പേസ് ബൗളര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നില്ലെന്ന വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.
140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാല്‍ സഞ്ജുവിന് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പേസ് ബൗളര്‍മാര്‍ക്കെതിരെ സഞ്ജു സാംസണിന്റെ സ്‌ട്രൈക്ക് റേറ്റ് തീരെ കുറവാണെന്നും ചോപ്ര വിമര്‍ശിച്ചു.
നിലവില്‍ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ജു സാംസണിന് സാധിച്ചിട്ടില്ല. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ മത്സരത്തില്‍ 20 പന്ത് നേരിട്ട് 26 റണ്‍സ് നേടിയ സഞ്ജുവിന് ചെപ്പോക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഈ സാഹചര്യത്തിലാണ് ആകാശ് ചോപ്രയുടെ വിമര്‍ശനം. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ആകാശ് ചോപ്ര സഞ്ജുവിനെതിരെ വിമര്‍ശനമുന്നയിക്കുന്നത്.
‘അഭിഷേക് ശര്‍മ ഔട്ടായി. എന്നാല്‍ അവന്‍ അവസാന മത്സരത്തില്‍ സ്‌കോര്‍ ചെയ്തിരുന്നു. അതുകൊണ്ട് നമുക്ക് അവനെ കുറിച്ച് കാര്യമായി സംസാരിക്കേണ്ടതില്ല. പന്തിന്റെ വേഗം 140 കിലോമീറ്ററില്‍ കൂടുതലാണെങ്കില്‍ സഞ്ജുവിന്റെ പ്രകടനം എത്തരത്തിലാണ് എന്നതിനെ സംബന്ധിച്ച് നമ്മുടെ സ്റ്റാറ്റ്‌സ് ടീം ഒരു കണക്ക് കൊണ്ടുവന്നിട്ടുണ്ട്. അവന്റെ പ്രകടനം തീര്‍ത്തും സാധാരണമായ ഒന്ന് മാത്രമാണ്. അവന്‍ റണ്‍സ് നേടിയിട്ടില്ല, വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു.
അവന്റെ സ്‌ട്രൈക്ക് റേറ്റാകട്ടെ വളരെ കുറവാണ്. അവന്‍ ക്രീസിലേക്ക് ഇറങ്ങി നിന്ന് സ്‌ക്വയര്‍ ലെഗ് ലക്ഷ്യമിട്ടാണ് കളിക്കുന്നത്. ഡീപ്പില്‍ ഫീല്‍ഡര്‍മാരെ പ്ലേസ് ചെയ്ത ശേഷം ബൗണ്‍സറുകളെറിഞ്ഞ് ബൗളര്‍മാര്‍ കെണിയൊരുക്കുകയാണ്. രണ്ട് മത്സരത്തില്‍ രണ്ടിലും ഡീപ്പില്‍ ക്യാച്ച് നല്‍കിയാണ് അവന്‍ പുറത്തായത്. ഇതിപ്പോള്‍ സംസാരിക്കേണ്ട വിഷയമായിരിക്കുകയാണ്.
ഈ പരമ്പരയ്ക്ക് മുമ്പ് കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും അവന്‍ മൂന്ന് സെഞ്ച്വറി നേടിയിട്ടുണ്ട് എന്ന് നമുക്ക് കാണാന്‍ സാധിക്കും.
സെഞ്ച്വറികളുടെയും ഡക്കിന്റെയും കഥ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്, അത് കുഴപ്പമില്ല. പക്ഷേ പേസ് ബൗളിങ്ങിനെതിരെ ഇതാണ് അവന്റെ പ്രതികരണമെങ്കില്‍, ഗസ് ആറ്റ്കിന്‍സണെതിരെ നേടിയ 22 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ കാര്യമായി റണ്‍സ് ഒന്നും തന്നെ നേടാന്‍ സാധിച്ചിട്ടില്ല എന്ന് തിരിച്ചറിയാന്‍ സാധിക്കും. പേസിനെതിരെയും ബൗണ്‍സിനെതിരെയും അവന് പ്രശ്‌നങ്ങളുണ്ട്,’ ചോപ്ര പറഞ്ഞു.
പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനാണ് സഞ്ജു തയ്യാറെടുക്കുന്നത്. നാളെയാണ് (ജനുവരി 28) പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്രയാണ് വേദി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച ഇന്ത്യയ്ക്ക് സൗരാഷ്ട്രയിലും വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.