| Sunday, 18th May 2025, 4:38 pm

തുടരും സിനിമയുടെ തമിഴ്‌നാട് റെസ്‌പോണ്‍സില്‍ ലൗലിയുടെ വീഡിയോ, ആഷിക് അബുവിനെ ട്രോളി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൗലി. ത്രീ.ഡിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ലൗലിയുമായി ബന്ധപ്പെട്ട് ഛായാഗ്രഹകനായ ആഷിക് അബുവാണ് സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം.

ചിത്രത്തിന്റെ തമിഴ്‌നാട് തിയേറ്റര്‍ റെസ്‌പോണ്‍സ് വീഡിയോ എന്ന് അവകാശപ്പെട്ട് ആഷിക് അബു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വിവാദത്തിന് കാരണം. മോഹന്‍ലാല്‍ നായകനായ തുടരും സിനിമയുടെ തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്നുള്ള പ്രേക്ഷക പ്രതികരണമാണ് ആഷിക് അബു ലൗലിയുടേതെന്ന പേരില്‍ പങ്കുവെച്ചത്.

വീഡിയോയുടെ സോഴ്‌സ് മനസിലാകാതിരിക്കാനായി ചാനലിന്റെ പേര് ബ്ലര്‍ ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഫീല്‍ ഗുഡ് സിനിമയാണെന്നും മാസ് സീനുകള്‍ നന്നായിട്ടുണ്ടെന്നും ചിലര്‍ പറയുന്നത് ലൗലിയെക്കുറിച്ചാണോ എന്ന സംശയത്തിന് പിന്നാലെയാണ് വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് പലരും അന്വേഷിച്ചത്.

ആഷിക് അബു പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആദ്യം സംസാരിക്കുന്ന വ്യക്തി തുടരും സിനിമയെക്കുറിച്ചാണ് പറയുന്നതെന്ന് കാണിക്കുന്ന വീഡിയോ ഇതിനോടൊപ്പം വൈറലായി. വീഡിയോയുടെ അവസാനം ‘ മോഹന്‍ലാല്‍ നന്നായി അഭിനയിച്ചിട്ടുണ്ട്’ എന്ന് പറയുന്ന ഭാഗം കട്ട് ചെയ്താണ് അയാളുടെ പ്രതികരണം ലൗലിയുടെ റെസ്‌പോണ്‍സില്‍ ചേര്‍ത്തത്.

ആഷിക് അബു ഇത് അറിഞ്ഞുകൊണ്ട് ചെയ്തതാണോ അതോ പി.ആര്‍. ടീമിന് സംഭവിച്ച അബദ്ധമാണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. വീഡിയോ വിവാദമായതോടെ ആഷിക് അബു തന്റെ ഫീഡില്‍ നിന്ന് ഇത് നീക്കം ചെയ്തിരുന്നു. എന്നാല്‍ സ്‌ക്രീന്‍ റെക്കോഡറില്‍ നിന്നെടുത്ത വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

കാനഡയിലേക്ക് പോകാന്‍ നില്‍ക്കുന്ന യുവാവിന്റെ ജീവിതത്തിലേക്ക് ഒരു ഈച്ച കടന്നുവരുന്നതാണ് ലൗലിയുടെ കഥ. ഹൈബ്രിഡ് ത്രീ.ഡി ഫോര്‍മാറ്റിലെത്തിയ ചിത്രത്തില്‍ ശിവാംഗി കൃഷ്ണകുമാറാണ് ഈച്ചക്ക് ശബ്ദം നല്‍കിയത്. മനോജ് കെ. ജയന്‍, ജോമോന്‍ ജ്യോതിര്‍, പ്രശാന്ത് മുരളി, അരുണ്‍ പ്രദീപ് തുടങ്ങിയവരാണ് ലൗലിയിലെ മറ്റ് താരങ്ങള്‍.

Content Highlight: Aashiq Abu’s  post about Lovely movie Theatre response video criticizing in  social media

We use cookies to give you the best possible experience. Learn more