ക്യാന്‍സര്‍ പോലെ, ഒരുപാട് ദുഷിച്ച മനസുള്ളവര്‍ ആ ടീമിലുണ്ടായിരുന്നു; മുന്‍ ഐ.പി.എല്‍ ടീമിനെ കുറിച്ച് ഡി വില്ലിയേഴ്‌സ്
Sports News
ക്യാന്‍സര്‍ പോലെ, ഒരുപാട് ദുഷിച്ച മനസുള്ളവര്‍ ആ ടീമിലുണ്ടായിരുന്നു; മുന്‍ ഐ.പി.എല്‍ ടീമിനെ കുറിച്ച് ഡി വില്ലിയേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th June 2025, 9:50 pm

 

 

ഐ.പി.എല്ലിലെ തന്റെ പഴയ ടീമായ ദല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമുള്ള അനുഭവം പങ്കുവെച്ച മുന്‍ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരവും റോയല്‍ ചലഞ്ചേഴ്‌സ് ഹോള്‍ ഓഫ് ഫെയ്മറുമായ എ.ബി. ഡി വില്ലിയേഴ്‌സ്. ദല്‍ഹിക്കൊപ്പമുള്ള സമയം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഡി വില്ലിയേഴ്‌സ് പറഞ്ഞു.

ക്രിക്കറ്റ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഡി വില്ലിയേഴ്‌സ് ഡെയര്‍ഡെവിള്‍സിനെ കുറിച്ച് സംസാരിച്ചത്.

 

‘നിങ്ങളോട് ആ പേരുകള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ദല്‍ഹി ഡെയര്‍ഡെവിള്‍സ് ഒന്നാകെ തകര്‍ന്നടിഞ്ഞു. ആ കൂട്ടത്തില്‍ ദുഷിച്ച മനസുള്ള ഒരുപാട് ആളുകളുണ്ടായിരുന്നു,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

‘ആ ടീമിനൊപ്പം ക്യാന്‍സര്‍ പോലെ വ്യക്തിത്വമുള്ള ആളുകളുമുണ്ടായിരുന്നു, ആരുടെയും പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മൂന്ന് വര്‍ഷം ഒരുപോലെ കയ്‌പ്പേറിയതും മധുരവുമുള്ള അനുഭവങ്ങളാണ് ഡെയര്‍ഡെവിള്‍സ് എനിക്ക് സമ്മാനിച്ചത്. ഞാന്‍ ആഗ്രഹിച്ച പോലെ ഒരു പിന്തുണ ആ ടീമില്‍ നിന്നും എനിക്ക് ലഭിച്ചില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2008 ലും 2009 ലും ദല്‍ഹിക്കൊപ്പം മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഡി വില്ലിയേഴ്‌സിന്റെ കൂടി കരുത്തിലാണ് ടീം ആദ്യ നാലില്‍ ഇടം നേടിയത്. 2009ല്‍ താരം 465 റണ്‍സ് നേടുകയും ചെയ്തു.

എന്നാല്‍ തൊട്ടടുത്ത സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയതോടെ ടീം ഡി വില്ലിയേഴ്‌സ് ലേലത്തില്‍ വിടുകയും ചെയ്തു.

എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഭാഗമായ താരം ഐ.പി.എല്‍ ഇതിഹാസം എന്ന ലേബലിലേക്ക് ഉയരുകയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി സ്വയം അടയാളപ്പെടുത്താന്‍ ഡി വില്ലിയേഴ്‌സിന് ആര്‍.സി.ബിയിലെ പ്രകടനങ്ങള്‍ മാത്രം മതിയായിരുന്നു.

വിരാട് കോഹ്‌ലിക്കും ക്രിസ് ഗെയ്‌ലിനുമൊപ്പം ചേര്‍ന്ന് ഐ.പി.എല്ലിലെ ഏറ്റവും ഡിസ്ട്രക്ടീവായ ബാറ്റിങ് യൂണിറ്റായി ആര്‍.സി.ബിയെ മാറ്റാനും ഡി വില്ലിയേഴ്‌സിന് സാധിച്ചിരുന്നു. എന്നാല്‍ കരിയറില്‍ ഐ.പി.എല്‍ കിരീടമെന്ന മോഹം താരത്തിന് ഉപേക്ഷിക്കേണ്ടി വന്നു.

ഡി വില്ലിയേഴ്‌സിനൊപ്പം രണ്ട് സീസണില്‍ ഫൈനലിന് ടീം യോഗ്യത നേടിയെങ്കിലും രണ്ട് തവണയും പരാജയപ്പെട്ടു. എങ്കിലും ആര്‍.സി.ബി 2025ല്‍ ചരിത്ര വിജയം സ്വന്തമാക്കിയപ്പോള്‍ ഡി വില്ലിയേഴ്‌സ് ആ നേട്ടം നേരിട്ട് കാണാന്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു.

ടീമിന്റെ വിജയാഘോഷത്തില്‍ പങ്കുചേര്‍ന്ന ഡി വില്ലിയേഴ്‌സിനെ മുന്‍ താരമെന്നതിനേക്കാളുപരി ടീമിലെ താരമെന്ന നിലയില്‍ തന്നെയാണ് പ്രോട്ടിയാസ് ലെജന്‍ഡിനെ നെഞ്ചേറ്റിയത്.

 

Content Highlight: AB de Villiers about Delhi Daredevils