തുടരും എന്ന ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി ആര്‍ഷ ബൈജു. തുടരുമില്‍ വളരെ നിര്‍ണായകമായ ഒരു കഥാപാത്രമായാണ് ആര്‍ഷ എത്തുന്നത്. ഗംഭീരമായി ആ കഥാപാത്രത്തെ അവതരിപ്പിക്കാനും ആര്‍ഷയ്ക്ക് സാധിച്ചിരുന്നു.
തന്റെ കഥാപാത്രത്തിനായി തന്ന റഫറന്‍സിനെ കുറിച്ചും തരുണ്‍ മൂര്‍ത്തിയുടേയും സുനിലിന്റേയും മനസിലുണ്ടായിരുന്ന കാര്യങ്ങളെ കുറിച്ചുമൊക്കെ ആര്‍ഷ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
‘ശരിക്കും, ദുരഭിമാനക്കൊലയാണല്ലോ എന്റെ ക്യാരക്ടറിന്റെ പ്ലോട്ട്. എനിക്ക് തന്നിരിക്കുന്ന റെഫറന്‍സ് കോട്ടയത്തെ കെവിന്‍-നീനു സംഭവമായിരുന്നു.
ആദ്യത്തെ നരേഷനില്‍ തന്നെ അക്കാര്യം പറഞ്ഞിരുന്നു. സുനില്‍ ചേട്ടനും തരുണ്‍ ചേട്ടനും എഴുതിയപ്പോഴും അതായിരുന്നു അവരുടെ മനസില്‍ ഉണ്ടായിരുന്നത്.
അതിനെ പറ്റി കുറേ സംസാരിച്ചിരുന്നു. അതിന്റെ റഫറന്‍സും വീഡിയോകളും എല്ലാം എനിക്ക് അയച്ചു തന്നു. അതിലൂടെയൊക്കെ ഞാന്‍ പോയിട്ടുണ്ടായിരുന്നു.
പിന്നെ മേരി എന്ന് പറയുന്ന ഒരു ക്യാരക്ടറിന്റെ ബാക്ക് ഗ്രൗണ്ട് എനിക്ക് തന്നിട്ടുണ്ടായിരുന്നു. ഇത്രയും കാലത്തെ അവളുടെ അവസ്ഥ.
അമ്മ മരിച്ചത്. അച്ഛന്റെ കൂടെയുള്ള ജീവിതം. ആ വീട്ടിലെ ഒറ്റപ്പെട്ട ജീവിതം. പവി അവള്‍ക്ക് എങ്ങനെ ആയിരിക്കും. ഇങ്ങനത്തെ കാര്യങ്ങളെല്ലാം ഡീറ്റെയില്‍ ആയി പറഞ്ഞു തന്നിരുന്നു.
അഭിനയിക്കുന്നതിന് മുന്‍പ് അത് പറഞ്ഞ് ആ നരേഷന്‍ തന്ന് ആ മൂഡിലേക്ക് നമ്മളെ കൊണ്ടുവന്ന ശേഷമാണ് ചെയ്യിപ്പിക്കുന്നത്. എല്ലാ ആക്ടേഴ്‌സിനേയും അങ്ങനെ തന്നെയായിരിക്കും തരുണ്‍ ചേട്ടന്‍ ചെയ്യുന്നത്. ആ ക്യാരക്ടറിലേക്ക് ഞാന്‍ എത്തിയ പരിപാടി അങ്ങനെ ആയിരുന്നു,’ ആര്‍ഷ പറഞ്ഞു.
ചെറിയ ഭാഗമാണെങ്കിലും നന്നായി ചെയ്യാന്‍ കഴിഞ്ഞെന്നാണ് വിശ്വസിക്കുന്നതെന്നും ചെറുപ്പം മുതലേ മോഹന്‍ലാല്‍ ഫാനായ തനിക്ക് കിട്ടിയ വലിയ ഭാഗ്യമാണ് തുടരുമിലെ കഥാപാത്രമെന്നും ആര്‍ഷ പറഞ്ഞു.
സെറ്റില്‍ എത്തുമ്പോള്‍ എത്ര എക്‌സൈറ്റ്‌മെന്റ് ഉണ്ടാവില്ലെന്ന് വിചാരിച്ചാലും ഇവരെയാക്കെ കാണുമ്പോള്‍ നമ്മള്‍ ആകെ വല്ലാത്തൊരു അവസ്ഥയിലാകുമെന്നും ലാലേട്ടനേയും ശോഭനാ മാമിനേയുമൊക്കെ കണ്ടപ്പോള്‍ തന്നെ എക്‌സൈറ്റഡായിരുന്നെന്നും താരം പറഞ്ഞു.
Content Highlight: Aarsha Baiju about thudarum Movie and her Character reference