മഴക്കാടുകളും അറബിക്കടലിലെ സൂര്യാസ്തമയവും വിരുന്നൊരുക്കും അംഗുബെ
Travel Info
മഴക്കാടുകളും അറബിക്കടലിലെ സൂര്യാസ്തമയവും വിരുന്നൊരുക്കും അംഗുബെ
പൊന്നു ടോമി
Wednesday, 22nd May 2019, 12:15 pm
ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നാണ് അഗുംബെ അറിയപ്പെടുന്നത്.  തെക്കേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിയ്ക്കുന്നത് ഇവിടെയാണ്. അതുകൊണ്ടാണ് തെക്കേ ഇന്ത്യയുടെ ചിറാപുഞ്ചിയെന്ന് അഗുംബെയെ വിശേഷിപ്പിക്കുന്നത്. അറബിക്കടലിലെ സൂര്യാസ്തമയം അതിമനോഹരമായി കാണാന്‍ കഴിയുന്ന ഒരു മലയോരപ്രദേശം കൂടിയാണിവിടം. 

 

ലോകത്ത് ഏറ്റവും കടുതല്‍ മഴ ലഭിക്കുന്ന സ്ഥലമാണല്ലോ ചിറാപൂഞ്ചി. ഇന്ത്യയുടെ അങ്ങേയറ്റത്ത് കിടക്കുന്ന അവിടേയ്ക്ക് പോകാന്‍ ചിലപ്പോള്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. എന്നാല്‍ ചിറാപൂഞ്ചിയിലേതുപോലുളള ഫീലും പ്രകൃതിയുടെ വശ്യതയും ആസ്വദിക്കാന്‍ അധികം ദൂരെയല്ലാതെ തന്നെയൊരിടമുണ്ട്, അതാണ് അഗുംബെ.
കര്‍ണാടകത്തിലെ മലനാട്  ഭാഗത്തെ ഷിമോഗയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് അഗുംബെ.

ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നാണ് അഗുംബെ അറിയപ്പെടുന്നത്.  തെക്കേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിയ്ക്കുന്നത് ഇവിടെയാണ്. അതുകൊണ്ടാണ് തെക്കേ ഇന്ത്യയുടെ ചിറാപുഞ്ചിയെന്ന് അഗുംബെയെ വിശേഷിപ്പിക്കുന്നത്. അറബിക്കടലിലെ സൂര്യാസ്തമയം അതിമനോഹരമായി കാണാന്‍ കഴിയുന്ന ഒരു മലയോരപ്രദേശം കൂടിയാണിവിടം.

 

പൂര്‍ണ്ണമായും ഒരു മഴക്കാടാണ് അഗുംബെ എന്നുവേണമെങ്കില്‍ പറയാം. പലതരത്തില്‍പ്പെട്ട സത്യലതാദികളും ജീവികളും ഇവിടെ കാണാന്‍ സാധിക്കും. ഔഷധസസ്യങ്ങളുടെ സംരക്ഷണമേഘലയാണ് ഇവിടം, ഒപ്പം ഭംഗിയുള്ള ഒട്ടേറെ വെള്ളച്ചാട്ടങ്ങളും മനോഹരമായ പ്രകൃതിയും ഇവിടേയ്ക്ക് എത്തുന്ന യാത്രക്കാരുടെ കണ്ണും മനസും നിറയ്ക്കും.

മലയകയറാനുള്ള ആഗ്രഹവുമായി എത്തുന്ന യാത്രക്കാര്‍ക്ക് നല്ല സ്ഥലമാണ് അഗുംബെ, എന്നാല്‍  ട്രക്കിങ്ങിന് പറ്റിയ അന്തരീക്ഷവും ഭൂപ്രകൃതിയും ഒക്കെ ആണെങ്കിലും വിഷപാമ്പുകളുടെ വിഹാര കേന്ദ്രമായതിനാല്‍ അതീവ ശ്രദ്ധയോടു കൂടി വേണം മലകയറാന്‍.രാജവെമ്പാലയുള്‍പ്പെടെയുള്ള പാമ്പുകളുടെ വിഹാര കേന്ദ്രമാണിവിടം. രക്തം കുടിയ്ക്കുന്ന അട്ടകളും ഏറെയാണ് ഈ കാട്ടില്‍.

 

ബര്‍കാന ഫാള്‍സ്, കുഞ്ജിക്കല്‍ ഫാള്‍സ്, ഒനകേ അബ്ബി, ജോഗിഗുണ്ടി, കൂഡ്‌ലു തീര്‍ത്ഥ ഫാള്‍സ് എന്നിവയാണ് ഇവിടത്തെ പ്രധാന വെള്ളച്ചാട്ടങ്ങള്‍. റോഡ്, റെയില്‍മാര്‍ഗങ്ങളിലൂടെ അഗുംബെയില്‍ എത്തിച്ചേരാം. പ്രാദേശിക രുചികള്‍ പരീക്ഷിക്കാന്‍ പറ്റിയ സ്ഥലംകൂടിയാണ് ഇവിടം. ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവും ഗസ്റ്റ് ഹൗസുമാണ് യാത്രക്കാര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള സ്ഥലങ്ങള്‍. ഇവയല്ലാതെ മറ്റ് ഹോട്ടലുകളോ റിസോര്‍ട്ടുകളോ ഇവിടെയില്ല. അതുകൊണ്ട് താമസത്തിനായി അഗുംബെ തെരഞ്ഞെടുക്കരുത്.

തീവണ്ടിയിലാണ് യാത്രയെങ്കില്‍ ഉഡുപ്പിയിലാണ് ഇറങ്ങേണ്ടത് . അവിടെ നിന്ന് റോഡ് മാര്‍ഗം ഹെബ്രി വഴി അഗുംബെയിലെത്താം. ഉഡുപ്പിയില്‍ നിന്ന് ഇങ്ങോട്ടേക്ക് ബസ് സര്‍വ്വീസുമുണ്ട്. ഇടതിങ്ങിയ കാടുകളുള്ള സോമേശ്വരം വനസങ്കേതത്തിലൂടെയാണ് അഗുംബെയിലേക്കുള്ള യാത്ര. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കില്‍ വനഭംഗി ആസ്വദിക്കാന്‍ പറ്റിയൊരിടം കര്‍ണ്ണാടകത്തില്‍ വേറെ ഇല്ലെന്ന് തന്നെ പറയാം.എപ്പോഴും കോടമഞ്ഞ് നിറഞ്ഞുകിടക്കുന്ന ചുരം സഞ്ചാരികള്‍ക്കെന്നും കാഴ്ച്ചവിരുന്നൊരുക്കി കാത്തിരിക്കുകയാണ്. കുന്നു കയറി മുകളിലേയ്ക്ക് എത്തുമ്പോള്‍ സീതാനദി ഒഴുകുന്നതുകാണാം. അതിമനോഹരമാണാകാഴ്ച്ച.  ഇവിടെയെത്തുന്ന മിക്ക സഞ്ചാരികളും റാഫ്റ്റിങ് നടത്താറുണ്ട്.

 

മഴക്കാടുകളെക്കുറിച്ച് ഗവേഷണത്തിനായുള്ള ഇന്ത്യയിലെതന്നെ ഏക സ്ഥിരംസംവിധാനമായ റെയിന്‍ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷന്‍ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രശസ്ത പാമ്പുഗവേഷകനായ റോമുലസ് വിറ്റേക്കറായിരുന്നു ആഗുംബെ റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷന്റെ സ്ഥാപനത്തിന് നേതൃത്വം നല്‍കിയത്.

അഗുംബെയിലെ മറ്റൊരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് കുന്ദാദ്രി ബെട്ട. അഗുംബെയില്‍ നിന്നും 16കിലോമീറ്റര്‍  ദൂരെ ഉള്ള ഹില്‍ വ്യൂ പോയിന്റ് ആണിത്. മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ ആണ് അവിടെ നിങ്ങളെ കാത്തിരിക്കുന്നത്. മഴ കാടുകളും വിശാലമായ ഹരിത ഭൂമിയും ആണ് മല മുകളില്‍ നിന്നുമുള്ള പ്രധാന കാഴ്ചകള്‍.

ഏകദേശം 3000 വര്‍ഷം പഴക്കമുള്ള ഒരു ജൈന ക്ഷേത്രം ഈ മലമുകളില്‍ സ്ഥിതിചെയ്യുന്നു. കരിങ്കല്ലില്‍ പണിത അമ്പലം ഇപ്പോഴും വലിയ കേടുപാടുകള്‍ കൂടാതെ നില നില്‍ക്കുന്നു എന്നത് പഴകാലത്തെ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്.പ്രകൃതി ദത്തമായ 3 കുളങ്ങളും ഈ മലമുകളിലേയ്ക്ക് എത്തുന്ന സഞ്ചാരികള്‍ക്കായി പ്രകൃതി കാത്തുസൂക്ഷിക്കുന്നുണ്ട്. മുകളില്‍ വരെ വാഹനം എത്തുമെങ്കിലും അവസാനത്തെ 4 കിലോമീറ്റര്‍ ഇടുങ്ങിയ വളവുകളും കയറ്റങ്ങളും ആയതിനാല്‍ സൂക്ഷിച്ചുവേണം ഡ്രൈവ് ചെയ്യാന്‍. പ്രകൃതിയുടെ മടിത്തട്ടിലേയ്ക്ക് വിശാലമായ വന്യസൗന്ദര്യം ആസ്വദിക്കണമെങ്കില്‍ ഒട്ടും മടിക്കണ്ട, അഗുംബെ നിങ്ങളെ കാത്തിരിക്കുകയാണ്