| Thursday, 23rd January 2025, 8:17 pm

അവസാന റൗണ്ടില്‍ ആടുജീവിതമില്ല; ഓസ്‌കര്‍ ഫൈനല്‍ നോമിനേഷനില്‍ നിന്ന് ആടുജീവിതവും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

97ാമത് ഓസ്‌കര്‍ ഫൈനല്‍ റൗണ്ട് നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു. മലയാള ചിത്രം ആടുജീവിതവും പായല്‍ കപാഡിയ ചിത്രം ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല. ഫ്രഞ്ച് ചിത്രം എമിലിയ പെരസ് പതിനാല് നോമിനേഷനുകള്‍ സ്വന്തമാക്കി. അക്കാദമി അംഗങ്ങള്‍ വോട്ടിങ്ങിലൂടെയാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്.

ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദി ഷോര്‍ട്ട് ഫിലിം അനുജക്ക് ഓസ്‌കര്‍ നാമനിര്‍ദ്ദേശം ലഭിച്ചു. ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് അനുജ നോമിനേഷന്‍ നേടിയത്. അമേരിക്കയില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരാണ് അനുജയുടെ അണിയറ പ്രവര്‍ത്തകര്‍. ഗുനീത് മോംഗയും പ്രിയങ്ക ചോപ്രയും ചിത്രത്തിന് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നു.

മലയാളി സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു ആടുജീവിതത്തിന്റെ ഓസ്‌കര്‍ നോമിനേഷനായി കാത്തുനിന്നത്. മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിച്ച നോവലിന് ബ്ലെസി ചലച്ചിത്രഭാഷ്യമൊരുക്കിയപ്പോള്‍ നായകനായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. മികച്ച നടനടക്കം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ചിത്രം നേടിയത്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് ആടുജീവിതം കാഴ്ചവെച്ചത്. 150 കോടിയിലധികം ചിത്രം കളക്ട് ചെയ്തു. പതിനാല് വര്‍ഷത്തോളമായിരുന്നു സംവിധായകന്‍ ബ്ലെസി ആടുജീവിതത്തിനായി മാറ്റിവെച്ചത്.

ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിന് ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാര്‍ഡ് (ഒങങഅ) എ.ആര്‍ റഹ്‌മാന് ലഭിച്ചിരുന്നു. എച്ച്.എം.എം.എ പുരസ്‌കാരങ്ങള്‍ക്കായുള്ള നാമനിര്‍ദേശ പട്ടികയില്‍ ആടുജീവിതം രണ്ട് നോമിനേഷനുകള്‍ സ്വന്തമാക്കിയിരുന്നു. മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുമായിട്ടായിരുന്നു ഈ രണ്ടു നാമനിര്‍ദേശങ്ങളും ആടുജീവിതം നേടിയത്.

Content highlight: Aadujeevitham and All We Imagine As Light are out of the Oscar final nominations

Latest Stories

We use cookies to give you the best possible experience. Learn more