സര്‍ക്കാരിനേറ്റ വന്‍ തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയതില്‍ കെ.എസ്.യു
Kerala
സര്‍ക്കാരിനേറ്റ വന്‍ തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയതില്‍ കെ.എസ്.യു
രാഗേന്ദു. പി.ആര്‍
Tuesday, 17th February 2026, 12:49 pm

തിരുവനന്തപുരം: നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു. കോടതി വിധി സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്ന് കെ.എസ്.യു പ്രതികരിച്ചു.

കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. നവകേരള സര്‍വേ അധികാരത്തിന്റെയും പൊതുസമ്പത്തിന്റെയും ദുര്‍വിനിയോഗം ആണെന്നായിരുന്നു ഹരജിയിലെ ആക്ഷേപം.

വിവര ശേഖരണത്തിനായി നടത്തിയ സര്‍വേ സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നേട്ടത്തിനായി ഭരണമുന്നണി ദുരുപയോഗം ചെയ്യുകയാണെന്നും എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വേ സംഘടിപ്പിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രസ്തുത ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

നവകേരള സര്‍വേ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന മാര്‍ഗരേഖയ്ക്ക് വിരുദ്ധവും ഉത്തരവാദിത്തരഹിതമായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനായി മാറ്റിവെച്ച 20 കോടി രൂപ നല്‍കാന്‍ പാടുള്ളതല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചു.

കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ജെയിന്‍ ജയ്‌സണ്‍ മാത്യുവാണ് അലോഷ്യസ് സേവ്യറിനായി കോടതിയില്‍ ഹാജരായത്.

രാഷ്ട്രീയ ക്യാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നാണ് കോടതിയുടെ പ്രധാന നിരീക്ഷണം. സര്‍വേ സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണെന്നും ബജറ്റിന് പുറത്തുള്ള ചെലവ് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നാണ് നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ മുഖ്യമന്ത്രി നവകേരളാ സര്‍വേ പ്രഖ്യാപിച്ചത്. വീടുവീടാന്തരം കയറിയാണ് സര്‍വേ സംഘടിപ്പിച്ചത്.

ഓരോ നിയമസഭാ മണ്ഡലത്തിലും ഓരോ ഉദ്യോഗസ്ഥര്‍ക്ക് സര്‍വേയുടെ ചുമതല നല്‍കിയിരുന്നു. ജില്ലാ തലത്തില്‍ കലക്ടര്‍ക്കായിരുന്നു ചുമതല. 2031ല്‍ ഒരു വികസിത കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സര്‍വേ എന്നാണ് സര്‍ക്കാരിന്റെ വാദം.

Content Highlight: A major setback for the government; KSU reacts to the cancellation of the Navakerala Survey by the Highcourt

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.