| Friday, 30th May 2025, 9:13 pm

ഓരോ സിനിമ കാണുമ്പോഴും ഓസ്‌കര്‍ കിട്ടുമെന്ന് ആളുകള്‍ പറയാറുണ്ട്, എനിക്ക് അത് കേള്‍ക്കുമ്പോള്‍ ചിരി വരും: എ.ആര്‍. റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ മാന്ത്രികനാണ് എ.ആര്‍. റഹ്‌മാന്‍. മണിരത്നം സംവിധാനം ചെയ്ത റോജയിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി മാറിയ റഹ്‌മാന്‍ 32 വര്‍ഷത്തെ സിനിമാജീവിതത്തില്‍ നേടാത്ത നേട്ടങ്ങളില്ല. തന്റെ മാസ്മരികസംഗീതത്തിലൂടെ ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ച മദ്രാസിന്റെ മൊസാര്‍ട്ട് ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്ന ഗാനങ്ങള്‍ ഒരുക്കുന്നതില്‍ പിന്നോട്ട് പോയിട്ടില്ല.

ഓസ്‌കര്‍ അവാര്‍ഡിനെക്കുറിച്ച് സംസാരിക്കുകയാണ് എ.ആര്‍. റഹ്‌മാന്‍. പല സിനിമകളും പാട്ടുകളും കേള്‍ക്കുമ്പോള്‍ ഇതിന് ഓസ്‌കര്‍ ഉറപ്പാണെന്ന് പലരും സംസാരിക്കുന്നത് കാണാറുണ്ടെന്ന് എ.ആര്‍. റഹ്‌മാന്‍ പറഞ്ഞു. തനിക്ക് അത് കേള്‍ക്കുമ്പോള്‍ ചില സമയത്ത് ചിരി വരാറുണ്ടെന്നും ഓസ്‌കറിനുള്ള മാനദണ്ഡം എന്താണെന്നറിയാതെയാണ് അവര്‍ പലപ്പോഴും സംസാരിക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു.

ലോകത്തിലെ ഏറ്റവും ടോപ്പിലുള്ള ടെക്‌നീഷ്യന്മാരാണ് ഓസ്‌കര്‍ ജൂറിയില്‍ ഉണ്ടാകാറുള്ളതെന്നും സിനിമയുടെ എല്ലാ മാറ്റങ്ങളും അവര്‍ക്ക് കൃത്യമായി അറിയാമെന്നും റഹ്‌മാന്‍ പറഞ്ഞു. ഒരു സിനിമയോ പാട്ടോ അവരുടെ മുന്നിലേക്ക് എത്തുമ്പോള്‍ അതില്‍ എന്ത് പുതുമയാണ് ഉള്ളതെന്ന് നോക്കുമെന്നും അതനുസരിച്ചാണ് അവര്‍ അവാര്‍ഡ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു എ.ആര്‍ റഹ്‌മാന്‍.

‘ഇപ്പോള്‍ ചില സിനിമയോ അല്ലെങ്കില്‍ പാട്ടുകളോ വരുമ്പോള്‍ പലരും പറയാറുണ്ട്. ‘ഗംഭീര സാധനം, ഇത് എന്തായാലും ഓസ്‌കര്‍ നേടും’ എന്ന്. എനിക്കത് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ചിരി വരും. കാരണം, ഓസ്‌കര്‍ അവാര്‍ഡിന് എത്തുന്നതും അവിടന്ന് അവാര്‍ഡ് വാങ്ങുന്നതും എല്ലാം വലിയ ചടങ്ങുകളാണ്. ലോക സിനിമയിലെ ഏറ്റവും ടോപ്പിലുള്ള ടെക്‌നീഷ്യന്മാരാണ് അതിന്റെ ഭാഗമാവുക.

പാരസൈറ്റ് സംവിധാനം ചെയ്ത ബോങ് ജൂന്‍ ഹോ, മാര്‍ട്ടിന്‍ സ്‌കോര്‍സെസെ ഇവരെപ്പോലുള്ളവരൊക്കെയാണ് ഓരോ സിനിമയും പാട്ടും വിലയിരുത്തുന്നത്. ലോകത്തിലെ സകല സിനിമകളും അവര്‍ ഫോളോ ചെയ്യാറുണ്ട്. അപ്പോള്‍ നമ്മുടെ സിനിമയില്‍ എന്ത് പുതുമയാണ് ഉള്ളത് എന്ന് നോക്കിയാണ് അവാര്‍ഡ് നല്‍കുക. അത് അത്ര എളുപ്പമല്ല,’ എ.ആര്‍. റഹ്‌മാന്‍ പറയുന്നു.

എ.ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. 36 വര്‍ഷത്തിന് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 24 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്‌മാന്‍ കമല്‍ ഹാസനൊപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: A R Rahman shares the difficulties of getting Oscar for Indian movies

We use cookies to give you the best possible experience. Learn more