അണ്ടർ 19 ഏഷ്യ കപ്പിൽ മിന്നും പ്രകടനവുമായി മറുനാടൻ മലയാളി താരം ആരോൺ വർഗീസ്. പാകിസ്ഥാന് എതിരെയുള്ള മത്സരത്തിൽ താരം ഫിഫ്‌റ്റിയുമായാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റൺസാണ് എടുത്തത്. അതിൽ നിർണായകമായ ഇന്നിങ്‌സ് ആരോണിന്റേതായിരുന്നു.
ആരോൺ ഈ മത്സരത്തിൽ ഫിഫ്റ്റി നേടിയാണ് തിളങ്ങിയത്. താരം 88 പന്തിൽ 85 റൺസ് എടുത്തു. ഒരു സിക്‌സും 12 ഫോറും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. താരം തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോററും.
അർധ സെഞ്ച്വറിക്ക് പുറമെ, രണ്ട് നിർണായക കൂട്ടുകെട്ടുണ്ടാക്കാനും ആരോണിന് സാധിച്ചു. ആദ്യം രണ്ടാം വിക്കറ്റിൽ ആയുഷ് മാഹ്ത്രെയുമായി ചേർന്ന് 49 റൺസിന്റെ കൂട്ടുകെട്ട് താരം പടുത്തുയർത്തി. പിന്നീട് ടീമിന്റെ വിക്കറ്റ് കീപ്പറായ അഭിജ്ഞാൻ അഭിഷേക് കുന്ദുവുമായി അർധ സെഞ്ച്വറി പാർട്ട്ണർഷിപ്പും ഹൈദരാബാദി മലയാളി ഉയർത്തി.
ആറാമനായി എത്തിയ അഭിഷേക് കുന്ദുവുമായി ചേർന്ന് ആരോൺ സ്കോർ ബോർഡിലേക്ക് ചേർത്തത് 60 റൺസാണ്. ഈ രണ്ട് കൂട്ടുകെട്ടുകളും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായിരുന്നു. ഇത് ആദ്യമായല്ല വലം കൈയ്യൻ ബാറ്റർ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്നത്.
ആരോൺ വർഗീസും വൈഭവ് സൂര്യവംശിയും ഏഷ്യാ കപ്പിലെ ഒന്നാം മത്സരത്തിനിടെ. Photo: BCCI/x.com
നേരത്തെ, ടൂർണമെന്റിലെ യു.എ.ഇക്കെതിരായ ആദ്യ മത്സരത്തിലും ആരോൺ തിളക്കമാർന്ന പ്രകടനം നടത്തിയിരുന്നു. ഡിസംബർ 12ന് നടന്ന മത്സരത്തിൽ വൈഭവ് സൂര്യവംശി സെഞ്ച്വറി നേടിയപ്പോൾ താരവും അർധ സെഞ്ച്വറി നേടി ഇന്ത്യയുടെ വിജയത്തിൽ ഭാഗമായി.
ആ മത്സരത്തിൽ 73 പന്തിൽ 69 റൺസായിരുന്നു ആരോണിന്റെ സമ്പാദ്യം. താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നതാകട്ടെ ഒരു സിക്‌സും ഏഴ് ഫോറുകളുമായിരുന്നു. ഈ ഇന്നിങ്‌സിനൊപ്പം വൈഭവിന്റെ കൂടെ 212 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തി. അതിന് ശേഷം തുടർച്ചയായ രണ്ടാം മത്സരത്തിലും താരം ഫിഫ്റ്റി നേടി ആരാധകരുടെ മനസ് കീഴടക്കുകയാണ്.
Content Highlight: Aaron Varghese, a Hyderabadi Malayali player hit consecutive half centuries for India in U19 Asia Cup