പൊലീസിനെ വട്ടം കറക്കിയ ഗേള്‍ നമ്പര്‍ 166 | ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ചുരുളഴിയുന്നു
മായാ ഗിരീഷ്

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ നിന്ന് കാണാതായ ഒരു ഏഴ് വയസുകാരി… ഗേള്‍ നമ്പര്‍ 166 എന്ന് മുംബൈയിലെ ഡി.എന്‍ നഗര്‍ പൊലീസ് വിളിച്ചിരുന്ന പെണ്‍കുട്ടി…വര്‍ഷങ്ങള്‍ക്കിപ്പുറം ഗൂഗിളിലെ റഫറന്‍സ് ചിത്രത്തിന്റെ സഹായത്തോടെ കുട്ടിയെ തിരികെ ലഭിക്കുന്നു, അതും സ്വന്തം വീട്ടില്‍ നിന്നും ഒരു വിളിപ്പാടകലെ ദൂരത്ത് നിന്ന്. ക്രൈം സിനിമകളെ പോലും വെല്ലുന്ന പൂജയുടെ തിരിച്ചുവരവിന്റെ കഥ.

ഗേള്‍ നമ്പര്‍ 166, അതായിരുന്നു ഒമ്പത് വര്‍ഷം മുമ്പ് കാണാതായ ഏഴ് വയസുള്ള പൂജയെ മുംബൈയിലെ ഡി.എന്‍.നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നത്. അന്നത്തെ എ.എസ്.ഐ. ആയിരുന്ന രാജേന്ദ്ര ബോസ്‌ലെ ആ കാലയളവില്‍ അന്വേഷിച്ച 166 കേസുകളില്‍ അവസാനത്തെ പെണ്‍കുട്ടി. ബാക്കി എല്ലാവരെയും കണ്ടെത്തിയിരുന്നു. എന്നാല്‍ പൂജ മാത്രം അവശേഷിച്ചു.

2013 ജനുവരി 23-നാണ് മുംബൈയിലെ അന്ധേരിയില്‍ നിന്നും പൂജയെ കാണാതാവുന്നത്. സഹോദരനൊപ്പം സ്‌കൂളിലേക്ക് പോയ പൂജ ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ആ തിരോധാനത്തിന്റെ കഥ ലോകമറിയുകയാണ്.

സഹോദരനുമായുണ്ടായ തര്‍ക്കത്തില്‍ പിണങ്ങി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പൂജ ഹാരി ജോസഫ് ഡിസൂസ എന്നയാളുടെ കണ്ണില്‍പെട്ടതോടെയാണ് മിസിങ്ങ് കേസിന് തുടക്കമാകുന്നത്. മുംബൈയില്‍ താമസമാക്കിയ കര്‍ണാടക റായ്ച്ചൂര്‍ സ്വദേശിയായ ജോസഫ് ഡിസൂസയ്ക്കും ഭാര്യ സോണിക്കും വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ജനുവരി 23ന് വഴിയരികില്‍ നില്‍ക്കുന്ന പൂജയെ കണ്ടതോടെ തന്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവരാനുള്ള വഴി ഈ കുട്ടിയാണെന്ന് ഡിസൂസ മനസിലുറപ്പിച്ചു. അങ്ങനെ ഡിസൂസ തന്ത്രപൂര്‍വം കുട്ടിയെ തന്റെ വീട്ടിലേക്ക് തട്ടികൊണ്ടുപോയി.

കുട്ടി സ്‌കൂളില്‍നിന്ന് തിരിച്ചെത്താത്തതുകൊണ്ട് അന്നുതന്നെ വീട്ടുകാര്‍ ഡി.എന്‍. നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രാജേന്ദ്ര ബോസ്‌ലെയായിരുന്നു അന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. നഗരത്തിലെ പലയിടങ്ങളിലും സംഘം തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ പെണ്‍കുട്ടിയുടെ ചിത്രമുള്ള ‘മിസ്സിങ്’ പോസ്റ്ററുകളും നോട്ടീസുകളും നാടുമൊത്തം നിറഞ്ഞു.

സംഭവം വാര്‍ത്തയാവുകയും പിന്നാലെ പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തതോടെയാണ് താന്‍ ചെയ്തതിന്റെ ഗൗരവം ഡിസൂസയ്ക്ക് മനസിലായത്. പെട്ടെന്ന് തന്നെ പെണ്‍കുട്ടിയെ റായ്ച്ചൂരിലെ ഒരു ഹോസ്റ്റലിലാക്കി. പിന്നീട് മൂന്നുവര്‍ഷത്തോളം പെണ്‍കുട്ടി കര്‍ണാടകയില്‍ തന്നെയായിരുന്നു.

എന്നാല്‍ 2016ല്‍ ഡിസൂസ സോണി ദമ്പതിമാര്‍ക്ക് കുഞ്ഞുണ്ടായി. രണ്ടു കുട്ടികളേയും വളര്‍ത്താനുള്ള ചെലവ് വര്‍ധിച്ചതോടെ പെണ്‍കുട്ടിയെ കര്‍ണാടകയില്‍നിന്ന് കൂട്ടികൊണ്ടുവന്ന് കുട്ടികളെ പരിചരിക്കുന്ന ജോലിക്ക് പറഞ്ഞയച്ചു. ഡിസൂസയും കുടുംബവും ഇതിനിടയില്‍ പലതവണ വീടുകള്‍ മാറിയിരുന്നു. അങ്ങനെ അവസാനം അവര്‍ മാറിവന്നത് അന്ധേരിയിലെ ഗില്‍ബര്‍ട്ട് ഹില്‍ പ്രദേശത്താണ്. അതായത്, പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീട്ടില്‍നിന്നും ഒരു വിളിപ്പാടകലെ മാത്രം.

കാലം കുറേ കഴിഞ്ഞതുകൊണ്ട് ആര്‍ക്കും കുട്ടിയെ മനസിലാവില്ലെന്നായിരുന്നു ഡിസൂസ വിചാരിച്ചത്. കാരണം പണ്ടുണ്ടായിരുന്ന പോസ്റ്ററുകളും നോട്ടീസുകളുമെല്ലാം അതിനകംതന്നെ തെരുവുകളില്‍നിന്നും അപ്രത്യക്ഷമായിരുന്നു. കൂടാതെ മറ്റുള്ളവരോട് സംസാരിക്കുന്നതില്‍നിന്ന് പെണ്‍കുട്ടിയെ വിലക്കുകയും ചെയ്തിരുന്നു.

സ്വന്തം കുഞ്ഞുണ്ടായതോടെ ഡിസൂസക്കും ഭാര്യക്കും പൂജയോടുള്ള ഇഷ്ടം കുറഞ്ഞുതുടങ്ങിയിരുന്നു. പൂജയെ പല തവണ മര്‍ദിക്കുകയും ചെയ്തു. മദ്യപിക്കുന്ന സമയത്ത് നീ എന്റെ മകളല്ലെന്നും, 2013-ല്‍ എവിടെനിന്നോ എടുത്തുകൊണ്ടുവന്നതാണെന്നുമൊക്കെ ഡിസൂസ ആവര്‍ത്തിച്ചുപറഞ്ഞു. ഇതൊക്കെ കേട്ടതോടെ അവര്‍ തന്റെ മാതാപിതാക്കളല്ലെന്ന് പൂജയ്ക്ക് മനസിലായി. പക്ഷെ അവിടെനിന്നും രക്ഷപ്പെടാന്‍ അവള്‍ക്ക് പേടിയായിരുന്നു.

ഏഴുമാസം മുമ്പ് പൂജ മറ്റൊരു വീട്ടില്‍ ജോലിക്കെത്തി. അവിടെയുണ്ടായ സംഭവങ്ങളാണ് അവളുടെ ജീവിതത്തില്‍ വഴിത്തിരിവുകളുണ്ടാക്കിയത്. പൂജയുടെ കൂടെയുള്ള ജോലിക്കാരി പലതവണയായി അവളോട് കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞിരുന്നു. ചില കാര്യങ്ങള്‍ കേട്ടപ്പോള്‍ അവര്‍ക്ക് സംശയമായി. അതോടെ പൂജയുടെ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുനോക്കി. അപ്പോഴാണ്, 2013-ല്‍ കാണാതായ കുട്ടിയുടെ ന്യൂസും ഫോട്ടോസുമെല്ലാം കാണുന്നത്. കൂട്ടത്തില്‍ ചില ഫോണ്‍ നമ്പറുകളുള്ള പോസ്റ്ററുകളും ഉണ്ടായിരുന്നു.

ഒമ്പത് വര്‍ഷം മുമ്പുള്ള ഫോട്ടോസ് കണ്ടതോടെ പല കാര്യങ്ങളും പൂജക്ക് ഓര്‍മ വന്നു. ഇതോടെ പോസ്റ്ററുകളില്‍ കണ്ട നമ്പറുകളിലേക്ക് വിളിച്ചു. അയല്‍വാസിയായിരുന്ന റഫീഖ് എന്നയാളുടെ നമ്പറിലേക്കായിരുന്നു കോള്‍ കിട്ടിയത്. പലതവണ ഇങ്ങനെ ഫോണ്‍കോളുകള്‍ വന്നതുകൊണ്ട് ആദ്യം ഒന്നും വിശ്വസിച്ചില്ല. തെളിവിനായി കുട്ടിയുടെ ചിത്രങ്ങള്‍ ചോദിച്ചു. അങ്ങനെ വീട്ടുജോലിക്കാരി പൂജക്കൊപ്പം റഫീഖിനെ വീഡിയോ കോള്‍ ചെയ്തു. അതിന്റെ സ്‌ക്രീന്‍ഷോട്ട് റഫീക് പെണ്‍കുട്ടിയുടെ അമ്മയെയും അമ്മാവനെയും കാണിച്ചു. ഒറ്റനോട്ടത്തില്‍ തന്നെ അമ്മ മകളെ തിരിച്ചറിഞ്ഞു.

കുട്ടിയെ തിരിച്ചറിഞ്ഞതോടെ വിവരങ്ങളെല്ലാം പോലീസിലും, അതുവരെ കേസ് അന്വേഷിച്ചിരുന്ന റിട്ട. എ.എസ്.ഐ. രാജേന്ദ്ര ബോസ്‌ലെയെയും അറിയിച്ചു. പിന്നീട് എല്ലാം വളരെ വേഗത്തിലായിരുന്നു. പെണ്‍കുട്ടി ജോലിചെയ്യുന്ന വീടിന്റെ വിവരങ്ങള്‍ ശേഖരിച്ച് മണിക്കൂറുകള്‍ക്കകം പോലീസ് സംഘത്തിനൊപ്പം കുടുംബവും അവിടേക്ക് തിരിച്ചു. രാത്രിയോടെയാണ് അവര്‍ കുട്ടി താമസിക്കുന്ന വീടിന് മുന്നിലെത്തിയത്. താന്‍ നോക്കുന്ന കുഞ്ഞുമായി പുറത്തിറങ്ങിയ പൂജയെ കണ്ടപ്പോള്‍ തന്നെ മകളെ അമ്മ തിരിച്ചറിഞ്ഞു. ഒമ്പതുവര്‍ഷങ്ങള്‍ക്കിപ്പുറമുണ്ടായ അമ്മയുടെയും മകളുടെയും കൂടിക്കാഴ്ചക്ക് സാക്ഷികളായവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഒമ്പത് വര്‍ഷങ്ങള്‍ക്കും ഏഴുമാസങ്ങള്‍ക്കും ശേഷം 16-കാരിയായ പൂജ അവളുടെ അമ്മയെ കണ്ടപ്പോള്‍ ഡി.എന്‍. നഗര്‍ പോലീസ് സ്റ്റേഷനിലെ റിട്ട. എ.എസ്.ഐ. രാജേന്ദ്ര ബോസ്‌ലെയുടെയും കണ്ണുനിറഞ്ഞിരുന്നു. കാരണം അദ്ദേഹം അന്വേഷിച്ച മിസ്സിങ് കേസുകളില്‍ അവസാനത്തെ കേസായിരുന്നു ഇത്. 2015-ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചിട്ടും കഴിഞ്ഞ ഏഴുവര്‍ഷമായി ആ പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നു ബോസ് ലെയുടെ ശ്രമം. വര്‍ഷങ്ങള്‍ നീണ്ട ആ പരിശ്രമങ്ങള്‍ക്കാണ് കഴിഞ്ഞ വ്യാഴാഴ്ചയാണ് നല്ലൊരു അവസാനമുണ്ടായത്.

അതേസമയം, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ജോസഫ് ഡിസൂസയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, അന്യായമായി തടങ്കലില്‍ വെക്കല്‍, ബാലവേലയ്ക്ക് നിര്‍ബന്ധിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഡിസൂസയുടെ ഭാര്യ സോണിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ചെറിയ കുട്ടിയുള്ളത് കൊണ്ട് അറസ്റ്റ് ചെയ്തിട്ടില്ല.

സിനിമാകഥകളെപോലും വെല്ലുന്ന ജീവിതകഥയാണ് പൂജയുടേത്. സ്വന്തം വീട്ടില്‍ നിന്നും ഒരു വിളിപ്പാടകലെ ഉണ്ടായിട്ടും കുടുംബക്കാരെ കാണാനോ സംസാരിക്കാനോ കഴിയാതെ നാളുകളാണ് കടന്നുപോയത്. ഇപ്പോള്‍ ഒടുവില്‍ വീട്ടിലേക്ക് തിരിച്ചെത്തിയ പൂജ കൈവിട്ടുപോയ വര്‍ഷങ്ങളും ജീവിതവും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

Content Highlight: 9 Year old missing case of Pooja in Mumbai

മായാ ഗിരീഷ്
മൾട്ടിമീഡിയ ജേർണലിസ്റ്റ് ട്രെയ്‌നി ബി.എ ഇംഗ്ലീഷ് ലിറ്ററേചറിൽ ബിരുദവും ജേണലിസത്തിൽ പി.ജി ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.