200 കോടിയുടെ തിളക്കവും കടന്ന് മുന്നോട്ട് കുതിക്കുകയാണ് വാഴ 2. താരബാഹുല്യമോ ബജറ്റിന്റെ ആധിക്യമോ ഇല്ലാതെ കണ്ടന്റിന്റെ ബലം കൊണ്ടാണ് ചിത്രം ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയിലും വാഴ 2 ഇടംപിടിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോകള്‍ ചെയ്യുന്ന ഒരുകൂട്ടം ആളുകളാണ് വാഴ 2ലെ പ്രധാന താരങ്ങള്‍. ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവര്‍ക്കൊപ്പം ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ ഒരുകൂട്ടമാളുകളും ചിത്രത്തിലുണ്ട്. അത്തരത്തിലൊരാളാണ് ആരാധ്യ സായ്. അലന്റെ കാമുകിയായി വേഷമിട്ടത് ആരാധ്യയായിരുന്നു.
ആരാധ്യ സായ് Photo: Screen grab/ Club FM
ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ ആരാധ്യ ആദ്യമായി അഭിനയിച്ച ചിത്രമാണ് വാഴ 2. ബേസില്‍ നായകനായ മരണമാസിന്റെ ഓഡിഷന് പങ്കെടുത്തിരുന്നെങ്കിലും അവസരം കിട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആദ്യ ചിത്രം തന്നെ 200 കോടി കളക്ഷന്‍ നേടിയതിന്റെ ത്രില്ലിലാണ് ആരാധ്യ. ഇപ്പോഴിതാ ആരാധ്യ വാഴ 2ന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.
‘പടത്തിലേക്ക് എന്നെ വിളിച്ചു, എനിക്ക് റോള്‍ കിട്ടി എന്ന് ഉറപ്പിച്ചത് ഫസ്റ്റ് ഷോട്ട് എടുത്തപ്പോഴായിരുന്നു. ഓഡിഷനും കഴിഞ്ഞ്, പിന്നീട് രണ്ട് ദിവസത്തെ വര്‍ക്ക്‌ഷോപ്പും കഴിഞ്ഞപ്പോഴും വിശ്വാസം വന്നിരുന്നില്ല. അലന്റെ ഗേള്‍ഫ്രണ്ട് എന്ന് മാത്രമേ എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നുള്ളൂ.
വാഴ 2 Photo: Vaazha 2 movie/ Facebook
ആദ്യം എടുത്തത് സുന്നത്ത് കഴിഞ്ഞതിന് ശേഷം അലനുമായി സംസാരിക്കുന്ന സീനായിരുന്നു. ഞങ്ങളൊട്ടും പ്രിപ്പയേഡ് ആയിരുന്നില്ല. ലൈറ്റ് പോകുന്നതിന് മുമ്പ് ആ സീന്‍ എടുക്കാമെന്ന് അപ്പോള്‍ തീരുമാനിക്കുകയായിരുന്നു. ആ സമയത്ത് അലനുമായി അത്ര കമ്പനിയായിട്ടില്ലായിരുന്നു. സംസാരിച്ച് കുറച്ച് ആയെങ്കിലും അത്രക്ക് ക്ലോസാകാന്‍ സാധിച്ചില്ല.
ആ സമയത്താണ് ഈ ഷോട്ട് എടുക്കുന്നത്. ഡയറക്ടര്‍ വന്നിട്ട് എന്നോട് ‘മോളെ, കുറച്ച് ഇന്നസെന്റായിട്ട് ചെയ്യണം, നമുക്ക് ലൈറ്റും കുറവാണ്. നിങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന പിള്ളേരാണ്. അവന് വേദനയെടുത്താല്‍ മോള്‍ക്കും വേദനയെടുക്കും. ഇത് മനസില്‍ വെച്ചോ’ എന്ന് പറഞ്ഞു. അങ്ങനെയാണ് ആ സീന്‍ ചെയ്തത്,’ ആരാധ്യ പറയുന്നു.
വര്‍ക്ക്‌ഷോപ്പിന്റെ സമയത്ത് താന്‍ ഈ സീന്‍ ചെയ്തിരുന്നെന്നും എന്നാല്‍ മറ്റൊരു രീതിയിലാണ് പ്രസന്റ് ചെയ്തതെന്നും ആരാധ്യ പറഞ്ഞു. പെട്ടെന്ന് ഇന്നസെന്റായി പ്രസന്റ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ കുറച്ച് ടെന്‍ഷനായെന്നും താരം കൂട്ടിച്ചേര്‍ത്തു. പിന്നീട് അലനും ടീമുമായി നല്ല കമ്പനിയായെന്നും സെറ്റ് മുഴുവന്‍ നല്ല വൈബായിരുന്നെന്നും ആരാധ്യ പറയുന്നു.
Content Highlight: Aaradhya Sai shares her shooting experience in Vaazha 2 movie