സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ടി – 20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതിന് ശേഷം ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ആരാധകര്‍ ആവശ്യമുന്നയിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗില്ലിനെ പിന്തുണക്കുകയാണ് മുന്‍ പ്രോട്ടിയാസ് സൂപ്പര്‍താരം എ.ബി. ഡി വില്ലിയേഴ്സ്.
ഇന്ത്യന്‍ ടീമില്‍ എല്ലാ താരങ്ങളും അഗ്രസീവാണെന്നും അതിനാല്‍ തന്നെ ഗില്ലിനെ പോലെ ഒരാള്‍ ടീമിന് സ്ഥിരത ലഭിക്കാന്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഗില്ലിന്റെ ഫോമില്‍ ആശങ്കപ്പെടുന്നില്ലെന്നും ടി – 20 ടീമില്‍ നിന്ന് ഒഴിവാക്കുക ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഡിവില്ലേഴ്സ്.
‘ശുഭ്മന്‍ ഗില്‍ ഒന്നോ രണ്ടോ മത്സരത്തിലാണ് പരാജയപ്പെട്ടത്. അപ്പോഴേക്കും അവനെ മാറ്റുന്നതിനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. നമ്മള്‍ കുറച്ച് കൂടി ക്ഷമ കാണിക്കണം. ടീമില്‍ നിരവധി അഗ്രസീവ് ബാറ്റര്‍മാരുള്ളത് കൊണ്ട് അവനെ പോലെ ഒരാളെയാണ് നമുക്ക് ആവശ്യം.
ജെയ്സ്വാള്‍ മികച്ച കളിക്കാരനാണെങ്കിലും ഞാന്‍ ഗില്ലിന് പകരം അവനെ കളിപ്പിക്കില്ല. ഞാന്‍ ഗില്ലിനെ മൂന്നാം സ്ഥാനത്തേക്ക് മാറ്റി ജെയ്സ്വാളിനെ ഓപ്പണിങ്ങില്‍ കളിപ്പിക്കും.
അപ്പോള്‍ രണ്ട് ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യേണ്ടി വരും. അങ്ങനെ വരുമ്പോള്‍ എതിര്‍ ബൗളര്‍മാര്‍ക്ക് അവരെ പുറത്താക്കാന്‍ എളുപ്പത്തില്‍ സാധിക്കും. ഇത് ഇന്ത്യന്‍ ടീമിന് ഒരു തലവേദനയാണ്,’ ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ശുഭ്മൻ ഗിൽ. Photo: SomeshJangra/x.com
താന്‍ ഗില്ലിന്റെ കാര്യത്തില്‍ പരിഭ്രാന്തനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അവന് മികച്ച ക്യാരക്റ്ററുണ്ട്. എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ, നിര്‍ണായക മത്സരങ്ങളില്‍ അവന്‍ മികച്ച പ്രകടനം നടത്തും, റണ്‍സ് നേടും. നിങ്ങള്‍ ആഗ്രഹിക്കുന്ന താരം അവനായിരിക്കും. ഞാന്‍ ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കില്ലെന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേര്‍ത്തു.