവേളകളില്‍ പ്രോട്ടിയാസ് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയപ്പോള്‍, വിക്കറ്റ് സംരക്ഷിച്ചുനിര്‍ത്തുന്നതിനൊപ്പം റണ്‍സ് ഉയര്‍ത്താനും ഷര്‍ജീല്‍ ഖാന്‍ ശ്രദ്ധ പുലര്‍ത്തി. 44 പന്തില്‍ 76 റണ്‍സാണ് ഷര്‍ജീല്‍ ഖാന്‍ നേടിയത്. ഒമ്പത് ഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.