അബുദാബി: ബോളിവുഡിൽ അവസരം കുറയുന്നതിന് വർഗീയ വികാരവും കാരണമാകാമെന്ന പരാമർശത്തിന് പിന്നാലെ വൈറലായി സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ സംഗീത പരിപാടിയുടെ വീഡിയോ.
കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്ന ഇത്തിഹാദ് അരീനയിൽ നടന്ന പരിപാടിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
എ.ആർ റഹ്മാന്റെ മാസ്റ്റർപീസ് വന്ദേമാതരവും മണിരത്നത്തിന്റെ ആയുധ എഴുത്ത് എന്ന ചിത്രത്തിലെ ജനഗണമന എന്ന ഗാനവും പാടിയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
20,000 പേരാണ് പരിപാടിക്കായി ഇത്തിഹാദ് അരീനയിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ.
എ ആർ റഹ്മാന്റെ സംഗീത പരിപാടി ആവേശകരമായിരുന്നെന്നും, 20,000 പേർ ആർപ്പുവിളിക്കുകയും പാടുകയും നൃത്തം ചെയ്‌തെന്നും ചലച്ചിത്ര നിർമാതാവ് ശേഖർ കപൂർ എക്സിൽ പറഞ്ഞു.
What an exhilarating concert by AR Raham at the Etihad Arena in Abu Dhabi last night, packed to capacity
വിമർശകർക്ക് എ.ആർ റഹ്മാൻ ഈ രാത്രി മറുപടി നൽകുമെന്ന് താൻ പ്രതീക്ഷിച്ചെന്നും അദ്ദേഹം അത് ചെയ്‌തെന്നും പറഞ്ഞുകൊണ്ടുള്ള വീഡിയോ പങ്കുവെച്ച് ഒരാൾ എക്സിൽ പറഞ്ഞു.
എ.ആർ റഹ്മാൻ ജനഗണമനയിൽ തുടങ്ങി വന്ദേമാതരത്തിൽ അവസാനിപ്പിച്ചുവെന്ന അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ കാണാം.
ബി.ബി.സി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചത്. കഴിഞ്ഞ എട്ട് വർഷമായി എന്തുകൊണ്ടാണ് തന്നെ തേടി വരുന്ന അവസരങ്ങൾ കുറയുന്നതെന്ന് വ്യക്തമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
വർഗീയ വികാരവും ഒരു കാരണമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ ജോലി തേടി പോകാൻ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് അർഹമായത് തന്നെ തേടി വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .
ഹിന്ദുത്വ അജണ്ടകൾ പ്രചരിപ്പിക്കുന്ന ചിത്രമായ ഛാവ എന്ന സിനിമയ്‌ക്കെതിരെയും എ.ആർ റഹ്മാൻ സംസാരിച്ചിരുന്നു.
കഥ കേട്ടപ്പോൾ തന്നെ ആളുകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയെന്നാണ് സിനിമയുടെ ലക്ഷ്യമെന്ന് മനസിലായിരുന്നുവെന്നും സിനിമ വലിയ കളക്ഷൻ നേടാനുള്ള കാരണം അതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Starting with Jana Gana Mana and ending with Vande Mataram: A.R. Rahman’s musical program goes viral amid controversies