| Wednesday, 7th May 2025, 10:43 am

കഥാപാത്രത്തിന്റെ പൂര്‍ണതക്ക് വേണ്ടി ആ സിനിമയുടെ സമയത്ത് കുറേക്കാലം ഞാന്‍ കുളിച്ചില്ല: ആമിര്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന നടനാണ് ആമിര്‍ ഖാന്‍. 40 വര്‍ഷത്തിലധികം നീണ്ടുനിന്ന സിനിമാ ജീവതത്തില്‍ ആമിര്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ബോളിവുഡിലെ പല റെക്കോഡ് കളക്ഷനും ആമിറിന്റെ ചിത്രങ്ങളിലൂടെയാണ് പിറന്നത്. ഹിന്ദിയിലെ ആദ്യത്തെ 200, 300, 700, 1000 കോടി ചിത്രങ്ങള്‍ തന്റെ പേരിലാക്കാന്‍ ആമിര്‍ ഖാന് സാധിച്ചു.

ഒരു ചിത്രത്തിന് വേണ്ടി ആമിര്‍ ഖാന്‍ കുളിക്കാതെ അഭിനയിച്ചിരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ അത്തരം അഭ്യുഹങ്ങള്‍ ശരിയായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ആമിര്‍ ഖാന്‍. ഫ്രഷ് ആയി കാണപ്പെടാന്‍ ആഗ്രഹിക്കാത്തതിനാല്‍ കുളിക്കാതിരുന്നതായി ആമിര്‍ ഖാന്‍ പറയുന്നു.

 1989 ല്‍ പുറത്തിറങ്ങിയ രാഖ് എന്ന ചിത്രത്തിന് വേണ്ടിയും 1998 ല്‍ തിയേറ്ററുകളില്‍ എത്തിയ ഗുലാം എന്ന ചിത്രത്തിന് വേണ്ടിയും താന്‍ കുളിച്ചിരുന്നില്ലെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. എ.ബി.പി ലൈവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഇത് ഒരു തവണയല്ല, രണ്ടുതവണ ചെയ്തിട്ടുണ്ട്. രാഖ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യത്തെ തവണ കുളിക്കാതെ ഇരുന്നത്. സിനിമയുടെ ചിത്രീകരണ സമയത്ത് എന്റെ കഥാപാത്രം വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം തെരുവുകളില്‍ ജീവിക്കുന്ന ആളായതുകൊണ്ട് ഞാന്‍ കുളിച്ചില്ല.

അത് ശരിക്കും തോന്നണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തെരുവില്‍ ഒരാളെപ്പോലെ തോന്നാന്‍ ഞാന്‍ കുളിക്കുന്നത് കുറച്ച് കാലത്തേക്ക് ഒഴിവാക്കി.

ഗുലാം എന്ന സിനിമയുടെ സമയത്തും ഞാന്‍ ഇതുപോലെ കുളിക്കാതിരുന്നിട്ടുണ്ട്. ഗുലാമിന്റെ ക്ലൈമാക്‌സില്‍ ഒരു നീണ്ട ആക്ഷന്‍ സീക്വന്‍സ് ഉണ്ടായിരുന്നു.അത് ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് വലിയ രീതിയില്‍ പരിക്കേറ്റിരുന്നു. ക്രമേണ, എന്റെ പരിക്കുകള്‍ കൂടാന്‍ തുടങ്ങി. ആ സിനിമയുടെ ഓരോ ദിവസത്തെയും ഷൂട്ട് കഴിഞ്ഞ് എല്ലാ ദിവസവും കുളിച്ചിരുന്നെങ്കില്‍ അത് എന്റെ കഥാപാത്രത്തിന്റെ തുടര്‍ച്ചയെ നശിപ്പിക്കുമായിരുന്നു.

അതുകൊണ്ട് ആ രംഗത്തിന്റെ അതേ ലുക്കും ഫീലും നിലനിര്‍ത്താന്‍ ഒരു ആഴ്ചത്തേക്ക് കുളിക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. കാരണം അടുത്ത ദിവസം കുളിക്കുമ്പോള്‍ ഫ്രഷ് ആയി തോന്നില്ലേ, അത് എനിക്ക് വേണ്ടായിരുന്നു,’ ആമിര്‍ ഖാന്‍ പറയുന്നു.

Content Highlight: Aamir Khan said he didn’t bathe as he didn’t want to look fresh

We use cookies to give you the best possible experience. Learn more