കോണ്‍ഗ്രസില്‍ എ ഗ്രൂപ്പ് പുനസംഘടിപ്പിക്കുന്നു; നീക്കം ചാണ്ടി ഉമ്മന്റെയും പി.സി. വിഷ്ണുനാഥിന്റെയും നേതൃത്വത്തില്‍
Kerala News
കോണ്‍ഗ്രസില്‍ എ ഗ്രൂപ്പ് പുനസംഘടിപ്പിക്കുന്നു; നീക്കം ചാണ്ടി ഉമ്മന്റെയും പി.സി. വിഷ്ണുനാഥിന്റെയും നേതൃത്വത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th July 2025, 9:19 am

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വീണ്ടും എ ഗ്രൂപ്പ് പുനസംഘടിപ്പിക്കാന്‍ നീക്കം. ചാണ്ടി ഉമ്മന്റെയും പി.സി. വിഷ്ണുനാഥിന്റെയും നേതൃത്വത്തിലാണ് പഴയ എ ഗ്രൂപ്പ് പുനസംഘടിപ്പിക്കാനും സജീവമാക്കാനും ഒരുങ്ങുന്നത്. കെ.സി. ജോസഫ്, ബെന്നി ബഹനാന്‍, എം.എം. ഹസന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പൂര്‍ണ പിന്തുണയും ഈ നീക്കത്തിനുണ്ട്.

ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചാണ്ടി ഉമ്മന്‍ എ ഗ്രൂപ്പ് പുനസംഘടിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ചത്. കോണ്‍ഗ്രസില്‍ എല്ലാകാലത്തും ഗ്രൂപ്പ് ഉണ്ടെന്നും ഗ്രൂപ്പ് പാര്‍ട്ടിക്ക് അതീതമാകില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പി.സി. വിഷ്ണുനാഥ് | ചാണ്ടി ഉമ്മന്‍

 

‘പാര്‍ട്ടി തന്നെയാണ് വലുത്. പാര്‍ട്ടിക്കപ്പുറം ഒന്നുമില്ല. എല്ലാ കാലത്തും ഗ്രൂപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ആ ഗ്രൂപ്പുകള്‍ ചില ആദര്‍ശങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതൊന്നും പാര്‍ട്ടിക്ക് അതീതമല്ല,’ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സി.ആര്‍. മഹേഷ്, റോജി എം. ജോണ്‍ അടക്കമുള്ള യുവ എം.എല്‍.എമാരും ഡീന്‍ കുര്യാസ് അടക്കമുള്ള എം.പിമാരും ഗ്രൂപ്പിന്റെ ഭാഗമാകും. ഭരണം ലഭിച്ചാല്‍ മന്ത്രിസ്ഥാനം അടക്കം ആവശ്യപ്പെടാനാണ് ഗ്രൂപ്പിന്റെ തീരുമാനം. പഴയ എ ഗ്രൂപ്പിലെ എല്ലാ നേതാക്കളുടെയും പിന്തുണയോടെയാണ് എ ഗ്രൂപ്പ് സജീവമാക്കാനുള്ള നീക്കം.

എന്നാല്‍ ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ക്കെതിരെ ശക്തമായ വികാരം ഗ്രൂപ്പില്‍ ഉണ്ടെന്നാണ് വിവരം.

റീല്‍സ് രാഷ്ട്രീയമാണ് ഇരുവര്‍ക്കുമുള്ളതെന്നും അവരവരുടെ കാര്യത്തിന് വേണ്ടി മാത്രമാണ് ഇവര്‍ നിലകൊള്ളുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ വി.ഡി. സതീശന്‍ പക്ഷത്തേക്കും കെ.സി. വേണുഗോപാല്‍ പക്ഷത്തേക്കും ഇരുവരും കാലുമാറിയതായും എ ഗ്രൂപ്പില്‍ വിമര്‍ശനമുണ്ട്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പ് നിര്‍ജീവമായിരുന്നു. എന്നാല്‍ ചാണ്ടി ഉമ്മനിലൂടെ വീണ്ടും എ ഗ്രൂപ്പ് സജീവമാകുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് അടുത്തുവരുന്നത്. ഈ സാഹചര്യത്തില്‍ എ ഗ്രൂപ്പ് പുനസംഘടിപ്പിക്കുന്നത് പുതിയ രാഷ്ട്രീയ മാനങ്ങളും കൊണ്ടുവരുന്നുണ്ട്.

 

Content Highlight: A Group in the Congress set to reassemble under Chandy Oommen and P.C. Vishnunath.