ഹൃദയം കൊണ്ട് സിനിമ പിടിക്കുന്ന ഒരു ഇസ്രഈലി സംവിധായകന്‍
Discourse
ഹൃദയം കൊണ്ട് സിനിമ പിടിക്കുന്ന ഒരു ഇസ്രഈലി സംവിധായകന്‍
എം.എസ്. ഷൈജു
Thursday, 18th December 2025, 6:33 pm
അധിനിവേശത്തിന്റേയും അസ്വാതന്ത്ര്യത്തിന്റേയും ഇരകളായി നിസഹായരായിപ്പോയ ഫലസ്തീന്‍ ജനതയുടെ ജയില്‍ സമാനമായ ദൈന്യ ജീവിതത്തേയും അതിന്റെ സൂക്ഷ്മ രാഷ്ട്രീയത്തേയും മനോഹരമായ ഒരു കുടുംബ പശ്ചാത്തത്തില്‍ അഭ്രപാളികളില്‍ ആവിഷ്‌കരിച്ച് ഓസകാര്‍ എന്‍ട്രിയടക്കം അനേകം അവാര്‍ഡുകള്‍ നേടിയ 'ദ സീ' എന്ന ഇസ്രഈലി സിനിമയുടെ സംവിധായകന്‍ ഷായി കാര്‍മേലി പൊള്ളാക്കുമായി മാധ്യമ പ്രവര്‍ത്തകന്‍ എം.എസ്.  ഷൈജു നടത്തിയ സംഭാഷണം.

അധിനിവേശത്തിന്റേയും അസ്വാതന്ത്ര്യത്തിന്റേയും ഇരകളായി നിസഹായരായിപ്പോയ ഫലസ്തീന്‍ ജനതയുടെ ജയില്‍ സമാനമായ ദൈന്യ ജീവിതത്തേയും അതിന്റെ സൂക്ഷ്മ രാഷ്ട്രീയത്തേയും മനോഹരമായ ഒരു കുടുംബ പശ്ചാത്തത്തില്‍ അഭ്രപാളികളില്‍ ആവിഷ്‌കരിച്ച് ഓസകാര്‍ എന്‍ട്രിയടക്കം അനേകം അവാര്‍ഡുകള്‍ നേടിയ ‘ദ സീ’ എന്ന ഇസ്രഈലി സിനിമയുടെ സംവിധായകന്‍ ഷായി കാര്‍മേലി പൊള്ളാക്കുമായി മാധ്യമ പ്രവര്‍ത്തകന്‍ എം.എസ്.  ഷൈജു നടത്തിയ സംഭാഷണം.

അഭിമുഖം: ഷായി കാര്‍മേലി /എം.എസ്. ഷൈജു

കേരളത്തിന്റെ മുപ്പതാമത് അന്താരാഷ്ട്രാ ഫിലിം ഫെസ്റ്റിവലില്‍ ആസ്വാദകരുടെ ഇഷ്ട സിനിമകളുടെ ബക്കറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച സിനിമയാണ് ‘ദ സീ’. ലോക സിനിമ വേദികളില്‍ വലിയ അംഗീകാരങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ് ഈ സിനിമ. ഓസ്‌കാര്‍ എന്‍ട്രിയടക്കം അനേകം പുരസ്‌കാരങ്ങള്‍ ഇതിനകം ലഭിച്ചു. പലസ്തീന്‍ പ്രമേയമായി നിരവധി സിനിമകള്‍ മുമ്പും സ്‌ക്രീന്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ നിന്നൊക്കെ പല നിലയ്ക്കും വ്യത്യസ്തമായ ഒരു ചലച്ചിത്രാനുഭവമാണ് ദ സീ.

കടല്‍ കാണാന്‍ പോകുന്ന സ്‌കൂള്‍ എസ്‌കര്‍ഷന്‍ സംഘത്തില്‍ നിന്ന് ഇസ്രഈലി പൊലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് അനുമതി കിട്ടാതെ ഒഴിവാക്കപ്പെടുന്ന പന്ത്രണ്ട് വയസുകാരനായ ഖാലിദിന്റെ പിന്നാലെയാണ് സിനിമ ചലിക്കുന്നത്. സംഘര്‍ഷഭരിതമായ അവന്റെ മനസ് അനുഭവിക്കുന്ന സ്വത്വപരവും വ്യക്തിപരവുമായ അനാഥത്വങ്ങളെ അയത്‌നലളിതമായ പാടവത്തോടെ സംവിധായകന്‍ അഭ്രപാളിയില്‍ വരച്ചിടുന്നു.സിനിമയുടെ ട്രെയ്‌ലറില്‍ നിന്നുള്ള ചിത്രം, Photo: Youtube

പാതിരാത്രിയില്‍ ഇസ്രഈല്‍ അതിര്‍ത്തി ഭേദിച്ച് മെഡിറ്ററേനിയന്‍ കടല്‍ത്തീരം കാണാനായി ഒറ്റയ്ക്ക് പോകാനുള്ള ഉറച്ച തീരുമാനവുമെടുത്ത് അവന്‍ യാത്ര തിരിക്കുന്നത് മുതല്‍ സിനിമ അവസാനിക്കുന്നത് വരെ പ്രേക്ഷകന്റെ മനസിലേക്ക് നീട്ടിയിട്ടിരിക്കുന്ന ഒരു അദൃശ്യമായ കണ്ണി വഴി സിനിമയെ പൂര്‍ണമായും ജൈവബന്ധിയായ ഒരനുഭവമാക്കി സംവിധായകന്‍ മാറ്റുന്നുണ്ട്.

സ്ഥൂലവും ഉച്ചത്തിലുള്ളതുമായ രാഷ്ട്രീയാഖ്യാനത്തിനപ്പുറം മനുഷ്യ ജീവിതത്തിന്റെ വൈകാരികതയുടെ നാനാര്‍ഥങ്ങളെ ആഖ്യാനവല്‍ക്കരിച്ച് അതിലൂടെ പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് സിനിമയുടെ സൂക്ഷ്മ രാഷ്ട്രീയത്തെ സംപ്രേഷണം ചെയ്തുകൊണ്ടാണ് ഷായി കാര്‍മേലി തന്റെ സിനിമയെ വ്യത്യസ്തമാക്കിയിരിക്കുന്നത്.

സിനിമ എന്ന സങ്കേതത്തിന് ഒരു കാല്പനികതയുണ്ട്. രാഷ്ട്രീയ പ്രാധാന്യമുള്ളതും റിയലിസ്റ്റിക്കായതുമായ ഉള്ളടക്കങ്ങളെ ആഖ്യാനിക്കുമ്പോള്‍ ഈ സിനിമാറ്റിക് ഭാവം നഷ്ടപ്പെടാതെ നിലനിര്‍ത്തുന്നതില്‍ പലപ്പോഴും സംവിധായകര്‍ പരാജയപ്പെട്ട് പോകുന്നത് നാം കാണുന്നുണ്ട്. ഈയൊരുദ്യമത്തില്‍ ഏറെ വിജയിച്ച ഒരു സംവിധായകന്‍ കൂടിയാണ് ഷായി. അദ്ദേഹത്തോടൊപ്പമുള്ള സംഭാഷണം വായനക്കാരുമായി പങ്ക് വെക്കുകയാണ്.

– കേരളത്തില്‍ ആദ്യമായാണോ? രണ്ട് ദിവസത്തെ ഐ.എഫ്.എഫ്.കെ അനുഭവങ്ങള്‍ എങ്ങനെയുണ്ടായിരുന്നു?

കേരളം ഞാന്‍ നേരത്തെ കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് സിനിമയുമായി ബന്ധപ്പെട്ട്. പക്ഷേ ആദ്യമായാണ് വരുന്നത്. ഈ നാടും നഗരവും എനിക്ക് ഏറെ ഇഷ്ടമായി. യഥാര്‍ത്ഥ ഉത്സവമാണ് സിനിമയുമായി ബന്ധപ്പെട്ട് ഇവിടെ കാണുന്നത്. പല അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും കേരളത്തിന്റേത് വ്യത്യസ്തമായ അനുഭവമാണ്. നാനൂറും അഞ്ഞൂറും കിലോമീറ്ററുകള്‍ സഞ്ചരിച്ച് വരുന്ന ആയിരക്കണക്കിന് ആളുകള്‍ ദിവസങ്ങളോളം ഈ നഗരത്തില്‍ താമസിച്ച് ആഘോഷമാക്കുന്ന ഇത്തരം ഫെസ്റ്റിവലുകള്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് അഭിമാനവും ആവേശവുമാണ്. സാധാരണ ആളുകള്‍ വന്ന് സിനിമയെ പറ്റി സംസാരിക്കുന്നതും, അതിന്റെ കലാപരവും രാഷ്ട്രീയപരവും സൗന്ദര്യാത്മകവുമായ വശങ്ങളെ പറ്റി പറയുന്നത് കേള്‍ക്കുകയും ചെയ്യുമ്പോള്‍ വലിയ കൗതുകം തോന്നുന്നുണ്ട്.

– എങ്ങനെയാണ് സിനിമാ മേഖലയില്‍ എത്തുന്നത്?

മാധ്യമ മേഖലയിലായിരുന്നു ഞാന്‍ ഇടപെട്ടിരുന്നത്. പ്രധാനമായും കുട്ടികള്‍ക്കുള്ള ആനിമേഷന്‍ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയാണ് കൈകാര്യം ചെയ്തിരുന്നത്. അതിന്റെ ഒരു സ്വാഭാവിക പരിണാമമായാണ് സിനിമയിലേക്കും എത്തുന്നത്. സിനിമ നേരത്തെ തന്നെ താത്പര്യമുള്ള മേഖലയായിരുന്നു. ആവിഷ്‌കാരപരമായി മൂല്യമുള്ള സിനിമകള്‍ക്ക് ഇസ്രഈല്‍ കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ട് തരും. അങ്ങനെയാണ് ഈ സിനിമയ്ക്കുള്ള ഫണ്ട് ലഭിക്കുന്നത്. ശരിക്ക് പറഞ്ഞാല്‍ ഞാന്‍ ചെയ്ത ആദ്യ സിനിമയാണിത്. സിനിമ പൊതുവേ അംഗീകരിക്കപ്പെട്ടു. അതില്‍ വലിയ സന്തോഷമുണ്ട്. ഇസ്രഈലിന്റെ ഓസ്‌കാര്‍ നോമിനേഷനായി പോയിരിക്കുന്നത് എന്റെ ഈ സിനിമയാണ്.

– ഞാനും അതിനെ പറ്റിയാണ് ചോദിക്കാന്‍ ആഗ്രഹിക്കുന്നത്. ഇസ്രഈല്‍ ഭരണകൂടം ഒരിക്കലും ഇഷ്ടപ്പെടുന്ന ഒരു പ്രമേയമല്ല സിനിമ ആവിഷ്‌കരിക്കുന്നത്. സിനിമയുടെ സൂക്ഷ്മ രാഷ്ട്രീയം ഇസ്രഈല്‍ താത്പര്യത്തിന് എതിരുമാണ്. ഫലസ്തീന്‍ ജനത അനുഭവിക്കുന്ന നീതിനിഷേധങ്ങള്‍ക്കും അവരുടെ ജീവിതത്തിലേക്ക് അടിച്ചേല്‍പ്പിക്കുന്ന ദൈന്യതകള്‍ക്കും യഥാര്‍ത്ഥ കാരണക്കാര്‍ ഇസ്രഈലല്ലേ? അപ്പോള്‍ ഇങ്ങനെയൊരു സിനിമയെ ഇസ്രഈലിന് എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും?

സിനിമയുടെ ട്രെയ്‌ലറില്‍ നിന്നുള്ള ചിത്രവും, സിനിയുടെ പോസ്റ്ററും, Photo: Youtube, Plex

രണ്ട് തരത്തിലാണ് ഇതിന് മറുപടി പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്നാമതായി, ഭരണകൂടം എന്ന് പറയുന്നതല്ല ഇസ്രഈല്‍ എന്ന രാജ്യം. അവിടുത്തെ ജനങ്ങളാണ് യഥാര്‍ത്ഥത്തില്‍ ആ രാജ്യം. പല നാടുകളില്‍ വേരുകളുള്ള പലതരം മനുഷ്യരാണ് യഥാര്‍ത്ഥ ഇസ്രഈല്‍. മീഡിയ പറയുന്ന സ്റ്റീരിയോ ടൈപ്പല്ല ആ രാജ്യം. എന്റെ കാര്യം നോക്കിയാല്‍, എന്റെ അമ്മയുടെ പൂര്‍വികര്‍ ഇറാനില്‍ നിന്ന് വന്നവരാണ്. അച്ഛന്റെ അച്ഛനും കുടുംബവും പോളണ്ടില്‍ നിന്ന് വന്നവരും.

ഇങ്ങനെ ഒരു മഴവില്‍ സാംസ്‌കാരികതയാണ് ഇസ്രഈലിന്. ഭരണകൂടം പുലര്‍ത്തുന്ന നിരവധി നിലപാടുകളോട് ഒട്ടും പ്രതിപത്തിയില്ലാത്ത ധാരാളം ആളുകള്‍ ഇസ്രഈലിലുണ്ട്. ഫലസ്തീന്‍ വിഷയത്തിലും അങ്ങനെ തന്നെയാണ്. അവര്‍ അവരുടെ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ സാധാരണ മനുഷ്യരെ ഭരണകൂടത്തിന്റെ നിലപാടുകളുമായി ബന്ധിപ്പിച്ച് കാണുന്നത് ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്.

രണ്ടാമതായി, ഞാന്‍ നികുതി അടക്കുന്ന ഒരു ഇസ്രഈലി പൗരനാണ്. എനിക്ക് രാജ്യത്ത് അനേകം അവകാശങ്ങളുണ്ട്. ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതിന് കലാപരമായി മേന്മയുണ്ടെങ്കില്‍ കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന ഫണ്ടിങ്ങിന് ഞാനും അര്‍ഹനാണ്. എന്റെ സിനിമ ചര്‍ച്ച ചെയ്യുന്ന പ്രമേയം ഭരണകൂടത്തിന്റെ നിലപാടുകള്‍ക്കും ഇഷ്ടത്തിനും എതിരാണെന്ന് വിധിച്ച് ആ ഫണ്ട് തടയാന്‍ ഗവണ്‍മെന്റും ആഗ്രഹിക്കുന്നില്ല. അവര്‍ ജനാധിപത്യവാദികളാണ് എന്ന് അവകാശപ്പെടുമ്പോള്‍ അങ്ങനെ ചെയ്യുന്നത് നന്നാവില്ല എന്ന് അവര്‍ക്കുമറിയാം. അതൊക്കെ കൊണ്ടാണ് ഇത്തരം സിനിമകള്‍ ഇസ്രഈലിനുള്ളില്‍ നിന്നും സംഭവിക്കുന്നത്.

– എങ്ങനെയാണ് ഫലസ്തീന്‍ വിഷയത്തില്‍ ഭരണകൂടം പഠിപ്പിക്കുന്ന നിലപാടുകള്‍ക്ക് വ്യത്യസ്തമായ ഒരു നിലപാട് ഉണ്ടായത്? അവിടുത്തെ സ്‌കൂളുകളില്‍ ഒക്കെ ഫലസ്തീനികളെ പറ്റി പഠിപ്പിക്കുന്നത് എങ്ങനെയാണ്?

സിനിമയുടെ ട്രെയ്‌ലറില്‍ നിന്നുള്ള ചിത്രം, Photo: Youtube

പ്രധാനമായും നാല് തരത്തിലെ സിലബസുകളിലാണ് ഇസ്രഈലില്‍ കുട്ടികള്‍ പഠിക്കുന്നത്. ഇതില്‍ ഓരോന്നിലും ഫലസ്തീനുമായി ബന്ധപ്പെട്ട് പഠിപ്പിക്കുന്ന നിലപാടുകളില്‍ വ്യത്യാസങ്ങളുണ്ട്. ഇസ്രഈല്‍ അതിന്റെ നിലനില്‍പിന്റെ പ്രാധാന്യം കുട്ടികളില്‍ ചെറിയ പ്രായത്തിലേ പഠിപ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ചെറിയ പ്രായത്തില്‍ ഭരണകൂട താത്പര്യമായിരിക്കും പൊതുവേ ആളുകളുടെ നിലപാട്. ഒപ്പം നിര്‍ബന്ധിത സൈനിക സേവനവും പൗരന്മാര്‍ക്കുണ്ട്.

ഞാന്‍ മൂന്ന് വര്‍ഷം സിറിയന്‍ അതിര്‍ത്തിയില്‍ സൈനിക സേവനം നടത്തിയിട്ടുണ്ട്. മുതിര്‍ന്ന് വന്നപ്പോള്‍ പല കാര്യങ്ങളും ഭരണകൂട ആഖ്യാനങ്ങള്‍ക്ക് അപ്പുറം വായിക്കാനും പഠിക്കാനും സാധിച്ചു. അങ്ങനെയാണ് ഫലസ്തീനിനെ പറ്റി വ്യത്യസ്തമായ നിലപാട് രൂപപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു മേഖലയിലാണ് ആദ്യം ഞാന്‍ ഇടപെട്ടിരുന്നത് എന്ന് പറഞ്ഞല്ലോ. ഒരു പ്രസ് ഐ.ഡി എന്റെ പക്കലുണ്ടായിരുന്നു. അതുപയോഗിച്ച് ഗാസയിലും വെസ്റ്റ് ബാങ്കിലും പല തവണ ഞാന്‍ പോയി. അവിടുത്തെ മനുഷ്യരെ കണ്ടു. വിദ്യാഭ്യാസമുള്ള മനുഷ്യര്‍ തൊഴില്‍ അവസരങ്ങളില്ലാതെ പരക്കം പായുന്നത് കണ്ടു.

സിനിമയില്‍ ഖാലിദിന്റെ പിതാവിനെ പോലെ അനധികൃതമായി ഇസ്രഈല്‍ ഭാഗങ്ങളില്‍ ഒളിച്ച് കടന്ന് അടിസ്ഥാന ജോലികള്‍ ചെയ്ത് കുടുംബം പോറ്റുന്ന ധാരാളം മനുഷ്യരുണ്ട്. പഠിപ്പിക്കപ്പെട്ട കാര്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള അന്തരം എനിക്ക് ശരിക്കും ബോധ്യപ്പെട്ടു. അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട മനുഷ്യരെ ഞാന്‍ അവിടെ കണ്ടു. അതൊക്കെ എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുകയും പ്രയാസപ്പെടുത്തുകയും ചെയ്തു. ഫലസ്തീനിലെ മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതം മനസിലാക്കുന്നത് അങ്ങനെയാണ്.

– സിനിമയിലെ ബേക്കറി രംഗം ഹൃദയ സ്പര്‍ശിയാണ്. അധികം ഡയലോഗുകള്‍ ഒന്നുമില്ലാതെ ഏറ്റവും വൈകാരികത മുറ്റിയ ഹൃദയ ഭാഷയില്‍ നിശബ്ദമായി വേദനകള്‍ കൈമാറുന്നവരായി ഖാലിദിന്റെ പിതാവും അയാളുടെ പഴയ ഇഷ്ടക്കാരിയും മനസില്‍ നിറഞ്ഞ് നില്‍ക്കുന്നു.

ഖാലിദിന്റെ പിതാവും അയാളുടെ പഴയ കാമുകിയും, ‘ദി സീ’ സിനിമയിടെ ട്രെയ് ലറില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ട് Photo: Youtube

അതെ, അതൊരു പ്രതീകം കൂടിയാണ്. ഖാലിദ് അനുഭവിക്കുന്ന അപരത്വം അവന്റെ പിതാവ് അനുഭവിച്ചതിന്റെ തുടര്‍ച്ച തന്നെയാണ്. ഒരു ഫലസ്തീനിയായിപ്പോയത് കൊണ്ട് മാത്രമാണ് ഇസ്രഈലിയായ കാമുകിയെ അയാള്‍ക്ക് ലഭിക്കാതെ പോയത്. അവളുടെ പിതാവിന്റെ കര്‍ക്കശമായ നിലപാടുകളും വിവേചനവുമാണ് അവരെ അകറ്റിയത്. അത്രയും വിവേചനം രണ്ടാം തലമുറക്കില്ല. പുതിയ തലമുറ വംശീയ വൈരാഗ്യങ്ങളിലോ അറബ് വിരോധത്തിലോ കാര്യമായി വിശ്വസിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.

അമേരിക്കയിലെ ജൂത സമൂഹത്തിലെ യുവത്വത്തിനും അന്ധമായ ഫലസ്തീന്‍ വിരോധമില്ല. എന്ന് മാത്രമല്ല അവരാരും പഴയത് പോലെ അന്ധമായി ഇസ്രഈല്‍ ഭരണകൂടത്തെ പിന്തുണക്കുന്നുമില്ല. ഫലസ്തീന്‍ ജനതയോട് ഇസ്രഈല്‍ ഭരണകൂടം പുലര്‍ത്തുന്ന സമീപനങ്ങള്‍ ശരിയല്ലെന്നും രണ്ട് സ്ഥലത്തെ ജനങ്ങളെയും അത് ദോഷകരമായി ബാധിക്കും എന്നും വിശ്വസിക്കുന്ന ധാരാളം മനുഷ്യര്‍ ഇസ്രഈലിലുണ്ട് എന്ന് കൂടി നമ്മള്‍ മനസിലാക്കണം.

– ഈ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടോ മറ്റോ എവിടെ നിന്നെങ്കിലും പ്രതിഷേധമോ വിമര്‍ശനമോ സെന്‍സര്‍ഷിപ്പ് പോലെ എന്തെങ്കിലും തടസങ്ങളോ നേരിട്ടിരുന്നോ?

ശരിക്കും പറഞ്ഞാല്‍ ഇസ്രഈല്‍ സര്‍ക്കാരിന് എന്റെ സിനിമയോട് ഒട്ടും താത്പര്യമില്ല. പക്ഷേ മുമ്പ് പറഞ്ഞത് പോലെ അങ്ങനെയൊരു ആക്ഷേപം കേള്‍ക്കാന്‍ താത്പര്യമില്ലാത്തത് കൊണ്ട് അവര്‍ ഇതിനെ തടയുകയൊന്നുമില്ല. ഒരുപാട് രാജ്യങ്ങളില്‍ എന്റെ സിനിമ പ്രദര്‍ശിപ്പിച്ചു. എവിടെയും അങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. പിന്നെ ചില സ്ഥലങ്ങളില്‍ ഇതിലെ ഉള്ളടക്കം ആളുകളെ വൈകാരികമാക്കും എന്നൊക്കെ പറഞ്ഞിരുന്നു.

‘ദ സീ’ എന്ന ഇസ്രഈലി സിനിമയുടെ സംവിധായകന്‍ ഷായി കാര്‍മേലി പൊള്ളാക്കുമായി മാധ്യമ പ്രവര്‍ത്തകന്‍ എം.എസ് ഷൈജു നടത്തിയ സംഭാഷണത്തിനിടയില്‍

എങ്കിലും പൊതുവേ പറഞ്ഞാല്‍ ചില ഒറ്റപ്പെട്ട സംഗതികളല്ലാതെ കാര്യമായ എതിര്‍പ്പുകളോ ബഹിഷ്‌കരണങ്ങളോ സിനിമക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ അനേകം ആളുകള്‍ സിനിമയുടെ പേരില്‍ എന്നോട് സ്‌നേഹം പങ്കിട്ടിട്ടുണ്ട്. പക്ഷഭേദമില്ലാതെ, ഒരു കുടുംബത്തിന്റെയും അതിലെ മനുഷ്യരുടെയും പരസ്പരമുള്ള ബന്ധത്തെയും അവരുടെ ജീവിത പരിസരങ്ങളെയും പ്രമേയമാക്കി ഒരു സിനിമയെടുത്തു എന്നേ ഞാന്‍ വിശ്വസിക്കുന്നുള്ളൂ.

– ഇസ്രഈലിനുള്ളില്‍ ധാരാളം അറബ് വംശക്കാര്‍ താമസിക്കുന്നുണ്ടല്ലോ? അവരുടെ രാഷ്ട്രീയ, സാമൂഹിക അവസ്ഥകള്‍ എങ്ങനെയൊക്കെയാണ്?

ഗ്രാമങ്ങളിലാണ് അവരൊക്കെ കൂടുതലുള്ളത്. ഔദ്യോഗികമായി അവര്‍ ഇസ്രഈല്‍ പൗരന്മാരാണ്. 1948ല്‍ ഇസ്രഈല്‍ രൂപീകരിക്കുമ്പോള്‍ അതിനുള്ളില്‍ പെട്ട് പോയവരാണ് ഈ അറബികള്‍. ഭൂരിപക്ഷം ആളുകളും ഈ സ്ഥലങ്ങളില്‍ നിന്ന് പലായനം ചെയ്തപ്പോള്‍ കുറെ ആളുകള്‍ സ്വന്തം സ്ഥലങ്ങളില്‍ തന്നെ തുടര്‍ന്നു. അവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് ഇസ്രഈല്‍ പറഞ്ഞിരുന്നത്.

പക്ഷേ ഈ പൗരത്വം അവര്‍ക്ക് ഇന്നും തുല്യത നല്‍കുന്നില്ല. അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വികസനം നടക്കുന്നില്ല. നല്ല സ്‌കൂളുകള്‍ ഇല്ല. നല്ല ആശുപത്രികള്‍ ഇല്ല. ബജറ്റില്‍ തുല്യമായ വിഹിതം അവര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ക്ക് അനുവദിക്കില്ല.

കൃത്യമായ പൊലീസിങ് അവിടെയില്ല. ക്രിമിനല്‍ കേസുകള്‍ വര്‍ധിച്ച് വരികയാണ്. പുതുതായി വീടുകള്‍ വെക്കാന്‍ അവര്‍ക്ക് അനുമതി ലഭിക്കില്ല. പരമ്പരാഗതമായി അവര്‍ താമസിച്ച് വന്ന അവരുടെ ഭൂമി ഇസ്രഈല്‍ രൂപപ്പെട്ടതോടെ അവരുടേതല്ലാതായി മാറി. രേഖകള്‍ ശരിയാക്കി സ്വന്തം പേരിലേക്ക് അവര്‍ മാറ്റിയില്ല എന്നത് കൊണ്ട് അത് സര്‍ക്കാര്‍ ഭൂമിയാണ് എന്നാണ് നിലവിലെ രേഖകള്‍ പറയുന്നത്.

കൈവശമിരിക്കുന്ന ഭൂമിയില്‍ ആരെങ്കിലും വീട് വെച്ചാല്‍ അധികൃതര്‍ ജെ.സി.ബി പോലുള്ളവ കൊണ്ട് വന്ന് അത് തകര്‍ത്ത് കളയും. എന്നാല്‍ മറു ഭാഗത്ത് ജൂതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ തന്നെ വലിയ സെറ്റില്‍മെന്റുകള്‍ ഉണ്ടാക്കി നല്‍കുകയും ചെയ്യും. വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള അവകാശമൊക്കെ ഉണ്ടെങ്കിലും വ്യക്തമായ വിവേചനം നേരിട്ടുകൊണ്ടാണ് അറബികളായ പൗരന്മാര്‍ ഇസ്രഈലിനുള്ളില്‍ കഴിയുന്നത്.

സിനിമയുടെ ട്രെയ്‌ലറില്‍ നിന്നുള്ള രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട്, Photo: Youtube

– ഫലസ്തീനെ പറ്റി പറയുമ്പോള്‍ ഗസയാണ് കൂടുതല്‍ കേള്‍ക്കുന്നതും കാണുന്നതും. പക്ഷേ താങ്കളുടെ സിനിമയുടെ പ്ലോട്ട് വെസ്റ്റ് ബാങ്കാണ്. ഇസ്രഈല്‍ വന്‍മതില്‍ കെട്ടിത്തിരിച്ച സ്ഥലമാണല്ലോ വെസ്റ്റ് ബാങ്ക്. അവിടെയുള്ള ജനങ്ങളുടെ ജീവിതം എങ്ങനെയാണ്?

കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ആളുകളാണവര്‍. ഓസ്‌ലോ കരാര്‍ പ്രകാരം ഫലസ്തീന്‍ അതോറിറ്റിക്ക് നല്‍കിയ സ്ഥലമാണ് വെസ്റ്റ് ബാങ്ക്. പക്ഷേ അവിടെ ഇസ്രഈല്‍ പട്ടാളമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഫലസ്തീനികള്‍ അടക്കം എല്ലാ ആളുകള്‍ക്കും ഐ.ഡി നല്‍കുന്നത് ഇസ്രഈലാണ്. ഓരോ പ്രദേശത്തെ ഫലസ്തീനിക്കും ഓരോ കളര്‍ കോഡുള്ള ഐ.ഡിയാണ്. അത് വാങ്ങി പരിശോധിക്കുമ്പോള്‍ പട്ടാളക്കാര്‍ക്ക് അറിയാം, അയാള്‍ ഏത് പ്രദേശത്തുള്ളയാളാണ് എന്ന്.

തൊഴിലില്ലായ്മ വലിയ പ്രശ്‌നം തന്നെയാണ്. വിദ്യാസമ്പന്നരായ അനേകം ആളുകള്‍ വെസ്റ്റ് ബാങ്കിലുണ്ട്. പക്ഷേ നല്ല തൊഴില്‍ ലഭിക്കണമെങ്കില്‍ പെര്‍മിറ്റ് നേടി മതിലിനപ്പുറമുള്ള ഇസ്രഈല്‍ പ്രദേശത്ത് എത്തണം. കടുത്ത പരിശോധനകള്‍ക്ക് ശേഷമേ മതില്‍ കടന്ന് അപ്പുറത്ത് എത്താനാകൂ. അങ്ങനെ ജോലി നോക്കുന്ന കുറെ മനുഷ്യരുണ്ട്. പക്ഷേ പെര്‍മിറ്റ് കിട്ടാത്ത ധാരാളം മനുഷ്യരുമുണ്ട്.

അവരൊക്കെ അനധികൃതമായി, പട്ടാളക്കാരുടെ കണ്ണ് വെട്ടിച്ച് അപ്പുറം കടന്നാണ് പല ജോലിക്കും പോകുന്നത്. വിദ്യാസമ്പന്നരായ അനേകം ആളുകള്‍ നിര്‍മാണ തൊഴിലാളികളും ക്ലീനിങ് തൊഴിലാളികളുമൊക്കെയായി പെര്‍മിറ്റില്ലാതെ ഇസ്രഈല്‍ നഗരങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. സിനിമയില്‍ ഖാലിദിന്റെ പിതാവും ഖാലിദ് ഒളിച്ച് കടക്കാന്‍ കൂടിയ സംഘവുമൊക്കെ ഇങ്ങനെ തൊഴില്‍ തേടി ഇസ്രഈല്‍ നഗരങ്ങളില്‍ കടക്കുന്നവരാണ്.

സിനിമയുടെ ട്രെയ്‌ലറില്‍ നിന്നുള്ള രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട്, Photo: Youtube

– താങ്കളുടെ സിനിമ ഉള്‍ക്കൊള്ളുന്നത് ഫലസ്തീന്‍ ജനതയുടെ ജീവിതത്തിന്റെ സൂക്ഷ്മ രാഷ്ട്രീയമാണ്. ഒരു കുടുംബത്തെയാണ് താങ്കള്‍ പ്ലോട്ട് ആക്കിയിരിക്കുന്നത്. ഒരു ബാലനും കടലുമാണ് മുഖ്യമായ വസ്തുക്കള്‍. എന്ത് കൊണ്ടാണ് കുടുംബം, ബാല്യം, കടല്‍ എന്നിവക്ക് മുഖ്യ പ്രാധാന്യം കൊടുത്ത് കൊണ്ട് സിനിമയുടെ ഉള്ളടക്കത്തെ അവതരിപ്പിച്ചിരിക്കുന്നത്?

കടല്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകം കൂടിയാണ്. ലോകത്തെ അതിമനോഹരമായ ബീച്ചുകളാണ് മെഡിറ്ററേനിയന്‍ ബീച്ചുകള്‍. അത് നിഷേധിക്കപ്പെട്ട ജനതയാണ് ഫലസ്തീനികള്‍. ഇസ്രഈല്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ അവര്‍ക്ക് അങ്ങോട്ട് പോകാന്‍ കഴിയില്ല. ഫലസ്തീനില്‍ ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെടുന്നവര്‍ കുട്ടികളാണ്. മനോഹരമായ ബാല്യമാണ് അവര്‍ക്ക് നഷ്ടപ്പെടുന്നത്. അവരുടെ ഏറ്റവും ചെറിയ ആഗ്രഹങ്ങള്‍ സാധിക്കാന്‍ പോലും വലിയ റിസ്‌ക് എടുക്കേണ്ടി വരുന്ന ഒരു സാഹചര്യമുണ്ട്.

ഒരു സിനിമ എടുക്കുമ്പോള്‍ ഒരു കുട്ടിയുടെ കാഴ്ചയിലൂടെ അതിനെ അവതരിപ്പിക്കാന്‍ എടുത്ത തീരുമാനം ബോധപൂര്‍വം തന്നെയായിരുന്നു. വീടും കുടുംബമാണ് മനുഷ്യന്റെ ഏറ്റവും വലിയ തണല്‍. പക്ഷേ ആശ നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരാണ് ഫലസ്തീനിലെ വീടുകളിലുള്ളത്. ഇതെല്ലാം ഞാന്‍ നേരിട്ട് കണ്ട അനുഭവങ്ങളാണ്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടാം ഇന്‍തിഫാദയുടെ കാലത്താണ് ഞാന്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ആദ്യമായി പോകുന്നത്. അന്ന് ഞാന്‍ ഫലസ്തീനികള്‍ക്കൊപ്പം പ്രതിഷേധങ്ങളില്‍ പങ്ക് കൊണ്ടു. അതൊക്കെയാകാം ഒരു സിനിമ ചെയ്യുമ്പോള്‍ പ്ലോട്ടായും കഥാ പരിസരങ്ങളായും കഥാപാത്രങ്ങളായും അവയൊക്കെ വരാന്‍ കാരണവും.

– താങ്കളെപ്പോലെ നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന, ഫലസ്തീനികള്‍ക്ക് വേണ്ടി സംസാരിക്കുന്ന കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും കവികള്‍ക്കുമൊക്കെ എന്ത് തരം പ്രതികരണങ്ങളാണ് ഇസ്രാഈലിനുള്ളില്‍ നിന്ന് ലഭിക്കാറുള്ളത്. ഇതിന്റെ പേരില്‍ വലിയ പ്രതിഷേധങ്ങളെയോ എതിര്‍പ്പുകളെയോ നേരിടേണ്ടി വരാറുണ്ടോ?

എന്റെ കാര്യം പറഞ്ഞാല്‍, എന്റെ അനുഭവങ്ങളാണ് എന്റെ വീക്ഷണങ്ങളായി മാറിയത്. ഫലസ്തീനികളുടെ ദുരിതങ്ങള്‍ ഞാന്‍ കണ്ടു. അവരുടെ മൃതശരീരങ്ങള്‍ കണ്ടു. അവരുടെ കുട്ടികളെ കണ്ടു. അവര്‍ക്ക് നിഷേധിക്കപ്പെട്ട നീതിയെപ്പറ്റി എനിക്ക് തിരിച്ചറിവുണ്ടായി. ഇനി അപ്പുറത്ത് നോക്കിയാല്‍ സ്വസ്ഥമായി താമസിക്കാന്‍ ഒരു വാഗ്ദത്ത നാടും സ്വപ്നം കണ്ടാണ് ഇസ്രഈലിലേക്ക് ആളുകള്‍ വന്നത്. അവരെല്ലാം സിയോണിസ്റ്റുകളാണ് എന്ന് നാം കരുതരുത്.

എന്റെ പൂര്‍വികര്‍ തന്നെ ഉദാഹരണമാണ്. ഭരണകൂടം സിയോണിസ്റ്റ് ആശയത്തെ പിന്തുണക്കുന്നവരാണ് എന്നത് ശരിയാണ്. പക്ഷേ സാധാരണ മനുഷ്യര്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിവുള്ളവരാണ്. അറബ് ജനതയോട് ഇസ്രഈലികള്‍ക്ക് ഭയമുണ്ട് എന്നത് ഒരു പരിധി വരെ ശരിയാണ്. കാരണം അവര്‍ക്കറിയാം, അവരെ ശത്രുക്കളായി കാണുന്നവരാണ് ചുറ്റുമുള്ള അറബ് രാജ്യങ്ങളില്‍ ഭൂരിപക്ഷവുമെന്ന്. ഹമാസിനെ ലൂസിഫറിനെ കാണുന്നത് പോലെയാണ് അവര്‍ കാണുന്നത്.

അവര്‍ക്ക് ഭയമാണ് ഹമാസിനെ. ഇതൊക്കെ ആകുമ്പോഴും എന്നെപ്പോലെയുള്ള കലാകാരന്മാരെ സാധാരണ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുണ്ട്. ഞങ്ങള്‍ പറയുന്ന കാര്യങ്ങളെ അവര്‍ സ്വീകരിക്കുന്നുണ്ട്. എന്റെ സിനിമയില്‍ ഖാലിദിന്റെ കഥാ പാത്രത്തെ അവതരിപ്പിച്ച മുഹമ്മദ് ഗസവിക്കാണ് രാജ്യത്തെ മികച്ച നടനുള്ള ഓഫിര്‍ അവാര്‍ഡ് ലഭിച്ചത്. ശരിക്കും പറഞ്ഞാല്‍, മനുഷ്യരല്ല; രാഷ്ട്രീയമാണ് പ്രശ്‌നം.

– തലമുറകളായി തുടരുന്നതാണ് ഫലസ്തീന്‍-ഇസ്രഈല്‍ പ്രശ്‌നം. അനേകം മനുഷ്യരുടെ ജീവന്‍ അതിനുവേണ്ടി പൊലിഞ്ഞു. ഫലസ്തീനികള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല. സംഘര്‍ഷങ്ങളും യുദ്ധങ്ങളും തുടര്‍ക്കഥ പോലെ തുടരുന്നു. ഇതിന് ഒരു പരിഹാരമുണ്ടാകുമോ? എങ്ങനെ പരിഹരിക്കപ്പെടുമെന്നാണ് താങ്കള്‍ വിശ്വസിക്കുന്നത്.

മനുഷ്യരുടെ ബോധങ്ങള്‍ മാറുക എന്നതാണ് പരിഹാരം. പതിയെയെങ്കിലും ആ മാറ്റമുണ്ടാകുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇസ്രഈലിനെ നിലനിര്‍ത്തുന്നത് അമേരിക്കയാണ്. അമേരിക്കയെ വലിയ അളവില്‍ നിലനിര്‍ത്തുന്നത് ജൂത സമൂഹവും. അതാണ് ബന്ധം. പുതിയ തലമുറയിലെ ഇസ്രഈലുകാര്‍ക്ക് കടുത്ത വംശീയ ബോധങ്ങള്‍ കുറവാണ്. അമേരിക്കയിലെ ന്യൂ ജെന്‍ കാര്‍ക്കും ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക തുടരുന്ന നിലപാടുകളോട് യോജിപ്പില്ല. തലമുറ മാറുമ്പോഴുണ്ടാകുന്ന മാറ്റം കൂടിയാണിത്. ഈ ബോധങ്ങള്‍ ഒരു രാഷ്ട്രീയമായി മാറുമ്പോള്‍ ഇസ്രഈല്‍-ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമുണ്ടാകും എന്നാണ് കരുതുന്നത്.

– ഇസ്രഈലിനുള്ളില്‍ ഫലസ്തീന്‍ അനുകൂല സംഘടനകള്‍ ധാരാളമുണ്ടല്ലോ. അവിടുത്തെ മുസ്‌ലീമുകളും ജൂതരും സഹകരിച്ചുള്ള മുന്നേറ്റങ്ങള്‍ വല്ലതുമുണ്ടോ?

ഒറ്റപ്പെട്ട നിലയിലൊക്കെ ചിലത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നതല്ലാതെ അങ്ങനെ ഇഴുകി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യമായ നിലയില്‍ ഇല്ലയെന്ന് പറയാം. അതിന് കാരണങ്ങളുമുണ്ട്. പ്രധാനമായും കള്‍ച്ചര്‍ തന്നെയാകും പ്രശ്‌നം. ചില അറബ് പാര്‍ട്ടികളൊക്കെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നുണ്ട്. മുസ്‌ലീമുകള്‍ ഉള്ള സ്ഥലങ്ങളില്‍ നിന്ന് കുറച്ച് സീറ്റുകളും അവര്‍ക്ക് ലഭിക്കാറുണ്ട്. പക്ഷേ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നെതന്യാഹുവിനെ എതിര്‍ക്കുന്ന പ്രതിപക്ഷ കക്ഷികള്‍ക്ക് പോലും വലിയ മടിയാണ്. കാര്യമായ നിലയില്‍ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ചുകള്‍ ഒന്നും മുസ്‌ലിം – ജൂത ജനങ്ങള്‍ക്കിടയില്‍ നടക്കുന്നില്ല എന്നത് ശരി തന്നെയാണ്.

– സിനിമയുടെ ഭാഷ അറബിയാണല്ലോ? താങ്കള്‍ക്ക് അറബി അറിയാമോ?

അറിയാം. ഇസ്രഈല്‍ സ്‌കൂളുകളില്‍ അറബി പഠിപ്പിക്കുന്നുണ്ട്. അത് ലിറ്ററല്‍ അറബിയാണ്. എഴുതാനും വായിച്ച് മനസിലാക്കാനുമൊക്കെ അതിലൂടെ പറ്റും. ഭാഷ സംസാരിച്ച് തന്നെ പഠിക്കണം. ഫലസ്തീനികളോട് ഇടപെട്ടും സഹവസിച്ചുമാണ് ഞാന്‍ അറബി സംസാരിക്കാന്‍ പഠിച്ചത്. ഭരണകൂടം അറബി പഠിപ്പിക്കുന്നതിന് പിന്നില്‍ പ്രത്യേകം ലക്ഷ്യങ്ങളുണ്ട്. അറബ് നാടുകള്‍ കൊണ്ട് ചുറ്റപ്പെട്ട രാജ്യമാണ് ഇസ്രഈല്‍. അത് പോലെ പട്ടാളക്കാരെയും പ്രത്യേകമായി അറബി പഠിപ്പിക്കുന്നുണ്ട്. ഫലസ്തീനികളുടെ സംസാരങ്ങള്‍ കേള്‍ക്കാനും അത് മനസിലാക്കാനും വേണ്ടിയാണ് അവരെ പഠിപ്പിക്കുന്നത്.

‘ദി സീ’ സിനിമയിടെ പോസ്റ്റര്‍, Photo: IMDb

– താങ്കളുടെ കുടുംബം, കരിയറില്‍ മുന്നോട്ടുള്ള പ്രതീക്ഷകള്‍ എന്നിവയെക്കുറിച്ച് പറയാമോ?

കുടുംബ പശ്ചാത്തലം നേരത്തെ ഞാന്‍ പറഞ്ഞല്ലോ. പിന്നെ ഭാര്യ. അവര്‍ ഇറാനിയാണ്. ഒരു മകളുണ്ട്. അവളെ നിങ്ങള്‍ കണ്ടല്ലോ. അവള്‍ക്ക് സിനിമയില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹം. ഡോക്യുമെന്ററികള്‍ ചെയ്തും ടെലിവിഷന് വേണ്ടി പല പ്രോഗ്രാമുകള്‍ ചെയ്തും ആക്ടിവിസ്റ്റായുമൊക്കെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എന്റെ ബോധ്യങ്ങളെ മുന്‍ നിര്‍ത്തിയും കലാപരമായ മികവോടെയും സിനിമകള്‍ ചെയ്യണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇത് പോലെയുള്ള ഫെസ്റ്റിവലുകളും ജനങ്ങളുടെ പിന്തുണയും വലിയ സന്തോഷം നല്‍കുന്നുണ്ട്.

– മലയാളികളോട് താങ്കള്‍ക്ക് പ്രത്യേകമായി എന്തെങ്കിലും പറയാനുണ്ടോ?

ഉണ്ട്. ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം, കേരളത്തിലെ മനുഷ്യര്‍ ഫലസ്തീന്‍ ജനതയോട് പുലര്‍ത്തുന്ന ഐക്യദാര്‍ഢ്യമാണ്. അത് ഇവിടുത്തെ രാഷ്ട്രീയമാണ് എന്ന് ഞാന്‍ മനസിലാക്കുന്നു. എന്റേത് പോലെയുള്ള സിനിമകള്‍ക്ക് ഇവിടെ ലഭിക്കുന്ന സ്വീകാര്യത നീതിക്ക് വേണ്ടി നിലപാടെടുക്കുന്ന മനുഷ്യരുടെ മനസാക്ഷിയുടെ പിന്തുണ കൊണ്ടാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു.

കേരളത്തിലെ ജനങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. ഫലസ്തീനിലെ നീതി നിഷേധിക്കപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ നിലപാടുകള്‍ വിലമതിക്കാനാവാത്തതാണ്. അത് ഇനിയും തുടരുക. നിഷേധിക്കപ്പെട്ട നീതി ഒരു നാള്‍ അവര്‍ക്ക് ലഭിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് ശുഭപ്രതീക്ഷ പുലര്‍ത്താം.

 

Content Highlight: A conversation between journalist M.S. Shyju and Shai Carmeli Pollak, director of the Israeli film ‘The Sea’


എം.എസ്. ഷൈജു
പത്രപ്രവര്‍ത്തകന്‍, വ്യവസായ സംരംഭകന്‍. കൊല്ലം ജില്ലയിലെ വട്ടപ്പാറ സ്വദേശി.