| Wednesday, 21st May 2025, 12:11 pm

തുടരുമിനെക്കുറിച്ചും കെവിന്‍ കൊലപാതകത്തെ കുറിച്ചും തരുണ്‍ വിവരിച്ചു; കാര്യങ്ങള്‍ എളുപ്പമാക്കിയത് അതിലൂടെ: ആര്‍ഷ ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് വന്‍വിജയമായ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. 16 വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒരുമിച്ച് എത്തിയ സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തില്‍ നടി ആര്‍ഷ ബൈജുവും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. വില്ലനായി എത്തിയ പ്രകാശ് വര്‍മയുടെ ജോര്‍ജ് മാത്തന്‍ എന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് ആര്‍ഷ അഭിനയിച്ചത്. മേരി എന്നായിരുന്നു നടിയുടെ കഥാപാത്രത്തിന്റെ പേര്.

തുടരും എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ആര്‍ഷ ബൈജു. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തുടരും എന്ന ചിത്രത്തിലേത് എന്ന് ആര്‍ഷ പറയുന്നു. മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ഷ ബൈജു.

‘എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തുടരും എന്ന ചിത്രത്തിലേത്. ആവറേജ് അമ്പിളി റിലീസ് ആയപ്പോള്‍ത്തന്നെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചിരുന്നു. ഞങ്ങള്‍ പരിചയപ്പെടുന്നതും ആ സമയത്താണ്. അതിലെ എന്റെ അഭിനയം നന്നായിരുന്നുവെന്ന് പറഞ്ഞു.

എന്നാല്‍, അന്ന് സിനിമയുടെ കാര്യമൊന്നും സംസാരിച്ചിരുന്നില്ല. തുടരും സിനിമയിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് ബിനു പപ്പു ആയിരുന്നു. അദ്ദേഹം കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചശേഷമാണ് തരുണ്‍ മൂര്‍ത്തി വിളിക്കുന്നത്. സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമാണെങ്കിലും അവസാനം വളരെ കുറച്ചു സീനുകളില്‍ മാത്രമാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്.

പാളിപ്പോകാന്‍ സാധ്യതയുള്ള ഒരു കഥാപാത്രമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം തുടരും എന്ന സിനിമയിലേത്. അതുകൊണ്ടുതന്നെ അതിന്റേതായ ടെന്‍ഷനുമുണ്ടായിരുന്നു. എന്നാല്‍, ഏറ്റവും മികച്ചത് നല്‍കാന്‍ എല്ലാ ശ്രമങ്ങളും നടത്തി. അതിന് സംവിധായകന്റെ പൂര്‍ണ പിന്തുണയും ലഭിച്ചതോടെ ബുദ്ധിമുട്ടായിത്തോന്നിയ പല കാര്യങ്ങളും എളുപ്പത്തില്‍ ചെയ്യാന്‍ സാധിച്ചു.

സിനിമയെക്കുറിച്ചും അതിനെ സ്വാധീനിച്ച കെവിന്‍ കൊലപാതകവും സിനിമയിലെ ഓരോരോ സീനുകളും കൃത്യമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി വിവരിച്ചു നല്‍കിയിരുന്നു. ശരിക്കും അദ്ദേഹത്തിന്റെ ആ കഥ പറച്ചില്‍ രീതിയാണ് എനിക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കിയത് എന്ന് പറയാം. എന്താണ് അദ്ദേഹം നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ആ വിവരണത്തില്‍ വ്യക്തമായിരിക്കും. അത് നല്‍കുകയെന്ന ഉത്തരവാദിത്തം മാത്രമാണ് നമുക്കുള്ളത്,’ ആര്‍ഷ ബൈജു പറയുന്നു.

Content Highlight: Aarsha Baiju Talks About Thudarum Movie

We use cookies to give you the best possible experience. Learn more