മുംബൈ: ബിരിയാണിയും തണ്ണിമത്തനും കഴിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ മരണമടഞ്ഞ് നാലംഗ കുടുംബം. ബന്ധുക്കള്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുത്തായിരുന്നു കുടുംബം ബിരിയാണി കഴിച്ചത്. എന്നാല്‍ മറ്റുളളവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഏപ്രില്‍ 25 രാത്രി 10:30-ഓടെ ഒന്‍പത് ബന്ധുക്കള്‍ക്കൊപ്പം ഇവര്‍ ബിരിയാണി കഴിച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചെ 1:30-ഓടെ ഈ നാല് പേര്‍ മാത്രം തണ്ണിമത്തന്‍ കഴിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
പുലര്‍ച്ചെ 5:30-ഓടെ നാല് പേര്‍ക്കും കഠിനമായ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 26-ഓടെ നാല് പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
അന്ധേരിയില്‍ മൊബൈല്‍ ഫോണ്‍ ആക്സസറീസ് ഷോപ്പ് നടത്തിയിരുന്ന അബ്ദുള്ള ദൊഡാകിയ (44), ഭാര്യ നസ്രീന്‍ (35), പെണ്‍മക്കളായ ആയിഷ (16), സൈനബ് (12) എന്നിവരാണ് മരിച്ചത്.
മരിച്ചവര്‍ക്ക് ഗുരുതരമായ ഭക്ഷ്യ വിഷബാദ ഏറ്റിട്ടുണ്ടായിരുന്നുവെന്നും വൃക്കകളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടായിരുന്നുവെന്നും ഇവരെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഹിസ്‌റ്റോപാത്തോളജിക്കല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും ജെ.ജെ. മാര്‍ഗ് പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.