ഇത്രക്ക് അറപ്പ് തോന്നുന്ന ഡയലോഗ് മലയാള സിനിമയില്‍ വേറെയില്ല, റേപ്പിനെ കോമഡിയാക്കിയ പഴയകാല സിനിമയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
Malayalam Cinema
ഇത്രക്ക് അറപ്പ് തോന്നുന്ന ഡയലോഗ് മലയാള സിനിമയില്‍ വേറെയില്ല, റേപ്പിനെ കോമഡിയാക്കിയ പഴയകാല സിനിമയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Monday, 13th April 2026, 2:23 pm

പ്രേക്ഷകരെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ കഴിയുന്ന മാധ്യമമായാണ് സിനിമയെ പലരും കണക്കാക്കുന്നത്. സിനിമയുടെ മേക്കിങ്ങും അതിലൂടെ പറയുന്ന രാഷ്ട്രീയവുമെല്ലാം പ്രേക്ഷകരെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കൊവിഡിന് ശേഷം ഓരോ സിനിമയിലെയും പൊളിറ്റിക്കല്‍ കറക്ട്‌നെസ് പ്രേക്ഷകര്‍ ഇഴകീറി പരിശോധിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

പുതിയ സിനിമകളില്‍ മാത്രമല്ല, പഴയകാല സിനിമകളിലെയും പൊളിറ്റക്കലി ഇന്‍കറക്ടായ സീനുകളെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകളും വീഡിയോകളും വൈറലായിരിക്കുകയാണ്. അത്തരത്തില്‍ പഴയകാല ചിത്രമായ എക്‌സ്‌ക്യൂസ് മീ ഏത് കോളേജിലാ എന്ന ചിത്രത്തിലെ ‘കോമഡി രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

എക്‌സ്‌ക്യൂസ് മീ ഏത് കോളേജിലാ Photo: Screen grab/ Movie World Malayalam

മോഹന്‍രൂപ് സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച സെക്രട്ടറിയുടെ കഥാപാത്രത്തെ കാണാന്‍ കുറച്ച് സ്ത്രീകള്‍ എത്തുന്ന രംഗമാണ് ചര്‍ച്ചയായത്. കൂട്ടബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നീതി വാങ്ങിക്കൊടുക്കാമെന്ന് പറയുന്ന ഇന്ദ്രന്‍സിന്റെ കഥാപാത്രം പിന്നീട് പറയുന്ന ഡയലോഗുകള്‍ അറപ്പുളവാക്കുന്നതാണ്.

എത്ര വയസായി എന്ന് ഇന്ദ്രന്‍സിന്റെ കഥാപാത്രം ആ പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍ 14 എന്നാണ് മറുപടി പറയുന്നത്. ‘ഇത്രയും ചെറിയ പ്രായത്തില്‍ ഇതുപോലൊരു ദുരവസ്ഥ നേരിടേണ്ടി വന്നതില്‍ ഞങ്ങളുടെ പാര്‍ട്ടി ഖേദിക്കുന്നു’ എന്ന് പറയുന്നുണ്ട്. പത്തുമുപ്പത് പേര്‍ ചേര്‍ന്നാണ് ഈ ക്രൂരത കാണിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുമ്പോള്‍ ‘പത്തുമുപ്പത് പേരുണ്ടോ, കോളടിച്ചില്ലേ, രൂപാ നാല്പതിനായിരമല്ലേ കിട്ടാന്‍ പോകുന്നത്’ എന്നാണ് ഇന്ദ്രന്‍സിന്റെ കഥാപാത്രം പറയുന്ന ഡയലോഗ്.

എക്‌സ്‌ക്യൂസ് മീ ഏത് കോളേജിലാ Photo: Screen grab/ Movie World Malayalam

ഇതേ സീനില്‍ വയസായ ഒരു സ്ത്രീ ഇന്ദ്രന്‍സിനോട് ‘നേതാവേ, എന്റെ ചെറുപ്പകാലത്ത് രണ്ടുപേര്‍ എന്നെ ബലാത്സംഗം ചെയ്തിരുന്നു. അതിന്റെ പേരില്‍ എനിക്കും നാല്പതിനായിരം കിട്ടാന്‍ വല്ല വകുപ്പുമുണ്ടോ’ എന്ന് ചോദിക്കുന്നുണ്ട്. സംവിധായകനും എഴുത്തുകാരനും ഒരുപോലെ അധപതിച്ച ഡയലോഗെന്നേ ഇതിനെ വിശേഷിപ്പിക്കാനാകുള്ളൂവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഇതിന് മുമ്പുള്ള സീനില്‍ പീഡക്കേസിലെ പ്രതികള്‍ ഇന്ദ്രന്‍സിന്റെ കഥാപാത്രത്തെ കാണാന്‍ വരുന്നുണ്ട്. അവരോട് ‘അമേരിക്കയിലെല്ലാം ചായകുടിക്കുന്നതുപോലെയാണ് പീഡനങ്ങള്‍. ഇന്ത്യയില്‍ മാത്രമാണ് ഇത് വലിയ പ്രശ്‌നം’ എന്നും പറയുന്നുണ്ട്. റേപ്പിനെ ഇത്ര നിസാരവത്കരിച്ചുകൊണ്ടുള്ള ഡയലോഗ് എഴുതാന്‍ എഴുത്തുകാരന് എങ്ങനെ തോന്നി എന്നാണ് പലരും ചോദിക്കുന്നത്. മലയാളസിനിമയില്‍ ഇത്രക്ക് അറപ്പ് തോന്നുന്ന സീന്‍ വേറെയില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

എക്‌സ്‌ക്യൂസ് മീ ഏത് കോളേജിലാ Photo: Screen grab/ Movie World Malayalam

‘പുതിയകാലത്തെ സിനിമകള്‍ കുട്ടികളെ വഴിതെറ്റിക്കുന്നു എന്ന് പറയുന്ന കാരണവന്മാര്‍ ഇങ്ങനെയുള്ള സിനിമകളാണ് കണ്ടുവളര്‍ന്നത്, അതില്‍ കുഴപ്പമില്ല’, ‘പഴയകാല സിനിമകളിലെ ശുദ്ധഹാസ്യമായിരിക്കും ഇത്’, ‘ഈ ഡയലോഗെഴുതിയവനെ പിടിച്ച് അകത്തിടാന്‍ വല്ല വകുപ്പുമുണ്ടോ?’ , ‘മുപ്പത് വര്‍ഷത്തിന് ശേഷം ഈ ഡയലോഗും അത് എഴുതിയ ആളും എയറില്‍ കയറി’ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

Content Highlight: A scene from old movie of Indrans getting criticisms in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം