ചരിത്രത്തിലാദ്യം; ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യു.എസിലെ ഇരുസഭകളും
Trending
ചരിത്രത്തിലാദ്യം; ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യു.എസിലെ ഇരുസഭകളും
നിഷാന. വി.വി
Wednesday, 24th June 2026, 7:48 am

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശാസനയുമായി യു.എസ് സെനറ്റ്. ഇറാനെതിരായ സൈനിക നടപടി നിര്‍ത്തിവെക്കണമെന്നും സൈന്യത്തെ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് സെനറ്റ് പ്രമേയം പാസാക്കി.

നാല്‍പ്പത്തിയെട്ടിനെതിരെ 50 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഈ മാസം ആദ്യം പ്രതിനിധി സഭയും ഇതേ വിഷയത്തില്‍ പ്രമേയം പാസാക്കിയിരുന്നു. 208 വോട്ടുകള്‍ക്കെതിരെ 215 വോട്ടുകള്‍ക്കായിരുന്നു അന്ന് പ്രമേയം പാസാക്കിയത്.

ഈ യുദ്ധാധികാര പ്രമേയത്തിനാണ് സെനറ്റ് അനുകൂലമായി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇരു സഭകളിലും ഇത്തരത്തില്‍ പ്രമേയം പാസാവുന്നത് ചരിത്രത്തിലാദ്യമാണ്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള നാല് പ്രതിനിധികളും പ്രമേയത്തെ അനുകൂലിച്ച് പ്രതിനിധി സഭയില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

1973ല്‍ യുദ്ധാധികാര നിയമം എന്ന പേരില്‍ അറിയപ്പെടുന്ന യുദ്ധാധികാര പ്രമേയം നിലവില്‍ വന്നതിന് ശേഷം അമേരിക്കന്‍ സായുധ സേനയെ യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെടുന്ന പ്രമേയം ഇരു സഭകളിലും ഒരു പോലെ പാസാവുന്നത് ഇതാദ്യമാണ്.

കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ നിന്ന് ട്രംപിന് ഈ അടുത്ത കാലം വരെ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നഷ്ടപ്പെട്ടത് ട്രംപിന് വലിയ തിരിച്ചടിയാണ്.

അതേസമയം, ഈ വോട്ടെടുപ്പിന് നിയമപരമായ പ്രാബല്യമില്ലെന്നും ഇത് വെറുമൊരു പ്രതീകാത്മക നീക്കം മാത്രമാണെന്നുമാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. ഈ പ്രമേയങ്ങള്‍ പ്രസിഡന്റിന്റെ ഒപ്പിനായി അയക്കേണ്ടതില്ലെന്നും ഏപ്രില്‍ 7-ലെ വെടിനിര്‍ത്തലോടെ യു.എസ് സൈന്യത്തിന്റെ നടപടികള്‍ ഇതിനകം തന്നെ അവസാനിച്ചതാണെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി.

എന്നാല്‍ യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം പ്രസിഡന്റിനല്ല, കോണ്‍ഗ്രസിനാണെന്നാണ് ഡെമോക്രാറ്റിക് പ്രതിനിധികള്‍ വാദിക്കുന്നത്. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത കോടതിയിലാകും ഇനി തീരുമാനിക്കപ്പെടുക.

Content Highlight: A historic first: Both houses pass a resolution to end the war against Iran.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.