ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ആമിര്‍ ഖാന്‍. ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റെന്ന് അറിയപ്പെടുന്ന ആമിര്‍ ഖാന്‍ സ്‌ക്രിപ്റ്റ് സെലക്ഷന്‍ കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും ബോളിവുഡില്‍ വേറിട്ടു നില്‍ക്കുന്ന നടനാണ്. ബോളിവുഡിലെ ആദ്യത്തെ 300,500,700,1000 കോടി ചിത്രങ്ങള്‍ പിറന്നത് ആമിര്‍ ഖാനിലൂടെയായിരുന്നു.
താരത്തിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. 250 കോടി ബജറ്റിലെത്തിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ലാല്‍ സിങ് ഛദ്ദ ശരാശരിയിലൊതുങ്ങി. ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ ആമിര്‍ ഖാന്‍ രണ്ടുവര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നു.
ഇപ്പോഴിതാ ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം സിതാരേ സമീന്‍ പര്‍ റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തിറക്കി. ജൂണ്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചത്. സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കായാണ് സിതാരേ സമീന്‍ പര്‍ ഒരുങ്ങുന്നത്.
2018ല്‍ പുറത്തിറങ്ങിയ ചാമ്പ്യന്‍സ് സാമ്പത്തികപരമായി വലിയ വിജയം സ്വന്തമാക്കിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ശിക്ഷയായി 90 ദിവസത്തേക്ക് സാമൂഹ്യ സേവനം ചെയ്യേണ്ടിവരുന്ന ഒരു ബാസ്‌കറ്റ് ബോള്‍ കോച്ചിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് മാറുമ്പോള്‍ കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുമെന്ന് ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.
ആര്‍.എസ്. പ്രസന്നയാണ് സിതാരേ സമീന്‍ പര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റേതാണ് നിര്‍മാണം. ജെനീലിയ ദേശ്മുഖും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശങ്കര്‍-എഹ്‌സാന്‍- ലോയ് കോമ്പോയുടേതാണ് സംഗീതം. രണ്ട് വര്‍ഷത്തിന് ശേഷമുള്ള ആമിര്‍ ഖാന്റെ വരവ് മികച്ച ചിത്രവുമായാകും എന്നാണ് സിനിമാലോകം കരുതുന്നത്.
ഇതിന് മുമ്പ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ഫീല്‍ ഗുഡ് ചിത്രവുമായി വന്ന് ബോക്‌സ് ഓഫീസില്‍ അതിശയിപ്പിക്കുന്ന പ്രകടനം ആമിര്‍ ഖാന്‍ കാഴ്ചവെച്ചിരുന്നു. വെറും 15 കോടി ബജറ്റിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 850 കോടിക്കുമുകളില്‍ സ്വന്തമാക്കി. ഇത്തവണയും ആമിര്‍ ഖാന്‍ ചരിത്രമാവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Content Highlight: Aamir Khan’s Sitaare Zameen Par movie announced its release date