അയര്‍ലാന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ടി-20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ പിന്‍വലിച്ചിരുന്നു. താരത്തിന്റെ പകരക്കാരനായി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത് പ്രസിദ്ധ് കൃഷ്ണയാണ്.
എന്നാല്‍ ഐ.പി.എല്ലില്‍ മിന്നും ഫോമില്‍ തിരിച്ചെത്തിയ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ടീമിലെടുക്കാത്തതിനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ഭുവനേശ്വറിന് ഒരു അവസരം നല്‍കാനുള്ള ശരിയായ സമയമായിരുന്നു ഇതെന്നും എന്നാല്‍ ബി.സി.സി.ഐ താരത്തെ ഇപ്പോള്‍ തെരഞ്ഞെടുക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ കരിയറിന്റെ അവസാനമായി എന്ന് തോന്നുന്നുവെന്നും ചോപ്ര പറഞ്ഞു.
ഭുവനേശ്വര്‍ കുമാര്‍
‘ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ എടുത്തില്ല. ഇത് അദ്ദേഹത്തിന്റെ കരിയറിന്റെ അവസാനമാണോ? വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് മുഹമ്മദ് സിറാജിന് പകരം അവര്‍ പ്രസിദ്ധ് കൃഷ്ണയെ തെരഞ്ഞെടുത്തത്. മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ മുമ്പും അവസരമുണ്ടായിരുന്നു. പക്ഷേ ഭുവനേശ്വര്‍ കുമാറിനെയല്ല അവര്‍ എടുത്തത്.
കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ലെന്ന് പറയുമ്പോഴും, സിറാജിന് പകരം അവനെ തെരഞ്ഞെടുക്കാത്തത് എന്തുകൊണ്ടാണ്, അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലും സ്വിങ്ങും പേസും ലഭിക്കുന്നതിനാല്‍ ഫാസ്റ്റ് ബൗളര്‍ക്ക് ഇതൊരു അവസരമായിരുന്നു, ഒരുപക്ഷേ ഭുവനേശ്വര്‍ കുമാറിന് ഒരു അവസരം കൂടി നല്‍കാനുള്ള ശരിയായ സമയമാണിത്. ഇത് അദ്ദേഹത്തിന്റെ അവസാനമാണെന്ന് തോന്നുന്നു,’ അദ്ദേഹം പറഞ്ഞു.
ഐ.പി.എല്‍ 2026ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനങ്ങളാണ് ഭുവി പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ കളിച്ച താരം 28 വിക്കറ്റുകളാണ് വീഴ്ത്തിയത്. സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ രണ്ടാമനായിരുന്നു ഭുവി. മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ 23 റണ്‍സിന് നാല് വിക്കറ്റാണ് താരത്തിന്റെ മികച്ച പ്രകടനം. 7.95 എക്കോണമിയും 17.89 ആവറേജുമാണ് ഫാസ്റ്റ് ബൗളര്‍ക്ക് ഈ സീസണിലുള്ളത്.
ഇന്ത്യയ്ക്ക് വേണ്ടി 86 ടി-20 ഇന്നിങ്‌സുകള്‍ കളിച്ച പരിചയസമ്പന്നനായ ഭുവി 90 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. നാല് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ എടുത്തതാണ് ഭുവിയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് ടി-20 മത്സരങ്ങള്‍ കളിച്ച പ്രസിദ്ധ് കൃഷ്ണ 220 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകളാണ് ഇതുവരെ നേടിയത്. 3/41 എന്ന മികച്ച ബൗളിങ് പ്രകടനമാണ് താരത്തിനുള്ളത്. 11.00 എന്ന എക്കോണമിയുമാണ് പ്രസിദ്ധിനുള്ളത്.
Content Highlight: Aakash Chopra reacts to Bhuvneshwar Kumar not being included in the Indian team