ന്യൂദല്‍ഹി: ‘ദി കേരള സ്റ്റോറി 2’ എന്ന പ്രൊപ്പഗണ്ട സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ കേരളത്തിലേക്ക് ക്ഷണിച്ച് ഡി.വൈ.എഫ്.ഐ നേതാവും രാജ്യസഭാ എം.പിയുമായ എ.എ. റഹീം. ‘നിങ്ങള്‍ ഒരിക്കലെങ്കിലും ഈ നാട്ടിലേക്കൊന്ന് വരണം’ എന്ന് എ.എ. റഹീം ഫേസ്ബുക്കില്‍ എഴുതി.
ന്യൂദല്‍ഹി: ‘ദി കേരള സ്റ്റോറി 2’ എന്ന പ്രൊപ്പഗണ്ട സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ കേരളത്തിലേക്ക് ക്ഷണിച്ച് ഡി.വൈ.എഫ്.ഐ നേതാവും രാജ്യസഭാ എം.പിയുമായ എ.എ. റഹീം. ‘നിങ്ങള്‍ ഒരിക്കലെങ്കിലും ഈ നാട്ടിലേക്കൊന്ന് വരണം’ എന്ന് എ.എ. റഹീം ഫേസ്ബുക്കില്‍ എഴുതി.
കേരളത്തിലെത്തിയ ശേഷം മതമതിലുകള്‍ക്ക് മുകളില്‍ മനുഷ്യത്വം പൂക്കുന്ന, സ്‌നേഹം കൊണ്ട് അതിരുകള്‍ തീര്‍ത്ത ഈ നാടിന്റെ സ്പന്ദനമറിയണമെന്നും എം.പി പറഞ്ഞു. ഒഴുകുന്ന പുഴ പോലെ തെളിമയുള്ള ഈ നാടിന്റെ മനസ് നിങ്ങള്‍ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത് ദൈവത്തിന്റെ സ്വന്തം നാട് മാത്രമല്ല, ഒന്നിച്ചിരുന്ന് ഓണമുണ്ണുന്ന ഞങ്ങള്‍ മലയാളികളുടെ മാതൃഭൂമി കൂടിയാണ്,’ എ.എ. റഹീം പറഞ്ഞു.
വെറുപ്പ് വിതച്ചും വിദ്വേഷ കഥകള്‍ മെനഞ്ഞും ഈ കൊച്ചുകേരളത്തെ അപമാനിക്കാന്‍ പരിശ്രമിക്കുന്നതിന് മുമ്പ്, മലയാള നാടിന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് മനസിലാക്കാനെങ്കിലും ശ്രമിക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ പാളയം പള്ളിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് റഹീമിന്റെ പോസ്റ്റ്. പാളയം ജുമാ മസ്ജിദിനോട് ചേര്‍ന്നാണ് ഗണേശ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിന്റെ എതിര്‍വശത്തായി കുറച്ച് നീങ്ങി സെന്റ് ജോസഫ് ലാറ്റിന്‍ കത്തോലിക്കാ പള്ളിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് തിരുവനന്തപുരം ജില്ലയുടെ മതസൗഹാര്‍ദവും വര്‍ഷങ്ങളുടെ ചരിത്രവും വിളിച്ചോതുന്ന ഒന്നാണ്.
1813ലാണ് പാളയം പള്ളി സ്ഥാപിതമായത്. തിരുവിതാംകൂര്‍ സൈന്യത്തിലെ മുസ്‌ലിം സൈനികര്‍ക്കായി പള്ളി നിര്‍മിച്ചതോടൊപ്പം ഹിന്ദു സൈനികര്‍ക്കായി ക്ഷേത്രവും പണിതു. ഈ കൂടിച്ചേരലിന്റെ ചിത്രമാണ് എ.എ. റഹീം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന് യു.എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചിരിക്കുന്നത്. ഇതോടെ 14 വയസിനും അതിന് മുകളിലുള്ളവര്‍ക്കും ചിത്രം കാണാന്‍ സാധിക്കും.
എന്നാല്‍ സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ ശ്രീദേവ് നമ്പൂതിരി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇത് പരിഗണിച്ച കോടതി സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണവും തേടി.
Content Highlight: A.A.Rahim invites the behind-the-scenes workers of the propaganda film ‘The Kerala Story 2’ to Kerala