ചുമ്മാ മൂഡ് സ്വിങ്‌സും പിരീഡ്‌സിന്റെ വേദനയുമായിരിക്കും കാണിക്കുന്നത്, വാഴ 3 അനൗണ്‍സ്‌മെന്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
Malayalam Cinema
ചുമ്മാ മൂഡ് സ്വിങ്‌സും പിരീഡ്‌സിന്റെ വേദനയുമായിരിക്കും കാണിക്കുന്നത്, വാഴ 3 അനൗണ്‍സ്‌മെന്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
അമര്‍നാഥ് എം.
Tuesday, 14th April 2026, 6:00 pm

ചെറിയ രീതിയില്‍ ഹിറ്റാകുമെന്ന് കരുതിയിടത്ത് നിന്ന് ഇന്‍ഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുകയാണ് വാഴ 2. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്തുനടന്ന ഒരുകൂട്ടമാളുകളെ അണിനിരത്തി നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്ത ചിത്രം 160 കോടിയോളം നേടിയിരിക്കുകയാണ്. എല്ലാം ഒത്തുവന്നാല്‍ മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി വാഴ 2 മാറാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.

വാഴ 2ന്റെ ഓളം അതിന്റെ ടോപ് ഗിയറില്‍ നില്‍ക്കുമ്പോള്‍ ചിത്രത്തിന്റെ മൂന്നാം ഭാഗം അനൗണ്‍സ് ചെയ്തിരിക്കുകയാണ്. തിരക്കഥാകൃത്ത് വിപിന്‍ ദാസാണ് വാഴ 3 ഔദ്യോഗികമായി അനൗണ്‍സ് ചെയ്തത്. ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. വാഴ 3: എ ബയോപിക് ഓഫ് ബില്യണ്‍ ഗേള്‍സ് എന്നാണ് ചിത്രത്തിന്റെ പേര്.

എന്നാല്‍ വാഴ 3 പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നതെന്ന് അറിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടമാളുകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പെണ്‍കുട്ടികളുടെ കഥയില്‍ പുതുമയൊന്നുമില്ലെന്നും കണ്ടുമടുത്ത കാര്യങ്ങള്‍ തന്നെയായിരിക്കുമെന്നാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. വാഴ ഫ്രാഞ്ചൈസിയിലെ ഏറ്റവും മോശം ചിത്രം ഇതായിരിക്കുമെന്ന് ഇപ്പോള്‍ തന്നെ പ്രവചനം തുടങ്ങിയിട്ടുണ്ട്.

‘വാഴ സീരീസിലെ ആദ്യ ഗുണ്ട് ലോഡിങ്’, ‘ചുമ്മാ മൂഡ് സ്വിങ്‌സും പിരീഡ്‌സിന്റെ വേദനയും പിന്നെ ആദ്യമായി ബിയര്‍ അടിക്കുന്നതുമൊക്കെയാകും കാണിക്കുന്നത്’, ‘നന്നായി പൊയ്‌ക്കൊണ്ടിരിക്കുന്ന ഫ്രാഞ്ചൈസി ഈ പടത്തിലൂടെ നശിക്കും’, ‘വേറെ കഥയൊന്നും ഇവര്‍ക്ക് കിട്ടിയില്ലേ’, ‘ആണുങ്ങളെ കരിവാരിത്തേക്കാന്‍ ഒരു ടോക്‌സിക് ബോയ്ഫ്രണ്ട് ഉണ്ടായിരിക്കും’, ‘ഈ പടം ഹിറ്റാക്കാന്‍ കഴിവുള്ള ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററുണ്ടോ? ഒരാവശ്യവുമില്ലാത്ത പണിയാണ്’ എന്നിങ്ങനെയാണ് പല പോസ്റ്റുകള്‍ക്കും താഴെയുള്ള കമന്റുകള്‍.

എന്നാല്‍ ഇത്തരം നെഗറ്റീവ് കമന്റ് പങ്കുവെക്കുന്നവര്‍ക്ക് മറുപടിയുമായി മറ്റ് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. പെണ്ണുങ്ങള്‍ക്കും പറയാന്‍ കഥയുണ്ടെന്നും മൂഡ് സ്വിങ്‌സും പിരീഡ്‌സും മാത്രമല്ല പറയാനുള്ളതെന്നുമാണ് പലരുടെയും മറുപടി. വാഴയുടെ രണ്ട് ഭാഗങ്ങളിലും ഒരേ കഥ തന്നെയാണ് പറഞ്ഞതെന്നും അത് ഹിറ്റായെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ജയ ജയ ഹേ പോലൊരു സിനിമയില്‍ നായികയുടെ തൊഴി കിട്ടിയ രാജേഷുമാരും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ അഴുക്കുവെള്ളം മുഖത്ത് വീണ സ്വാമിമാരുടെയും കുരുപൊട്ടലാണ് ഇതൊക്കെ,’ ‘പെണ്‍കുട്ടികള്‍ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്. അത് വേണ്ട രീതിയില്‍ എക്‌സ്‌പ്ലോര്‍ ചെയ്യാത്തത് അവരുടെ കുഴപ്പമല്ല’, ‘ജയ ജയ ഹേ ചെയ്ത വിപിന്‍ ദാസിനെ സ്ത്രീ കഥാപാത്രങ്ങളെ വെച്ച് ഹിറ്റുണ്ടാക്കാന്‍ പഠിപ്പിക്കണ്ട’ എന്നിങ്ങനെയാണ് പലരുടെയും മറുപടികള്‍.

വാഴ 2 വിജയിച്ചത് ആണ്‍കുട്ടികളുടെ കഥ പറഞ്ഞതുകൊണ്ടാണെന്നുള്ള ചിലരുടെ ചിന്തയെയും വിമര്‍ശിക്കുന്നുണ്ട്. നിലവില്‍ മോളിവുഡിലെ ഇന്‍ഡസ്ട്രി ഹിറ്റ് ഫീമെയില്‍ ഓറിയന്റഡ് സിനിമയുടെ പേരിലാണെന്നും ചിലര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.

Content Highlight: A group of peoples in social media criticizing Vaazha 3 announcement because of female centric

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം