| Tuesday, 22nd April 2025, 11:17 am

ബി.പി അങ്ങാടിയില്‍ 15കാരനെ നാല് വര്‍ഷത്തോളം ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു; യുവതി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂര്‍: മലപ്പുറം ബി.പി അങ്ങാടിയില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് അറസ്റ്റിലായത്.

യുവതി ഭര്‍ത്താവിന്റെ അറിവോടെയാണ് പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ ഭര്‍ത്താവ് സാബിഖാണ് വീഡിയോ ചിത്രീകരിച്ചത്. ഇയാള്‍ നിലവില്‍ ഒളിവിലാണ്.

നിലവില്‍ 19 വയസുള്ള യുവാവ് പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിരൂര്‍ പൊലീസ് പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും പരാതി സത്യമാണെന്ന് മനസിലാക്കി സത്യഭാമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ രണ്ട് ദിവസം മുമ്പാണ് റിമാന്റ് ചെയ്തത്.

2021മുതല്‍ നാല് വര്‍ഷത്തോളം സത്യഭാമ കുട്ടിയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. യുവതി കുട്ടിയെ പീഡിപ്പിച്ചത് കൂടാതെ മയക്കുമരുന്ന് കടത്താനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിരന്തരമായി കുട്ടിയില്‍ നിന്നും പണം വാങ്ങുകയും കുട്ടിയുടെ വീട്ടുകാരുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി തരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അത് വെച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്യാമെന്നതായിരുന്നു സത്യഭാമയുടെ ഉദ്ദേശമെന്നും പരാതിയില്‍ പറയുന്നു.

Content Highlight: A 15-year-old was threatened and sexually assaulted for four years at BP Market; Woman arrested

We use cookies to give you the best possible experience. Learn more