മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്നത്. മത്സരത്തിന് മുന്നേടിയായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിയുടെ ഭാവിയെക്കുറിച്ച് സംസാരിച്ചിരുന്നു.
ഹാര്‍ദിക് പാണ്ഡ്യ അടുത്ത വര്‍ഷം ടീമിന്റെ ക്യാപ്റ്റനല്ലെങ്കില്‍, മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ആര് ഏറ്റെടുക്കുമെന്ന് അദ്ദേഹം ചോദിച്ചു. രോഹിത് ഒരു ഓപ്ഷനാണെങ്കിലും ദീര്‍ഘ കാലത്തേക്ക് രോഹിത് ഒരു മികച്ച തെരഞ്ഞെടുപ്പാകില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. അവശേഷിക്കുന്ന രണ്ട് പേരുകള്‍ ജസ്പ്രീത് ബുംറയുടെയും തിലക് വര്‍മയുടെയുമാണ്.
‘ഹാര്‍ദിക് പാണ്ഡ്യ അടുത്ത വര്‍ഷം ടീമിന്റെ ക്യാപ്റ്റനല്ലെങ്കില്‍, മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ആര് ഏറ്റെടുക്കും? നോക്കൂ, രണ്ടോ മൂന്നോ വ്യക്തമായ ഓപ്ഷനുകള്‍ ഉണ്ട്.
ഒരു ഓപ്ഷന്‍, നിങ്ങള്‍ക്ക് രോഹിത് ശര്‍മയിലേക്ക് മടങ്ങാം എന്നതാണ്. എന്നാല്‍ അത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തീരുമാനമായിരിക്കുമോ? അല്ല.
ഇത് ഒരു ചെറിയ കാലത്തേക്കുള്ള പരിഹാരമായിരിക്കാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍, അതൊരു ശരിയായ തെരഞ്ഞെടുപ്പായിരിക്കില്ല. സൂര്യകുമാര്‍ യാദവിനും ഇത് ബാധകമാണ്. അപ്പോള്‍ നമുക്ക് രണ്ട് പേരുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ ജസ്പ്രീത് ബുംറയും തിലക് വര്‍മയും,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
അതേസമയം സ്വന്തം തട്ടകമായ വാംഖഡെയില്‍ അഭിമാന വിജയത്തിനാണ് മുംബൈ ഇന്ന് ഇറങ്ങുന്നത്. മറുവശത്ത് ജീവന്‍മരണ പോരാട്ടത്തിനാണ് രാജസ്ഥാന്‍ കളത്തിലിറങ്ങുന്നത്. ഈ മത്സരത്തില്‍ രാജസ്ഥാന്‍ വിജയിച്ചാല്‍ പഞ്ചാബ് കിങ്‌സ് പ്ലേഓഫ് കാണാതെ പുറത്താകും.
Content Highlight: Aakash Chopra Talking About Mumbai Indians Captaincy