കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുന്‍ എം.എല്‍.എയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറിന് ജാമ്യം. എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
ദ്വാരപാലക കേസില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിളപാളി കേസിലും പത്മകുമാറിന് ജാമ്യം ലഭിച്ചിരുന്നു. പത്മകുമാര്‍ ഇന്ന് (ബുധന്‍) ജയില്‍ മോചിതനാകും.
2025 നവംബര്‍ 25നാണ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കട്ടിള പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്. പിന്നീട് റിമാന്‍ഡില്‍ കഴിയവേയാണ് ഡിസംബര്‍ നാലിന് ദ്വാരപാലക കേസിലും പത്മകുമാറിനെ പ്രതി ചേര്‍ത്തത്.
നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ച് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അഞ്ച് പേര്‍ പുറത്തുവന്നിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് അടക്കമാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. കസ്റ്റഡി 90 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് സ്വാഭാവികമായി ജാമ്യം ലഭിക്കുക.
കേസില്‍ ഇതുവരെ ഏഴ് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ പ്രസിഡന്റും കമ്മീഷണറുമായ എന്‍. വാസു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍ എന്നിവര്‍ക്ക് സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠരര് രാജീവര്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു എന്നിവര്‍ക്ക് സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്.