| Wednesday, 14th May 2025, 10:46 pm

ഇന്നും സജീവമായ പ്രമുഖ നടൻ അന്ന് പ്രൊഡ്യൂസർ; അഭിനയിച്ചതിൻ്റെ പൈസ ഇപ്പോഴും തന്നിട്ടില്ല: നടൻ ടോണി ആൻ്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പരിചിതനായ നടനാണ് ടോണി ആന്റണി. മിഖായേലിന്റെ സന്തതികൾ എന്ന ജനപ്രിയ ടി.വി സീരിയലിലൂടെയാണ് അദ്ദേഹം അഭിനയം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലേക്ക് എത്തിയ ടോണി മിഖായേലിന്റെ സന്തതികൾ സീരിയലിന്റെ രണ്ടാം ഭാഗമായി എത്തിയ പുത്രൻ എന്ന ചിത്രത്തിലും അഭിനയിച്ചു.

ശേഷം കെ. മധു, സാജൻ, ജോസ് തോമസ്, ഐ.വി ശശി ഉൾപ്പെടെയുള്ള മുൻനിര സംവിധായകരുടെ സിനിമകളിൽ ടോണിക്ക് അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചു. ഇപ്പോൾ താൻ അഭിനയിച്ച സിനിമകളിൽ നിന്നും തനിക്ക് പൈസ കിട്ടാനുണ്ടെന്ന് പറയുകയാണ് നടൻ.

സിനിമയിൽ നിന്നും ഇഷ്ടം പോലെ പൈസ കിട്ടാനുണ്ടെന്നും അന്ന് യൂണിയനും സംഘടനകളും ഇല്ലെന്നും ടോണി ആന്റണി പറയുന്നു. പ്രൊഡ്യൂസറെ വിശ്വസിച്ച് പടങ്ങളിൽ അഭിനയിക്കുകയാണ് അന്നത്തെ കാലത്ത് ചെയ്യുകയെന്നും എന്നാൽ പിന്നീട് പണം തരില്ലെന്നും പ്രൊഡ്യൂസറെ വിളിച്ചാൽ എടുക്കില്ലെന്നും ടോണി ആന്റണി പറഞ്ഞു.

അന്ന് ചെക്കാണ് തരികയെന്നും എന്നാൽ ചെക്ക് ഒരിക്കലും മാറില്ലെന്നും ടോണി ആന്റണി വ്യക്തമാക്കി. അത്തരത്തിലുള്ള ചെക്കുകളെല്ലാം എടുത്ത് വെച്ചിട്ടുണ്ടെന്നും ഒരു പ്രമുഖ നടന്റെ ചെക്ക് സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും ടോണി ആന്റണി പറയുന്നു.

അത് ജോസ് തോമസ് എന്ന സംവിധായകന്റെ ചിത്രമായിരുന്നെന്നും ആ നടൻ ഇപ്പോഴും സിനിമാരംഗത്ത് സജീവമാണെന്നും പേര് പറയാൻ താത്പര്യമില്ലെന്നും ടോണി ആന്റണി വ്യക്തമാക്കി.

പടം ആവറേജ് ഹിറ്റായിരുന്നെന്നും താൻ ഇനി പണം ചോദിക്കില്ലെന്നും ടോണി ആന്റണി കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു ടോണി ആന്റണി.

‘സിനിമയിൽ നിന്നും ഇഷ്ടം പോലെ പൈസ കിട്ടാനുണ്ട്. ആ കാലത്ത് ഇപ്പോഴത്തെ പോലെ യൂണിയനൊന്നും ഇല്ലല്ലോ. സംഘടനകളും ഇല്ല. അന്നൊക്കെ പ്രൊഡ്യൂസറെ വിശ്വസിച്ച് പടങ്ങളിൽ അഭിനയിക്കും. അഭിനയിച്ച് കഴിഞ്ഞാൽ പിന്നെ വിളിച്ചാൽ എടുക്കില്ല. പിന്നെ ചെക്ക് ഉണ്ടാകും. ചെക്ക് ഒരിക്കലും മാറില്ല. ചെക്ക് എല്ലാം എടുത്ത് വെച്ചിട്ടുണ്ട്.

ഒരു പ്രമുഖനായ നടന്റെ ചെക്ക് ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അന്ന് പ്രൊഡ്യൂസറായിരുന്നു. പേര് ഞാൻ പറയില്ല. ആ ചെക്ക് ഓർമക്ക് വേണ്ടി എടുത്ത് വെച്ചിട്ടുണ്ട്. ആ നടൻ ഇപ്പോഴും സജീവമാണ് സിനിമയിൽ. ന്യൂ ജനറേഷൻ സിനിമയിൽ സജീവമാണ്് ആ നടൻ. ജോസ് തോമസിന്റെ ഒരു പടമായിരുന്നു. ഇനി ഞാൻ പൈസ ചോദിക്കില്ല. പടം ഒരു ആവറേജ് ഹിറ്റായിരുന്നു,’ ടോണി ആൻ്റണി പറയുന്നു.

Content Highlight: A prominent actor who is still active today was a producer at the time; he still hasn’t been paid for acting says Tony Antony

We use cookies to give you the best possible experience. Learn more