ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പരമ്പരയ്ക്കായി 15 അംഗ സ്‌ക്വാഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയാണ് ഏകദിന ടീമിനെ പുറത്ത് വിട്ടത്. മൂന്ന് ഏകദിന മത്സരങ്ങളോടെയാണ് ഓസ്ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്.
ഇപ്പോള്‍ ഈ പരമ്പരയില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ജയിക്കുമെന്ന് പറയുകയാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഈ പരമ്പര മികച്ചതായിരിക്കുമെന്നും എന്നാല്‍ ഓസ്‌ട്രേലിയ 2 -1ന് ഇത് നേടുമെന്നും അദ്ദേഹം പറഞ്ഞു. വിരാട് കോഹ്ലി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.
‘ഇതൊരു മികച്ച പരമ്പരയായിരിക്കും. ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ വരുന്ന പരമ്പരയെല്ലാം കടുപ്പമേറിയതാണ്. വിരാട് കോഹ്ലി തിരിച്ചെത്തിയതോടെ അവന്‍ ഞങ്ങള്‍ക്കെതിരെ മികച്ച പ്രകടനം നടത്തും. ഇന്ത്യ മികച്ച ടീമാണ് പക്ഷേ, ഈ പരമ്പര 2 -1 ന് ഓസ്‌ട്രേലിയ നേടും,’ ഫിഞ്ച് പറഞ്ഞു.
ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചും ഫിഞ്ച് സംസാരിച്ചു. ടി – 20യിലും ടെസ്റ്റിലും മികച്ച നായകനെന്ന് അവന്‍ തെളിയിച്ചിട്ടുണ്ടെന്നും ഈ ഫോര്‍മാറ്റിലും വ്യത്യസ്തമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അവനൊരു താരമാണ്. ഇംഗ്ലണ്ടിനെതിരെ നയിച്ച രീതി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ ഗില്ലിനെ പ്രാപ്തനാക്കുന്നുവെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒക്ടോബര്‍ 19നാണ് പരമ്പര ആരംഭിക്കുന്നത്. ഒക്ടോബര്‍ 19, 23, 25 എന്നീ ദിവസങ്ങളിലാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിന് ശേഷം ഇന്ത്യയ്ക്ക് ഓസ്ട്രേലിയക്കെതിരെ ടി – 20 പരമ്പരയുമുണ്ട്. അഞ്ച് മത്സരങ്ങളാണുള്ളത്.