ന്യൂദല്‍ഹി: പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന രാഘവ് ഛദ്ദയടക്കമുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശമവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. ഈ വഞ്ചകരോട് പഞ്ചാബ് ഒരിക്കലും പൊറുക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
‘ഏഴ് എ.എ.പി രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയില്‍ ചേരുകയാണ്. പഞ്ചാബിലെ ജനങ്ങള്‍ ഈ ഏഴ് പേരുകളും ഓര്‍ത്തുവെക്കണം. ഈ വഞ്ചകരെ പഞ്ചാബിലെ ജനങ്ങള്‍ ഒരിക്കലും മറക്കില്ല,’ അദ്ദേഹം പറഞ്ഞു.
ഈ നേതാക്കള്‍ പഞ്ചാബിലെ ജനങ്ങളെ ‘പിന്നില്‍ നിന്ന് കുത്തുകയും’ അവരുടെ വിശ്വാസത്തെ വഞ്ചിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനായി ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്നും എ.എ.പി നേതാവ് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ഭരണഘടനാ വിരുദ്ധമായ ‘ഓപ്പറേഷന്‍ ലോട്ടസ്’ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
‘നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ‘ഓപ്പറേഷന്‍ ലോട്ടസ്’ ആരംഭിച്ചിരിക്കുകയാണ്. ഇത് തരംതാണ രാഷ്ട്രീയക്കളിയും പഞ്ചാബിലെ ഭഗവന്ത് മാന്‍ സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ വലിയ തോതില്‍ തടസ്സപ്പെടുത്താനുള്ള ശ്രമവുമാണ്,’ സിങ് പറഞ്ഞു.
കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ ഏഴ് എംപിമാരെയും അയോഗ്യരാക്കുന്നതിനുള്ള അപേക്ഷ നല്‍കാന്‍ എ.എ.പി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഈ നീക്കം എ.എ.പിക്ക് വലിയ തിരിച്ചടിയാണ്.
പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എം.പിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക്ക് എന്നിവര്‍ രാഘവ് ഛദ്ദയ്ക്കൊപ്പം പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായിരുന്ന ഹര്‍ഭജന്‍ സിങ്, സ്വാതി മാലിവാള്‍, രജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ഇവര്‍ക്കൊപ്പം ബി.ജെ.പിയില്‍ ചേരും.
രാഘവ് ഛദ്ദയെ അടുത്തിടെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയത് പാര്‍ട്ടിയുമായുള്ള ബന്ധം വഷളാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിന് പകരം ഛദ്ദ തന്റെ പ്രശസ്തിക്കായി ‘സോഫ്റ്റ് പി.ആര്‍’ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
വിമാനത്താവളത്തിലെ സമൂസയെക്കുറിച്ചും മറ്റും സോഷ്യല്‍ മീഡിയയില്‍ സംസാരിക്കുന്ന ഛദ്ദ ഗൗരവകരമായ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു എന്നായിരുന്നു പാര്‍ട്ടിയുടെ ആക്ഷേപം.
Content Highlight: Aam Aadmi Party leader Sanjay Singh has strongly criticized leaders including Raghav Chadha who left the party and joined the BJP.