കണ്ണടച്ച് തുറക്കും മുമ്പ് ടെസ്റ്റ് മത്സരം അവസാനിച്ചു; വിമര്‍ശനവുമായി ഡിവില്ലിയേഴ്‌സ്
Sports News
കണ്ണടച്ച് തുറക്കും മുമ്പ് ടെസ്റ്റ് മത്സരം അവസാനിച്ചു; വിമര്‍ശനവുമായി ഡിവില്ലിയേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th November 2025, 7:12 am

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ കൊല്‍ക്കത്ത പിച്ചിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി സീനിയര്‍ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്‌സും ഇപ്പോള്‍ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ്. കണ്ണടച്ച് തുറക്കും മുമ്പ് മത്സരം അവസാനിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മാത്രമല്ല എന്നിട്ടും പിച്ചിനെക്കുറിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ന്യായീകരിച്ചെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. കൂടാതെ സൗത്ത് ആഫ്രിക്ക മത്സരത്തില്‍ പരാജയപ്പെടുമെന്ന് തോന്നിയെങ്കിലും ക്യാപ്റ്റന്‍ തെംബ ബാവുമയുടെ മികച്ച പ്രകടനം കളി മാറ്റിമറിച്ചെന്ന് മുന്‍ താരം പറഞ്ഞു.

‘കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ടെസ്റ്റ് മത്സരം അവസാനിച്ചു. എന്നിട്ടും ഇന്ത്യ പ്രതീക്ഷിച്ചിരുന്ന വിക്കറ്റ് അതായിരുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ രസകരമായിരുന്നു. ഒരുപക്ഷേ അദ്ദേഹം കളിക്കാരെ പരിഹസിക്കുന്നുണ്ടാകാം.

പിച്ച് പരന്നതായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു, പക്ഷേ പിന്നീട് പല കാര്യങ്ങളും സംഭവിക്കാന്‍ തുടങ്ങി. 250ഓ അതിലധികമോ റണ്‍സ് നേടാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തി, റണ്‍സ് നേടിയിരുന്നെങ്കില്‍ അവര്‍ മത്സരം ജയിക്കുമായിരുന്നു.

സൗത്ത് ആഫ്രിക്കയ്ക്കയുടെ മത്സരം അവസാനിച്ചതായി തോന്നി, പക്ഷേ ക്യാപ്റ്റന്‍ ബാവുമയാണ് കളി മാറ്റിമറിച്ച ഇന്നിങ്‌സ് കാഴ്ച്ചവെച്ചത്. ഈ പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ അദ്ദേഹം നേരത്തെ ഇന്ത്യയിലേക്ക് യാത്ര ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ കഠിനാധ്വാനത്തില്‍ ഞാന്‍ ശരിക്കും അഭിമാനിക്കുന്നു. ആ തയ്യാറെടുപ്പ് നിര്‍ണായകമായിരുന്നു. അദ്ദേഹത്തിന്റെ ചെറിയ പിഴവ് പോലും കളി ഇന്ത്യയുടെ ഭാഗത്തേക്ക് മാറ്റുമായിരുന്നു,’ ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ എന്ത് വിലകൊടുത്തും വിജയം നേടാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മത്സരം നവംബര്‍ 22ന് ഗുവാഹത്തിയിലാണ് ആരംഭിക്കുക. കൂടാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ഇതോടെ റിഷബ് പന്തിന്റെ ക്യാപ്റ്റന്‍സിയിലാകും ഇന്ത്യ കളത്തിലിറങ്ങുന്നത്.

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

Content Highlight: A.B De Villiers Talking About South Africa VS India First Test