| Thursday, 12th June 2025, 8:55 am

സ്‌ക്രിപ്റ്റ് പോലും കേള്‍ക്കാന്‍ നിന്നില്ല, ലോകേഷ് പറഞ്ഞതും ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു: ആമിര്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് വിളിപ്പേരുള്ള നടനാണ് ആമിര്‍ ഖാന്‍. 30 വര്‍ഷത്തിലധികം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ വേഷപ്പകര്‍ച്ച കൊണ്ട് അദ്ദേഹം പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ബോളിവുഡിലെ പല റെക്കോഡ് കളക്ഷനും ആമിറിന്റെ ചിത്രങ്ങളിലൂടെയാണ് പിറന്നത്. ഓരോ സിനിമയിലും തന്റെ മാക്സിമം എഫര്‍ട്ട് പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ആമിര്‍ ഖാന്‍ ആദ്യമായി ഭാഗമാകുന്ന തമിഴ് ചിത്രമാണ് കൂലി. രജിനികാന്ത് നായകനായെത്തുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ അതിഥിവേഷത്തിലാണ് ആമിര്‍ ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. കൂലി എന്ന ചിത്രം കമ്മിറ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ലോകേഷ് കനകരാജുമായി താന്‍ ഒരു വലിയ പ്രൊജക്ട് ചെയ്യുന്നുണ്ടെന്നും അതിന് മുമ്പ് കൂലിയില്‍ ചെറിയൊരു വേഷത്തില്‍ എത്തുന്നുണ്ടെന്നും താരം പറഞ്ഞു. രജിനികാന്തിനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അക്കാരണം കൊണ്ടാണ് താന്‍ കൂലി കമ്മിറ്റ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. സ്‌ക്രിപ്റ്റ് പോലും കേള്‍ക്കാന്‍ താന്‍ നിന്നില്ലെന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. സൂം മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘ലോകേഷ് കനകരാജുമായി ഞാന്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ അതിന്റെ വര്‍ക്കുകള്‍ ആരംഭിക്കും. ഇപ്പോള്‍ അദ്ദേഹം കൈതി 2വിന്റെ വര്‍ക്കിലാണ്. അത് മാത്രമല്ല, കൂലിയിലും ഞാന്‍ ഭാഗമാകുന്നുണ്ട്. വലിയ വേഷമൊന്നുമല്ല, ചെറിയൊരു കാമിയോ മാത്രമാണ് ഞാന്‍ ആ സിനിമയില്‍ ചെയ്യുന്നത്.

രജിനി സാറിനൊപ്പം വര്‍ക്ക് ചെയ്യുക എന്ന ആഗ്രഹം കൊണ്ടാണ് ആ സിനിമക്ക് ഓക്കെ പറഞ്ഞത്. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാന്‍ ഒരുപാട് ആരാധിക്കുന്ന നടനാണ് രജിനി സാര്‍. ഇങ്ങനെയൊരു വേഷം ചെയ്യാമോ എന്ന് ലോകേഷ് ചോദിച്ചതും ഞാന്‍ ഓക്കെ പറഞ്ഞു. സ്‌ക്രിപ്റ്റ് പോലും കേള്‍ക്കാന്‍ നിന്നില്ല,’ ആമിര്‍ ഖാന്‍ പറയുന്നു.

ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ ഒരുക്കിയ ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിനികാന്തിനൊപ്പം നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍, ശ്രുതി ഹാസന്‍ എന്നിവര്‍ വേഷമിടുന്നു. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Aamir Khan saying he committed Coolie movie without hearing the script

We use cookies to give you the best possible experience. Learn more